
കല്ലേക്കുളങ്ങരക്കാരുടെ അഭിമാനമായി രാജശേഖരന്‍
Posted on: 27 Mar 2009
വി. ഹരിഗോവിന്ദന്‍

കല്പാത്തി രഥോത്സവനാളുകളിലെ താരമാണ് രാജശേഖരന്‍. കൊടുവായൂര്‍, പെരുങ്കുളം, തിരുപ്പൂര്‍, ഉദുമല്‍പേട്ട, പേരൂര്‍ തുടങ്ങിയ രഥോത്സവങ്ങള്‍ക്ക് ഉത്സവമൂര്‍ത്തികളെ വഹിക്കുന്ന തേര് തള്ളിനീക്കാന്‍ രാജശേഖരന് പ്രത്യേക പ്രാവീണ്യമുണ്ട്. ക്ഷമാശീലനുമാണ് രാജശേഖരന്‍.
കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതിദേവസ്വത്തിന്റെ കൈവശമുണ്ടായിരുന്ന മലമ്പുഴ അകമലവാരം ഒന്നാംപുഴ കാട്ടില്‍നിന്ന് ഏതാണ്ട് നാല്പതുവര്‍ഷംമുമ്പ് വാരിക്കുഴിയില്‍വീണ നാടന്‍ ആനകളില്‍ ആദ്യത്തേതാണ് രാജശേഖരന്‍.
പഴനി എന്ന വാരിക്കുഴി കാവല്‍ക്കാരന്‍ ക്ഷേത്രത്തില്‍വന്ന് വിവരമറിയിച്ചതനുസരിച്ച് ടി.പി. കേശവമേനോന്റെ നേതൃത്വത്തിലുള്ള കല്ലേക്കുളങ്ങര, അകത്തേത്തറ നിവാസികളും ദേവസ്വം പ്രവര്‍ത്തകരുംചേര്‍ന്ന് വാരിക്കുഴിയില്‍നിന്ന് കയറ്റിക്കൊണ്ടുവരികയായിരുന്നു. അന്ന് ഏതാണ്ട് മൂന്നു വയസ്സുള്ള കുട്ടിക്കുറുമ്പന്‍ ദേശത്തിന്റെ ഓമനയായത് പെട്ടെന്നാണ്. ആണ്ടിമഠം നാരായണന്‍നായരായിരുന്നു ആദ്യപാപ്പാന്‍.
കടുക്കാംകുന്നത്തെ വേലു ആയിരുന്നു കൂടുതല്‍കാലം രാജശേഖരന്റെ പാപ്പാനായത്. തുടര്‍ന്ന് അയ്യപ്പന്‍, ദേവന്‍ എന്നിവരും പാപ്പാന്മാരായി. ധോണിയിലെ മണിയാണ് ഇപ്പോഴത്തെ പാപ്പാന്‍. സുമേഷ് രണ്ടാംപാപ്പാനും. ഒമ്പതേമുക്കാലടി ഉയരമുണ്ട് ആനയ്ക്ക്.
ഉറച്ച ശരീരം, ആകര്‍ഷകമായ കൊമ്പുകള്‍, നിലംമുട്ടുന്ന തുമ്പി തുടങ്ങിയവയാണ് രാജശേഖരന്റെ പ്രത്യേകതകള്‍.
Tags: Elephant, Kerala Festivals, Anachantham, Kallekulangara Rajasekharan
