പൂരവീഥി തുറന്ന് നെയ്തലക്കാവിലമ്മ

Posted on: 21 Apr 2013



തൃശ്ശൂര്‍:തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനും, പിന്നെ പൂരത്തിന്റെ എണ്ണം പറഞ്ഞ പല ആഘോഷങ്ങള്‍ക്കുമെല്ലാം വഴിതുറന്ന് നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുരനട തുറന്നു. കുത്തുവിളക്കിന്റെ പിന്നില്‍ കൊട്ടിക്കയറിയ മേളത്തിനു മുന്നിലായി കാളകുത്ത് കണ്ണന്റെ പുറത്തേറിയാണ് നെയ്തലക്കാവിലമ്മ തെക്കേനടയിലെത്തിയത്. ദേവിക്കുവേണ്ടി കണ്ണന്‍ ഗോപുരവാതില്‍ തള്ളിത്തുറക്കുകയും ചെയ്തു.

രാവിലെ എട്ടരയോടെയാണ് നെയ്തലക്കാവിലമ്മ പൂരത്തിനു നാന്ദികുറിക്കാന്‍ പുറപ്പെട്ടത്. തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലൂടെ വടക്കുംനാഥ ശ്രീമൂലസ്ഥാനത്തെത്തിയ ദേവി വടക്കുംനാഥനെ വലംവെച്ചു. കലാമണ്ഡലം ശിവാനന്ദന്റെ നേതൃത്വത്തിലുള്ള പാണ്ടിയാണ് ഭഗവതിക്ക് അകമ്പടി സേവിച്ചത്. തെക്കേഗോപുരം തുറക്കുന്നതിനുമുമ്പ് കൊമ്പുപറ്റും കുഴല്‍പ്പറ്റും ഭഗവതി കയ്യേറ്റു. ഗോപുരനട തുറന്നശേഷം വീണ്ടും ശ്രീമൂലസ്ഥാനത്തെത്തി വടക്കുംനാഥനെ വണങ്ങിയശേഷമാണ് ഭഗവതി തിരിച്ചുപോയത്.

വര്‍ഷം മുഴുവന്‍ അടച്ചിടുന്ന തെക്കേഗോപുരനട തുറക്കുന്നത് പൂരത്തിനുവേണ്ടി മാത്രമാണ്. പ്രധാന ആകര്‍ഷണമായ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കുന്നത് തെക്കേഗോപുരനടയിലാണ്. പൂരം കൂടാനെത്തുന്ന ദേവഗണങ്ങള്‍ തെക്കേഗോപുരനടയിലാണ് ഉണ്ടാകുകയെന്നും വിശ്വാസമുണ്ട്.





MathrubhumiMatrimonial