AnnaChandam Head

തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായി മംഗലാംകുന്ന് കര്‍ണന്‍

Posted on: 21 Mar 2009

- വി. ഹരിഗോവിന്ദന്‍



ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണന്‍. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ 'നിലവു'കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണന്‍േറത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. വരുമ്പോള്‍ത്തന്നെ കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്‍േറതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണനായിരുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെത്തി അഞ്ചുവര്‍ഷത്തിലേറെയായി.

തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്‍ണന്‍ പിടിച്ചുനില്‍ക്കുന്നത്. കര്‍ണനില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് പാപ്പാന്‍. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്‍ണന്‍. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്.

മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്ന ആന പാപ്പാന്‍മാരുടെ കൈയില്‍നിന്ന് കഴിവതും അടിവാങ്ങിക്കാതെതന്നെ കാര്യങ്ങള്‍ കഴിക്കും. അടിയോട് കലശലായ പേടിയുമാണ്. ഇഷ്ടഭക്ഷണമായാലും കഷായമായാലും കര്‍ണന്‍ തെല്ലും വിസമ്മതമില്ലാതെ കഴിക്കുമെന്ന് മംഗലാംകുന്ന് ആനത്തറവാട്ടിലെ പുതുതലമുറക്കാരനായ പ്രവീണ്‍ പറയുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ പ്രവീണ്‍ ആനക്കമ്പംകൊണ്ടുമാത്രം മംഗലാംകുന്നിലേക്ക് തിരികെവന്നതാണ്.

നാല്പത്തിയഞ്ചുവയസ്സില്‍ താഴെമാത്രമാണ് കര്‍ണന്റെ പ്രായം. മംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്‍പ്പോലും കര്‍ണന്‍ തിരിച്ചറിയും. വീട്ടുകാരെ കണ്ടാല്‍ വല്ലതും ഭക്ഷിക്കാന്‍കിട്ടുംവരെ പ്രത്യേകശബ്ദം പുറപ്പെടുവിച്ച് അടുത്തുകൂടുമെന്നും പ്രവീണ്‍ പറയുന്നു. ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്‍ണന്‍ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു. ഒട്ടേറെ സിനിമകളിലും പരസ്യചിത്രങ്ങളിലുമൊക്കെ കര്‍ണന്‍ അഭിനയിച്ചിട്ടുമുണ്ട്. (അടുത്തലക്കം: ഉത്സവപ്പറമ്പുകളിലെ യുവരാജാവായി ഈരാറ്റുപേട്ട അയ്യപ്പന്‍).

harigovi2@gmail.com


Tags:   Elephant, Kerala Festivals, Anachantham, Mangalamkunnu Karnan



MathrubhumiMatrimonial