goodnews head

നാട്ടുകാര്‍ പ്രാര്‍ത്ഥിക്കുന്നു; റഷീദിന്റെ കിണര്‍ വറ്റരുതേ...

Posted on: 13 Mar 2009


കുടിവെള്ളമില്ലാത്ത പ്രദേശത്ത് സ്വന്തം ചെലവില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് നാടിന്റെ ദാഹമകറ്റുകയാണ് ഫറോക്ക് ചുങ്കത്തെ എട്ടിയാട്ടുകിഴക്കേതയ്യില്‍ റഷീദ്. ഫാറൂഖ് ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ ജീവനക്കാരനായ ഇദ്ദേഹം സ്ഥാപിച്ച വിതരണക്കുഴലിലൂടെയാണ് ഫറോക്ക് ചുങ്കം-കള്ളിത്തൊടി റോഡിലെ മങ്കുഴിപ്പൊറ്റയിലെ 45-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്.

ശുദ്ധജലക്ഷാമം രൂക്ഷമായ മങ്കുഴിപ്പൊറ്റയില്‍ സ്വന്തമായി വാങ്ങിയ ഭൂമിയില്‍ കുടിവെള്ളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് റഷീദ് ഈ ഉദ്യമത്തിനിറങ്ങിത്തിരിച്ചത്. തൊട്ടടുത്തുള്ള പാലഴില്‍ത്താഴത്ത് വിലകൊടുത്ത് വാങ്ങിയ അഞ്ച്‌സെന്റ് സ്ഥലത്ത് കിണര്‍ കുഴിച്ചാണ് ഇദ്ദേഹം സ്വന്തം ആവശ്യത്തിനും ഒപ്പം അയല്‍വാസികള്‍ക്കും കുടിവെള്ളം നല്‍കുന്നത്.

ഫറോക്ക് ഗ്രാമപ്പഞ്ചായത്തില്‍നിന്നും പൊതുറോഡിലൂടെ കുടിവെള്ളക്കുഴലുകള്‍ സ്ഥാപിക്കാന്‍ 5376 രൂപ അടച്ചാണ് ഇതിനുള്ള അനുമതി നേടിയത്. പാലഴില്‍ത്താഴത്ത് നിന്ന് 600 മീറ്ററോളം കുഴലുകള്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ചാണ് സ്വന്തം സ്ഥലത്തേക്കും അയല്‍വാസികള്‍ക്കും വെള്ളമെത്തിക്കുന്നത്. ഇതിനായി നാല് പൊതുടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം കിണര്‍ നിറഞ്ഞിരിക്കുന്ന കാലത്തോളം അയല്‍വാസികള്‍ക്കും കുടിവെള്ളം നല്‍കണമെന്നാണ് റഷീദിന്റെ ആഗ്രഹം.

പഞ്ചായത്തിന്റെ കുടിവെള്ളം മാത്രം ആശ്രയമായ പ്രദേശവാസികളിപ്പോള്‍ റഷീദിന്റെ കിണറിലെ വെള്ളം ഒരിക്കലും വറ്റരുതേയെന്ന പ്രാര്‍ഥനയിലാണ്. പാലഴില്‍ത്താഴത്ത് നിന്ന് മങ്കുഴിപ്പൊറ്റയിലേക്ക് കുടിവെള്ളവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നാട്ടുകാര്‍ ഉത്സവമായാണ് ഏറ്റെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ചാലെടുക്കാനും മണ്ണിട്ടുമൂടാനും മുന്‍പന്തിയില്‍ നിന്നു. ഇതിനിടെ പദ്ധതി തടയാന്‍ ഒരുവിഭാഗം ആളുകള്‍ ശ്രമിച്ചെങ്കിലും പഞ്ചായത്തും പോലീസും നാട്ടുകാരും ശക്തമായ നിലപാടെടുത്തതിനാല്‍ എതിര്‍പ്പ് ഫലിച്ചില്ല. ദൈവത്തിന്റെ അനുഗ്രഹമാണ് കുടിവെള്ളം. ഇത് ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്നതിലൂടെ നാട്ടിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്നാണ് റഷീദിന്റെ നിലപാട്.

 

 




MathrubhumiMatrimonial