
ഉദിച്ചുയര്‍ന്ന് പൂരം; മഴവില്ലായ് കുടമാറ്റം
Posted on: 22 Apr 2013
പി. പ്രജിത്ത്

തൃശ്ശൂര്‍: സൂര്യോദയം പോലെയായിരുന്നു തുടക്കം. ദേശദൈവങ്ങളുടെ വരവ് നപ്രഭാതമായി. മഠത്തിലെ വാദ്യപ്പൂരത്തില്‍ ആവേശച്ചൂടേറി. ഇലഞ്ഞിച്ചോട്ടില്‍ ഉത്സാഹത്തിന്റെ ഉച്ചസ്ഥായി. സാന്ധ്യശോഭയിലെ കുടമാറ്റം മഴവില്‍വര്‍ണ്ണങ്ങള്‍ പകുത്തു. കൂട്ടപ്പൊരിച്ചിലിന്റെ ആരവത്തില്‍ പൂരത്തിന് സമാപ്തി.
വാദ്യവും വര്‍ണ്ണവും പാണ്ടിയും പഞ്ചവാദ്യവും കരിയും കരിമരുന്നും ചേര്‍ന്നപ്പോള്‍ പൂരം മനംകവര്‍ന്നു. ആര്‍പ്പുവിളിയുമായെത്തിയ ഘടകപൂരങ്ങളുടെ വരവോടെ വടക്കുംനാഥസന്നിധി ഉണര്‍ന്നു. പ്രൗഢഗംഭീരമായിരുന്നു തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്. മഠത്തില്‍വരവിന് താരപ്പൊലിമ പകര്‍ന്നത് തിടമ്പേറ്റിയ തിരുവമ്പാടി ശിവസുന്ദറായിരുന്നു. അന്നമനട പരമേശ്വരമാരാരുടെ പഞ്ചവാദ്യലഹരിയില്‍ മഠത്തില്‍വരവ് മതിവരാക്കാഴ്ചയായി.

ഉച്ചവെയിലിന്റെ തീച്ചൂടില്‍ ഭക്തിയും ആവേശവും സമ്മേളിച്ചാണ് പാറമേക്കാവിലമ്മ പുറത്തുവന്നത്. പാണികൊട്ടി ആവാഹിച്ച ഭഗവതിയുടെ ജീവചേതസ്സുമായി പാറമേക്കാവ് പദ്മനാഭന്‍ ക്ഷേത്രഗോപുരം കടന്നപ്പോള്‍ തട്ടകം പ്രാര്‍ത്ഥനാനിര്‍ഭരമായി. പതിനാല് ഗജവീരന്മാരുടെ അകമ്പടിയിലായിരുന്നു എഴുന്നള്ളിപ്പ്. ചെമ്പട കൊട്ടിയ പെരുവനം കുട്ടന്‍ മാരാരെയല്ല ഇലഞ്ഞിത്തറയില്‍ കണ്ടത്. പാണ്ടിയുടെ പടയോട്ടത്തില്‍ പെരുവനത്തിന്റെ പെരുമയേറി.

സന്ധ്യയെ പട്ടുടുപ്പിച്ചായിരുന്നു കുടമാറ്റം. തിടമ്പേറ്റിയ പാറമേക്കാവ് പദ്മനാഭനാണ് ആദ്യം തെക്കോട്ടിറങ്ങിയത്. ആരവങ്ങളില്‍ ആള്‍ക്കടല്‍ ഇരമ്പി. തിരുവമ്പാടിയുടെ ആന പേരൂര്‍ക്കട ഗുരുജി പദ്മനാഭന്‍ ഇളകിയത് കുടമാറ്റത്തിനുമുമ്പ് ആശങ്കയുയര്‍ത്തി. ഇതിനെ ഒഴിച്ചുനിര്‍ത്തിയാണ് തിരുവമ്പാടി വിഭാഗം കുടമാറ്റം തുടങ്ങിയത്. എല്‍.ഇ.ഡി. കുടകളും ഊഞ്ഞാല്‍ കൃഷ്ണനും ചോറ്റാനിക്കര ഭഗവതിയും കുടകളില്‍ വിസ്മയം വിരിച്ചു.
തനിയാവര്‍ത്തനമായിരുന്നു രാത്രിപ്പൂരം. പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിനായി നാടുറങ്ങാതിരുന്നു. തിങ്കളാഴ്ച 12.30ന് വടക്കുംനാഥനെ സാക്ഷിനിര്‍ത്തി ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയും.
