മഠത്തില്‍വരവില്‍ പഞ്ചവാദ്യനിലാവ്

Posted on: 22 Apr 2013


തൃശ്ശൂര്‍: മഠത്തില്‍വരവ് പഞ്ചവാദ്യം പൂനിലാവുപോലെ ഒഴുകി. പുറംചൂട് മറന്ന് പഞ്ചവാദ്യത്തിന്റെ ഉള്‍പ്പുളകങ്ങളിലേക്ക് ആസ്വാദകര്‍ കയ്യും മെയ്യും ഉപയോഗിച്ച് ആഴ്ന്നിറങ്ങി. കൂട്ടിക്കൊട്ടലുകളുടെ എണ്ണം പതിനെട്ടാക്കി കൂട്ടി പ്രമാണി അന്നമനട പരമേശ്വരമാരാര്‍ പഞ്ചവാദ്യപ്രേമികളെ ആഹ്ലാദത്തില്‍ ആറാടിച്ചു.

മഠത്തിനുള്ളില്‍വെച്ച് അന്നമനട തിമിലയില്‍ വിരല്‍വെച്ച് കാലം നിരത്തിയതോടെയാണ് മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് തുടക്കമായത്. വാദ്യം മഠത്തിനു പുറത്തെത്തിയപ്പോള്‍ ഉച്ചച്ചൂടിനെ വകവെയ്ക്കാതെ കാത്തുനില്‍ക്കുന്ന ജനസാഗരം മുന്നില്‍. ജനങ്ങളില്‍നിന്ന് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. പഞ്ചവാദ്യത്തിന്റെ പതികാലം മഠത്തിനു മുന്നില്‍ അവസാനിച്ച് മൂന്നാംകാലവും പിന്നിട്ട് നടുവിലാലില്‍ എത്തിയപ്പോഴാണ് അന്നമനട പതിനെട്ട് കൂട്ടിക്കൊട്ടലുകളുടെ വിസ്മയം തീര്‍ത്തത്. സാധാരണ 12 കൂട്ടിക്കൊട്ടലുകളാണ് പഞ്ചവാദ്യത്തില്‍ പതിവ്. കഴിഞ്ഞതവണ ഇതു 16 എണ്ണമാക്കി അന്നമനട ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇത് വീണ്ടും കൂട്ടി 18 എണ്ണമാക്കി.

പതിഞ്ഞ താളത്തില്‍ തുടങ്ങി ആവേശമായി പതഞ്ഞുയര്‍ന്ന പഞ്ചവാദ്യം മഠത്തിനു മുന്നില്‍ ആവേശക്കടല്‍ തീര്‍ത്തു. നിരവധി വിരല്‍ത്തുമ്പുകള്‍ വാനിലുയര്‍ന്നു. ആനപ്പുറങ്ങളിലെ വെഞ്ചാമരങ്ങളും ആലവട്ടങ്ങളും നൃത്തംവെച്ചു. ആരവങ്ങള്‍ വിടര്‍ന്നു. 11.25നാണ് കാലം നിരത്തി അന്നമനട വാദ്യത്തിന് തുടക്കമിട്ടത്. 11.35നാണിത് മഠത്തിനു മുന്നിലെത്തിയത്. 12.40ന് പതികാലം കൊട്ടിത്തീര്‍ന്ന ശേഷമാണ് വാദ്യം മഠത്തിനു മുന്നില്‍നിന്ന് നീങ്ങിത്തുടങ്ങിയത്. തുടര്‍ന്ന് നടുവിലാലില്‍ കയറി. അവിടെ വെച്ചായിരുന്നു കൂട്ടിക്കൊട്ട്.

കേളത്ത് കുട്ടപ്പമാരാര്‍, കല്ലേക്കുളങ്ങര കൃഷ്ണവാര്യര്‍, മഠത്തിലാത്ത് ഉണ്ണിനായര്‍, മച്ചാട് സഹോദരങ്ങള്‍, തിച്ചൂര്‍ മോഹനന്‍, ചേലക്കര സൂര്യന്‍ തുടങ്ങിയവരായിരുന്നു സംഘത്തിലെ പ്രധാനികള്‍.





MathrubhumiMatrimonial