ചന്തംവിരിച്ച് ചാമരം; ഒരുക്കാന്‍ ചില്ലറയല്ല പണി

Posted on: 18 Apr 2013


തൃശ്ശൂര്‍:അപ്പൂപ്പന്‍താടി പോലെ വെളുവെളുത്ത, പതുപതുത്ത ചാമരങ്ങള്‍ വീശുന്നതു കാണാന്‍ തന്നെ എന്തു ചന്തം! തൊട്ടുനോക്കാന്‍ മോഹം തോന്നിപ്പിക്കുന്ന ചാമരങ്ങള്‍ പൂരത്തില്‍ പ്രൗഢിയുടെ ചിഹ്നമാണ്. തൃശ്ശൂര്‍ പൂരത്തിലെ ചാമരങ്ങള്‍ക്ക് മറ്റു പൂരങ്ങളില്‍ വീശുന്ന ചാമരങ്ങളേക്കാള്‍ വലിപ്പവും 'കന'വും തലയെടുപ്പും അല്‍പ്പം ഏറും. ഒരു ജോഡിക്ക് ആറു കിലോഗ്രാം വരെയാണ് തൃശ്ശൂരിലെ ചാമരത്തിന്റെ കനം. ഒരു വിഭാഗത്തിനു മാത്രം പതിനഞ്ചു ജോഡി ചാമരങ്ങള്‍ വേണം. ചുരുങ്ങിയത് പത്തു ദിവസത്തെ അധ്വാനത്തിലൂടെയേ ഒരു ജോഡി ചാമരങ്ങള്‍ ഭംഗിയാക്കിയെടുക്കാന്‍ പറ്റൂ. ചാമരത്തിന്റെ സൗന്ദര്യരഹസ്യം ചുരുക്കിപ്പറഞ്ഞാലിങ്ങനെ:

നേപ്പാളില്‍ നിന്നോ തിബറ്റില്‍ നിന്നോ വരുന്ന മുന്തിയ ഇനം ചമരിമാന്റെ(ഇംഗ്ലീഷില്‍ യാക്ക് എന്നു പറയും)വാല്‍രോമങ്ങളാണ് ഭംഗിയുള്ള വെണ്‍ചാമരങ്ങളായി പൂരത്തിനെത്തുന്നത്. 5000 രൂപ മുതലാണ് ഒരു കിലോയ്ക്ക് വില. നല്ല ഗുണമേന്‍മയുള്ളതിന് 8000 വരെ വില വരും. എല്ലിന്‍കഷണത്തില്‍ പറ്റിയിരിക്കുന്ന രീതിയിലാണ് വാല്‍രോമങ്ങള്‍ എത്തുക. 6 ഇഞ്ച് മുതല്‍ 20 ഇഞ്ചു വരെ നീളത്തിലുള്ളവയാക്കി ഈ രോമങ്ങളെ വേര്‍തിരിക്കും. ഈ രോമങ്ങള്‍ നീളമുള്ള കയറില്‍ അഴിഞ്ഞുപോകാത്തവിധം മെടഞ്ഞെടുക്കണം.

ഇതിനെ ചാമരത്തിന്റെ വാല്‍ എന്നാണ് പറയാറ്. ഒരു വാല്‍ ചന്തത്തില്‍ മെടഞ്ഞെടുക്കാന്‍ 9 മണിക്കൂര്‍വേണം. ഒരു ചാമരത്തിന് 7 മീറ്റര്‍ നീളത്തില്‍ വാല്‍ വേണം. നീളത്തിലുള്ള മരത്തടിയില്‍ ഈ വാല്‍ ചുറ്റിക്കെട്ടുന്നതിനുമുണ്ട് ചില രീതിയൊക്കെ. മേലെ നിന്നു താഴേക്ക് വരുന്തോറും രോമങ്ങള്‍ക്ക് നീളം കൂടി വരുന്നതാണ് അതിന്റെ രീതി. മരത്തടിയില്‍ രോമങ്ങള്‍ ചുറ്റിക്കഴിഞ്ഞാല്‍ സ്റ്റീല്‍ പ്ലേറ്റ് ചെയ്ത പിടി അറ്റത്തു പിടിപ്പിക്കും. ചുറ്റിക്കെട്ടിയ രോമവാല്‍ ചീകി മിനുക്കലാണ് പിന്നത്തെ ജോലി. അതിനായി പ്രത്യേക തരം മരത്തിന്റെ വേരുകള്‍ ചുറ്റിക്കെട്ടിയ ചീര്‍പ്പും രോമത്തിനൊപ്പം കിട്ടും.

15 ജോഡി ചാമരങ്ങളുണ്ടാക്കാന്‍ 90 കിലോഗ്രാം രോമമാണ് വേണ്ടത്. പാറമേക്കാവിനായി പ്രൊഫ.മുരളീധരന്‍ ചാമരം നിര്‍മിച്ചുതുടങ്ങിയിട്ട് 40 വര്‍ഷമായി. തിരുവമ്പാടിക്കായി കടവത്ത് ചന്ദ്രനും സംഘവും 30 വര്‍ഷമായി രംഗത്തുണ്ട്. അച്ഛന്റെ കാലത്തു ചാമരം ചെയ്തുതുടങ്ങിയ മുരളീധരനൊപ്പം അമ്മ സുഭദ്രയും ബന്ധുക്കളുമുണ്ട്. ചന്ദ്രനൊപ്പമുള്ളത് ഭാര്യാസഹോദരന്‍ നാരായണനും ഇരുപത്തഞ്ചു വര്‍ഷമായി കൂടെയുള്ള വേണുവേട്ടനുമാണ്.



MathrubhumiMatrimonial