goodnews head

റസാഖ് മുഹമ്മദിന് പുതുജീവന്‍ പകരാന്‍ വൈദികന്‍ വൃക്ക നല്‍കും

Posted on: 07 May 2013

സി.വി.പ്രതാപന്‍



മുണ്ടക്കയം: 15 വര്‍ഷം മുമ്പ് ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ ഹൃദയസ്പര്‍ശിയായ ഒരു നാടകമെഴുതി, പേര് 'ഹൃദയംകൊണ്ടൊരു കവിത'. 15 വര്‍ഷത്തിനിപ്പുറം ഈ വൈദികന്‍ ഹൃദയംകൊണ്ടെഴുതുന്നത് കനിവ് നിറഞ്ഞൊരു കവിതയാണ്, ആ കവിതയുടെ നന്മ, റസാഖ് എന്ന ചെറുപ്പക്കാരന് പുതുജീവന്‍ പകരും.

ഇരുവൃക്കയും തകരാറിലായ ഹരിപ്പാട് പുത്തന്‍പുരയ്ക്കല്‍ റസാഖ് മുഹമ്മദിന് തന്റെ വൃക്ക നല്‍കിയാണ് ദൈവത്തിന്റെ ഈ പ്രതിപുരുഷന്‍ സ്‌നേഹത്തിന് പുതിയ മാനം സൃഷ്ടിക്കുന്നത്.

കാഞ്ഞിരപ്പള്ളി രൂപതയിലെ അമല കമ്യൂണിക്കേഷന്റെ ഡയറക്ടറായിരുന്ന ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ ഇപ്പോള്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ്. പ്രാര്‍ഥനയുമായി കഴിയുന്ന വേളയില്‍ വളരെ യാദൃച്ഛികമായാണ് റസാഖ് മുഹമ്മദിനെ കണ്ടത്. സൗദിയില്‍ ജോലിക്കാരനായിരുന്നു റസാഖ് മുഹമ്മദ്.

കണ്ണിന്റെ കാഴ്ചക്കുറവിന് ചികിത്സ തേടിയപ്പോഴാണ് വൃക്കകള്‍ തകരാറിലാണെന്ന് അറിഞ്ഞത്. തുടര്‍ചികിത്സയ്ക്കായി റസാഖ് നാട്ടിലേക്ക് പോന്നു.

ആറുപേര്‍ വൃക്കദാനത്തിനായി തയ്യാറായി. നാലുപേരുടെ വൃക്ക ചേരാത്തത് പ്രശ്‌നമായി. വൃക്കകള്‍ ചേരുമായിരുന്ന രണ്ടുപേരാകട്ടെ അവസാന നിമിഷം പിന്മാറി. ഡയാലിസിസ് ചെയ്ത് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു കഴിയുന്ന സമയത്താണ് ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ ദൈവദൂതനായി എത്തിയത്.

കഴിഞ്ഞ ഫിബ്രവരി 25ന് ചാലക്കുടിയില്‍നിന്ന് എറണാകുളത്തിന് ബസ്‌യാത്ര ചെയ്യുമ്പോഴാണ് വൈദികനെ റസാഖ് പരിചയപ്പെട്ടത്. റസാഖിന്റെ സങ്കടകഥ കേട്ട ഫാ. സെബാസ്റ്റ്യന്‍ തന്റെ വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫാ. സെബാസ്റ്റ്യന്റെ വൃക്ക റസാഖിന് അനുയോജ്യമാണെന്ന് കണ്ടെത്തി. ജൂണ്‍ ഒന്നിന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ഓപ്പറേഷന്‍ നടക്കും.

ഇളംകാട് ടോപ്പ് സ്വദേശിയായ ഫാ. സെബാസ്റ്റ്യനെ കണ്ട് നന്ദിപറയാനായി റസാഖും കുടുംബവും തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

 

 




MathrubhumiMatrimonial