ഉച്ചവെയിലിനെ നറുനിലാവാക്കി പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്

Posted on: 22 Apr 2013


തൃശ്ശൂര്‍:നട്ടുച്ചയുടെ തീച്ചൂടില്‍ ഭക്തരുടെ മനസ്സില്‍ കുളിര്‍മഴയായാണ് പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നള്ളിയത്. ചെമ്പടയുടെ താളപ്പൊലിമയില്‍ കുടമാറ്റത്തിന്റെ വര്‍ണ്ണമേളം. ഗോപുരനടയില്‍ നിരന്ന പതിനാല് ആനകളുടെ നടുവിലേക്ക് ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ് പദ്മനാഭന്‍ കടന്നുവരുമ്പോള്‍ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. പച്ചപ്പട്ടുകുടയ്ക്കു കീഴെ സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയുടെ തിടമ്പിന്മേല്‍ സൂര്യരശ്മികളൊരുക്കിയ സുവര്‍ണ്ണവിസ്മയം. ഗജവീരന്മാരുടെ നെറ്റിപ്പട്ടത്തിലെ ഒരോ സ്വര്‍ണ്ണക്കുമിളകളിലും വെയില്‍ നൃത്തം വച്ചപ്പോള്‍ ആയിരം പൊന്‍വിളക്ക് ഒന്നിച്ചു തെളിഞ്ഞ പ്രതീതി.

കതിനകളുടെ പ്രകമ്പനത്തിനിടെ പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണിത്വത്തില്‍ ചെമ്പടമേളം ഉയര്‍ന്നു. ഏറെനേരമായി കാത്തുനിന്ന ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ കുടമാറ്റത്തിന്റെ ചെറുപതിപ്പ് പാറമേക്കാവിന്റെ മുറ്റത്ത് തുടങ്ങി. ആദ്യം ചുവപ്പ്, പിന്നെ പച്ച, മഞ്ഞ, നീല... മുപ്പത്തിരണ്ട് സെറ്റ് കുടകള്‍ ഉയര്‍ന്നു താഴ്ന്നു. ഇത്തവണത്തെ പാറമേക്കാവിന്റെ സവിശേഷതയായ ഫര്‍ കുടകളും ചോറ്റാനിക്കര ഭഗവതിയുടെ രൂപമുള്ള കുടയും ആര്‍പ്പുവിളികള്‍ക്കിടയില്‍ മിന്നിമാഞ്ഞു. കഥകളിമുഖവും ഓം അടയാളവും തൃശ്ശൂലവും ആകര്‍ഷകമായി തെളിഞ്ഞു. ചിത്രത്തുന്നലുകളുള്ള ഡിസൈനര്‍ കുടകളും മഞ്ഞയും പച്ചയും കലര്‍ന്ന പൂക്കുടകളും കുട്ടികളൊരുക്കിയ ബഹുവര്‍ണ്ണക്കുടയും ജനങ്ങളെ ആവേശത്തിലാക്കി.

ചെമ്പട അവസാനിക്കുമ്പോള്‍ സമയം ഒന്നരയോടടുത്തിരുന്നു. പിന്നെ പതികാലത്തില്‍ പാണ്ടിയുടെ തുടക്കം. ഉച്ചവെയിലിലും നറുനിലാവിലെന്ന പോലെ കാണികള്‍ ആവേശക്കൊടുമുടിയേറി. ഒടുവില്‍ പാറമേക്കാവ് ഭഗവതിക്കൊപ്പം സ്വരാജ് റൗണ്ട് മുറിച്ചുകടന്ന് തേക്കിന്‍കാട്ടിലേക്ക് ജനക്കൂട്ടവും ഒഴുകി.





MathrubhumiMatrimonial