ആനകള്‍ അണിനിരന്നു; ചമയക്കാഴ്ചകള്‍ പാതിരാവുവരെ

Posted on: 21 Apr 2013



തൃശ്ശൂര്‍: ഉച്ചവെയിലിന്റെ ചൂടാറിയപ്പോഴേയ്ക്കും തേക്കിന്‍കാട്ടില്‍ ആനകളെത്തിത്തുടങ്ങി. കുളിച്ച് കുറിതൊട്ട കൊമ്പന്മാരെ കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തിരുവമ്പാടിയുടെ ഗജവീരന്മാരാണ് സി.എം.എസ്. സ്‌കൂളിനു മുന്നിലെ തേക്കിന്‍കാട് ഭാഗത്ത് അണിനിരന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ ആനകള്‍ ക്ഷേത്രഗോപുരത്തിനു മുമ്പിലും ദേവസ്വംപറമ്പിലും അണിനിരന്നു.

ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഒന്‍പതുവരെ തുടര്‍ന്നു. പരിശോധനയ്ക്കുശേഷം പ്ലാത്തോട്ടം ബാബു കാണിച്ച കുറുമ്പ് കാഴ്ചക്കാരെ തെല്ല് പേടിപ്പിച്ചു. തേക്കിന്‍കാട്ടിലൂടെ ഓടാന്‍ ശ്രമിച്ച ആനയെ ഉടന്‍തന്നെ പിടിച്ചുകെട്ടി.

പാറമേക്കാവിന്റെ പ്രധാന ആനകളായ പാറമേക്കാവ് പത്മനാഭന്‍, ദേവീദാസന്‍, നാരായണന്‍, രാജേന്ദ്രന്‍, കാശിനാഥന്‍ എന്നീ ആനകളാണ് ക്ഷേത്രഗോപുരത്തിനു മുന്നില്‍ അണിനിരന്നത്.

ഇരു വിഭാഗത്തിന്റെയും ചമയപ്രദര്‍ശനം കാണാന്‍ രാത്രിയിലും കനത്ത തിരക്കായിരുന്നു. സ്വരാജ് റൗണ്ട് വാഹനങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടി. നഗരം പോലീസിന്റെ കനത്ത നിരീക്ഷണത്തിലായിരുന്നു. പേരാമംഗലം സി.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള മഫ്ടി സംഘം 40-ഓളം പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ഗതാഗതക്രമീകരണം പുലര്‍ച്ചെയോടെ തുടങ്ങും.





MathrubhumiMatrimonial