ഇലഞ്ഞിച്ചുവട്ടില്‍ പാണ്ടിപ്പെരുമഴ

Posted on: 22 Apr 2013

കെ.കെ. ശ്രീരാജ്‌



തൃശ്ശൂര്‍:വടക്കുംനാഥസന്നിധിയിലെ ഇലഞ്ഞിത്തറച്ചുവട്ടില്‍ പാണ്ടിമേളം പെരുമഴ പെയ്യിച്ചു. ഉച്ചച്ചൂടിന്റെ തീക്ഷ്ണത മേളത്തിന്റെ പെരുമഴയില്‍ ഇല്ലാതായി. കൈവിരല്‍ത്തുമ്പില്‍ താളങ്ങള്‍ക്കോര്‍ത്തും ശരീരമിളക്കിയും ആസ്വാദകര്‍ മേളത്തോടൊപ്പം ചേര്‍ന്നു.

പാണ്ടിയുടെ ചടുലഭാഗത്തിന്റെ തുടക്കമായ തുറന്നുപിടിക്കല്‍ നേരത്തെയാക്കി മേളമഴയ്ക്ക് ദൈര്‍ഘ്യം കൂട്ടുകയെന്നതായിരുന്നു പെരുവനം കുട്ടന്‍മാരാര്‍ ഇത്തവണ പയറ്റിയ തന്ത്രം. ആസ്വാദനത്തിന്റെ പാരമ്യതയില്‍ എത്തിച്ച മേളമായിമാറി ഇത്തവണത്തേത്. രണ്ടരയോടെ ആരംഭിച്ച പാണ്ടിമേളത്തില്‍ 2.37നുതന്നെ പതികാലം അവസാനിപ്പിച്ച് തുറന്നുപിടിക്കല്‍ തുടങ്ങുകയായിരുന്നു. സാധാരണ മൂന്ന് മണിയോടെയാണ് തുറന്നുപിടിക്കല്‍ ആരംഭിക്കാറ്. ഇത്തരത്തില്‍ മേളം കൂടുതല്‍ സമയം നീട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ആസ്വാദകര്‍.

പാറമേക്കാവിലമ്മ ഇലഞ്ഞിച്ചോട്ടിലേക്ക് എഴുന്നള്ളിയെത്തിയ സമയംതന്നെ ഇലഞ്ഞിച്ചുവട്ടിലെ പാണ്ടിമഴയ്ക്ക് തുടക്കമായി. തുടങ്ങി അധികം താമസിയാതെ മേളം ദ്രുതതാളത്തിലേക്കു പോയതോടെ കാത്തിരുന്നവര്‍ ആവേശത്തിലായി. പിന്നീടങ്ങോട്ട് മേളം തീരുന്നതുവരെ ആര്‍പ്പുവിളിച്ചും താളമിട്ടും പൂരപ്രേമികള്‍ ഒപ്പംകൂടി. ഇങ്ങനെ പരീക്ഷണങ്ങളെല്ലാം നടത്തിയെങ്കിലും മേളം സമയത്തിന് സൗന്ദര്യം ചോരാതെ തീര്‍ക്കാനായതായി കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാടിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടു.

250ല്‍ അധികം കലാകാരന്മാരാണ് മേളവിസ്മയം തീര്‍ത്തത്. കേളത്ത് അരവിന്ദാക്ഷമാരാരും പെരുവനം സതീശനും ഇടത്തും വലത്തും നിന്നു. പരിയാരത്ത് നാരായണമാരാര്‍ വലന്തലപ്രമാണിയായി. കിഴൂട്ട് നന്ദന്‍ കുറുംകുഴലിലും മണിയന്‍പറമ്പില്‍ മണിനായര്‍ ഇലത്താളത്തിലും മച്ചാട് രാമകൃഷ്ണന്‍ കൊമ്പിലും പ്രമാണിമാരായി.





MathrubhumiMatrimonial