കുടമാറ്റത്തിനുമുമ്പ് ആന അനുസരണക്കേട് കാട്ടി

Posted on: 22 Apr 2013


തൃശ്ശൂര്‍: കുടമാറ്റത്തിനുമുമ്പ് തെക്കേനടയില്‍ ആന അനുസരണക്കേട് കാട്ടിയത് തിരുവമ്പാടി വിഭാഗത്തില്‍ പരിഭ്രാന്തി പടര്‍ത്തി. സമ്മര്‍ദ്ദത്തിലായ പാപ്പാന് അപസ്മാരം വന്നതോടെ പോലീസ് ഇടപെട്ട് ആനയെ മാറ്റിനിര്‍ത്തി. 14 ആനകളുമായാണ് തിരുവമ്പാടി വിഭാഗം കുടമാറ്റം തുടങ്ങിയത്.

പേരൂര്‍ക്കട ഗുരുജി ശ്രീപത്മനാഭന്‍ ആനയാണ് തെക്കോട്ടിറക്കത്തിന്റെ അവസാന നിമിഷത്തില്‍ ഇളകിയത്. ഒന്നാംപാപ്പാന്‍ ചികിത്സ തേടിപ്പോയതോടെ ആനയുടെ ഇറക്കം ബുദ്ധിമുട്ടിലാക്കി. ഒന്നാം പാപ്പാന്റെ കുറവിലും ആനയെ എഴുന്നള്ളിക്കാമെന്ന അഭിപ്രായം വന്നെങ്കിലും വനംവകുപ്പും പോലീസും അതിനനുമതി നല്‍കിയില്ല.

മാറ്റിനിര്‍ത്താന്‍ ശ്രമിക്കവെ ശ്രീപത്മനാഭന്‍ കൂടുതല്‍ അനുസരണക്കേട് തുടങ്ങി. ആനപ്പിണ്ടം കഴിക്കാന്‍ തുടങ്ങിയ പത്മനാഭനെ രണ്ടും മൂന്നും പാപ്പാന്മാര്‍ ചേര്‍ന്ന് ചങ്ങലയില്‍ ബന്ധിച്ചു. തെക്കോട്ടിറക്കത്തിനു മുമ്പുണ്ടായ ചെറിയ അസ്വസ്ഥതയാകണം ചൊടിപ്പിനു കാരണമെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

ഐജി എസ്. ഗോപിനാഥ് സ്ഥലത്തെത്തി ആനയെ ആളുകളില്‍നിന്ന് അകറ്റി തളയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരാനയുടെ കുറവിലാണ് തിരുവമ്പാടി വിഭാഗം കുടമാറ്റം തുടങ്ങിയത്. പന്ത്രണ്ടോളം സെറ്റ് കുടകള്‍ മാറിയശേഷം മംഗലാംകുന്ന് ഗണേശന്‍ എത്തി കുറവ് നികത്തി.

തെക്കോട്ടിറക്കത്തിനുമുമ്പ് ആന ഇളകിയതിന്റെ സമ്മര്‍ദ്ദമാകാം പാപ്പാനെ തളര്‍ത്തിയതെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രൊഫ.എം. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തിര ഇടപെടലിലാണ് പകരം ആനയെ കുടമാറ്റത്തിനെത്തിച്ചത്.





MathrubhumiMatrimonial