
പതിവു തെറ്റിക്കാതെ സ്‌നേഹസന്ദര്‍ശനം
Posted on: 20 Apr 2013

പൂരത്തിന് ആശംസയും സ്‌നേഹവും നല്‍കാന്‍ അതിരൂപതാ സംഘം ഇത്തവണയും പതിവുപോലെ ദേവസ്വം ഓഫീസുകളിലെത്തി. രാവിലെ 9.45ന് പാറമേക്കാവ് ദേവസ്വം ഓഫീസിലാണ് സംഘം ആദ്യമെത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെയും വികാരി ജനറല്‍ മോണ്‍. ഡോ.ഫ്രാന്‍സിസ് ആലപ്പാട്ടിനെയും ദേവസ്വം ഭാരവാഹികള്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.
സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമായ പൂരം സുരക്ഷിതമായ പൂരം കൂടിയാകട്ടെ എന്ന് ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു. പ്രസിഡന്റ് കെ.കെ. മേനോനും സെക്രട്ടറി രാമചന്ദ്രപ്പിഷാരടിയും സംഘത്തെ സ്‌നേഹത്തോടെ യാത്രയാക്കി. പത്തു മണിയോടെ തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയ ഇവരെ തെക്കോട്ടിറക്കത്തിന്റെ ഛായാചിത്രം നല്‍കിയാണ് പ്രസിഡന്റ് പ്രൊഫ.എം. മാധവന്‍കുട്ടിയും സെക്രട്ടറി സി.വിജയനും സ്വീകരിച്ചത്. അവിടെയും ആശംസകളും പ്രാര്‍ത്ഥനയും അറിയിച്ച് അല്‍പ്പനേരം ചെലവിട്ടാണ് അതിരൂപതാംഗങ്ങള്‍ മടങ്ങിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അതിരൂപതയുടെ ജൂബിലി മിഷന്‍ ആസ്പത്രിയില്‍ സൗജന്യ ചികിത്സ നല്‍കിയിരുന്നു. പന്ത്രണ്ട് പേരെ ഒന്നര മാസത്തോളം ചികിത്സിച്ച അതിരൂപതാംഗങ്ങള്‍ക്ക് പാറമേക്കാവ് ദേവസ്വം പട്ടുകുട സമ്മാനമായി നല്‍കി. ഈ സ്‌നേഹസ്മരണ നിലനിര്‍ത്താനാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയും മോണ്‍.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടും പൂരത്തിനു മുമ്പ് സൗഹൃദസന്ദര്‍ശനം എന്ന പതിവ് തുടങ്ങിയത്.
