goodnews head

പച്ചക്കറി കൃഷിയിലൂടെ രക്ഷയുടെ പാഠം പകര്‍ന്ന് നാടിന്റെ 'രക്ഷകര്‍'

Posted on: 07 Mar 2013

പി. ലിജീഷ്‌




വടകര: മുള്ളും കാടും മാലിന്യവും നിറഞ്ഞ ചുറ്റുപാടുകളെ വടകര ഫയര്‍‌സ്റ്റേഷന്‍ മായ്ച്ചു കഴിഞ്ഞു. പകരം ചീരയുടെ ചുവപ്പും പാവലിന്റെയും പടവലത്തിന്റെയും പച്ചപ്പും ഹൃദയം കവരുന്നു. രക്ഷകരുടെ വേഷമണിയുന്ന ഈ അഗ്‌നിശമനസേനാ ജീവനക്കാര്‍ ഇവിടെ മണ്ണിന്റെയും രക്ഷകരാവുകയാണ്. വിഷമില്ലാത്ത പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് നാടിനും രക്ഷയുടെ പാഠം പകരുന്നു. പഴങ്കാവിലെ വടകര ഫയര്‍‌സ്റ്റേഷന്‍ പരിസരത്ത് ഏതാണ്ട് രണ്ടര ഏക്കറോളം സ്ഥലത്താണ് ചീരമുതല്‍ തണ്ണിമത്തന്‍വരെയുള്ള കൃഷികള്‍ പടര്‍ന്നു പന്തലിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്‍ പദ്ധതി പ്രകാരമാണ് ഇവിടെ കൃഷി ആരംഭിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ഫയര്‍‌സ്റ്റേഷനിലെ തരിശുഭൂമി പച്ചപ്പണിഞ്ഞു. വിളവെടുപ്പും തുടങ്ങി.

60 കിലോയോളം ചീര ഒരാഴ്ച മുമ്പ് വടകര നഗരസഭ കുടുംബശ്രീക്ക് നല്‍കി. കുടുംബശ്രീയെയാണ് വിപണന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വീണ്ടും ചീര നല്‍കും. വെണ്ടയുടെ വിളവെടുപ്പും തുടങ്ങി. പടവലം, പാവല്‍, പയര്‍, പീച്ചിങ്ങ, ചുരങ്ങ, വെള്ളരി, മത്തന്‍, ഇളവന്‍, തണ്ണിമത്തന്‍ എന്നിവയെല്ലാം കായ്ച്ചു തുടങ്ങി. തക്കാളി, വഴുതന എന്നിവയും മനം നിറച്ച് വളരുന്നു. അരയേക്കറോളം സ്ഥലത്ത് മരച്ചീനിക്കൃഷിയും തുടങ്ങി. നിലമൊരുക്കല്‍ മുതല്‍ നനയ്ക്കല്‍വരെ എല്ലാ കൃഷിപ്പണികളും ചെയ്യുന്നത് ഫയര്‍ഫോഴ്‌സ് ജീവനക്കാരും ട്രെയിനികളുമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലമുള്ള ഫയര്‍‌സ്റ്റേഷനാണ് വടകര ഫയര്‍ സ്റ്റേഷന്‍. മൂന്നരയേക്കര്‍ സ്ഥലം സ്വന്തമായുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും കാടുപിടിച്ചു കിടക്കുകയായിരുന്നു മാസങ്ങള്‍ക്കു മുമ്പുവരെ. അതും വലിയ മുള്‍പ്പടര്‍പ്പുകള്‍. സ്ഥലത്ത് മാലിന്യം തള്ളുന്നതും പതിവായി. സ്റ്റേഷന്‍ ഓഫീസറായി കെ. ശിവദാസന്‍ ചുമതലയേറ്റ ശേഷമാണ് ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചിന്തിച്ചത്. കൃഷിവകുപ്പുമായി ബന്ധപ്പെട്ടതോടെ വഴി തെളിഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് അങ്ങനെയാണ്. ഫയര്‍സ്റ്റഷന്റെ അയല്‍ക്കാരിയും വടകര കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുമായ പി. ഡോളിയുടെ സഹായവും ഇക്കാര്യത്തില്‍ ലഭിച്ചു. പദ്ധതിപ്രകാരം കാര്‍ഷിക ഉപകരണങ്ങളും വിത്തുമെല്ലാം വകുപ്പ് നല്‍കി. മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് നിലം ഒരുക്കി.കൃഷി തുടങ്ങിയ ശേഷവും കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെയും മറ്റും ഉപദേശങ്ങള്‍ ലഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. പി. രഞ്ജിനിയും സഹായങ്ങള്‍ നല്‍കി. കൃഷിസ്ഥലത്ത് വിളക്ക് സ്ഥാപിച്ചത് നഗരസഭയാണ്.

മൂരാട് കോട്ടക്കുന്നില്‍ നിന്നാണ് കൃഷിക്കാവശ്യമായ ചാണകവും ഗോമൂത്രവും കൊണ്ടുവരുന്നത്. ഇതു തന്നെയാണ് പ്രധാന വളം. കൂടാതെ കടലപ്പിണ്ണാക്കും ഉപയോഗിക്കുന്നു. കീടനാശിനി പ്രയോഗമേയില്ല. എന്നിട്ടും മികച്ച വിളവാണ് ലഭിക്കുന്നത്. വെള്ളത്തിന് ഇവിടെ പ്രയാസമൊന്നുമില്ല. കുഴല്‍ക്കിണറിനു പുറമെ കിണറും ടാങ്കുമുണ്ട്. കൃഷി നടത്താന്‍ ജീവനക്കാരുടെ എല്ലാ പിന്തുണയുമുണ്ടെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. ജീവനക്കാരെ എല്ലാസമയവും ഊര്‍ജം കൈവിടാതെ നിലനിര്‍ത്താന്‍ പദ്ധതികൊണ്ട് കഴിയുന്നുണ്ടെന്നതാണ് പ്രധാനനേട്ടം.വിഷം തീണ്ടാത്ത പച്ചക്കറികള്‍ ഭക്ഷണത്തിന് ഉപയോഗിക്കാനും സാധിക്കുന്നു. ഫയര്‍‌സ്റ്റേഷനിലെ മെസ്സില്‍ ഇപ്പോള്‍ ഇവിടത്തെ പച്ചക്കറികളാണ് പാകം ചെയ്യുന്നത്. നാട്ടുകാരും തോട്ടം കാണാന്‍ എത്തുന്നുണ്ട്.പച്ചക്കറി സീസണ്‍ കഴിഞ്ഞാലുടന്‍ വാഴകൃഷി തുടങ്ങാനാണ് തീരുമാനം. സ്റ്റേഷന്‍ ഓഫീസര്‍ക്ക് പുറമെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍, ജീവനക്കാരായ കെ. ടി. രാജീവ്, ഹരിഹരന്‍, എം. പ്രദീപ്, കെ. മനോജ്കുമാര്‍ എന്നിവരും കൃഷിക്ക് നേതൃത്വം നല്‍കുന്നു.

 

 




MathrubhumiMatrimonial