AnnaChandam Head

നാടിന്റെ അഭിമാനമായി കോങ്ങാട് കുട്ടിശങ്കരന്‍

Posted on: 16 Mar 2009

- വി. ഹരിഗോവിന്ദന്‍



ഭഗവതി കഴിഞ്ഞാല്‍ കോങ്ങാട്ടുകാരുടെ ഇഷ്ടമത്രയും കുട്ടിശങ്കരനോടാണ്. ചങ്ങലയുംകിലുക്കി കോങ്ങാടിന്റെ ഇടവഴികളിലൂടെ കുട്ടിശങ്കരന്‍ ആന കടന്നുവരുമ്പോള്‍ പ്രിയപ്പെട്ട ആരോ വരുംപോലെ കുട്ടികളും സ്ത്രീകളുമൊക്കെ വേലിയിറമ്പിലേക്ക് ഓടിയെത്തും. ഇതൊക്കെ ഞാന്‍ കാണുന്നുണ്ടെന്ന ഗൗരവവുമായിത്തന്നെ കുട്ടിശങ്കരന്‍ നടന്നുപോവുകയും ചെയ്യും.

കോങ്ങാടിന്റെയും പാലക്കാട്ടെ ഉത്സവപ്രേമികളുടെയും സ്വകാര്യഅഹങ്കാരമാണ് കുട്ടിശങ്കരന്‍. ഉത്സവപ്പറമ്പുകളില്‍ പേരെടുത്ത മറ്റാനകള്‍ ജില്ലയ്ക്ക് പുറത്തുനിന്നെത്തുമ്പോള്‍ തലപ്പൊക്കത്തിലും ആനച്ചന്തത്തിലും അവരോട് പൊരുതിനില്‍ക്കാനുള്ള നാട്ടുകാരുടെ ആനയാണ് കോങ്ങാട് കുട്ടിശങ്കരന്‍.

നിലമ്പൂര്‍ കാടുകളില്‍നിന്ന് നാട്ടിലെത്തിയ കുട്ടിശങ്കരനെ മൂന്നാംവയസ്സിലാണ് കോങ്ങാട് തിരുമാന്ധാംകുന്നിലമ്മയ്ക്കുമുന്നില്‍ നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കുമുന്നില്‍ നടയ്ക്കിരുത്തിയത്. മുന്‍ ഐ.ജി. വി.എന്‍. രാജന്റെ ഭാര്യാപിതാവാണ് ഇദ്ദേഹം. കോങ്ങാട് കെ.പി.ആര്‍.പി. സ്‌കൂളിന്റെ സ്ഥാപകമാനേജരുമാണ്. 301 സെന്റീമീറ്റര്‍ ഉയരമുണ്ട് ഈ നാല്പത്തിനാലുകാരന്. 426 സെ.മീ.യാണ് ശരീരനീളം. മറ്റ് നാടന്‍ ആനകളില്‍നിന്ന് കുട്ടിശങ്കരനെ വേറിട്ടുനിര്‍ത്തുന്നത് നിലത്തിഴയുന്ന തുമ്പിയും നീളംകൂടിയ വാലുമാണ്. സാധാരണനിലയില്‍ തുമ്പി രണ്ടുമടക്കായി നിലത്തിഴഞ്ഞുകിടക്കും. 191 സെ.മീ.യാണ് വാലിന്റെ നീളം. ലക്ഷണമൊത്ത 18 നഖങ്ങളും വീണെടുത്ത കൊമ്പുകളും പ്രത്യേകതയാണ്. കൊമ്പുകളുടെ ഒരല്പം നിരപ്പുവ്യത്യാസം കുട്ടിശങ്കരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനുള്ള അടയാളം തന്നെ.

ഇന്ന് ജീവിച്ചിരിക്കുന്ന നാടന്‍ ആനകളില്‍ ഏറ്റവും കൂടുതല്‍ ഉയരം കുട്ടിശങ്കരനാണെന്ന് കോങ്ങാട് തിരുമാന്ധാംകുന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. പാറശ്ശേരി കുട്ടപ്പ, മായപ്പുള്ളി ചന്ദ്രന്‍ എന്നീ പാപ്പാന്മാരുടെ ചട്ടത്തിലായിരുന്നു കുട്ടിശങ്കരന്‍ ഏറെക്കാലം. കഴിഞ്ഞ ഇരുപതുവര്‍ഷമായി പാറശ്ശേരി ചാമിയെന്ന പ്രശസ്തനായ പാപ്പാന്റെ മരുമകന്‍ മോഹനനാണ് കുട്ടിശങ്കരനെ കൊണ്ടുനടക്കുന്നത്.

harigovi2@gmail.com
Tags:   Elephant, Kerala Festivals, Anachantham, Kongad Kuttisangaran



MathrubhumiMatrimonial