
സപ്തതിയുടെ നിറവില്‍ ഗുരുവായൂരപ്പന്റെ പദ്മനാഭന്‍
Posted on: 13 Mar 2009
- വി. ഹരിഗോവിന്ദന്‍

ഇരിക്കസ്ഥാനംകൊണ്ട് നോക്കുമ്പോള്‍ നാടന്‍ ആനകളില്‍ ഏറ്റവും വലിയതാണ് ദൈവത്തിന്റെ ഈ സ്വന്തം ആന. ഉയരവും തലപ്പൊക്കവുമുള്ള ആനകള്‍ ഏറെയുണ്ടെങ്കിലും ഉത്സവപ്പറമ്പില്‍ പദ്മനാഭനെത്തിയാല്‍ തിടമ്പും ആള്‍ക്കാരുടെ സ്നേഹത്തിരക്കും പദ്മനാഭനുചുറ്റുമാവും. ഗുരുവായൂരപ്പന്റെ ഈ അനുചരനെ ഭഗവാന്റെ പ്രതിപുരുഷനായിത്തന്നെ വിശ്വാസികള്‍ നമിക്കും. എന്നാല്‍ കഴിഞ്ഞ ജനവരി മുതല്‍ പദ്മനാഭനെ പുറത്ത് എഴുന്നള്ളിപ്പുകള്‍ക്ക് അയയ്ക്കുന്നില്ലെന്ന തീരുമാനം ആരാധകരെ ഒട്ടൊന്നുമല്ല നിരാശരാക്കിയത്. വേലപ്പറമ്പില്‍ ഗുരുവായൂര്‍ പദ്മനാഭന്റെ ചിത്രത്തിനുപോലും ആവശ്യക്കാര്‍ ഏറെയാണ്.
ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങള്‍ കൃത്യമാണ്. 'ചട്ടക്കാരനില്ലെങ്കിലും ആളോള്‍ക്ക് അമ്മായ്യാണ് ആനയെന്ന്' പാപ്പാന്മാര്‍ വിശേഷിപ്പിക്കും. ആളുകളുടെ ഈ സ്നേഹവും ആദരവുമൊക്കെ ഇഷ്ടപ്പെടുന്നതാണ് പ്രകൃതം. മുന്‍ഗാമികളായ ഗുരുവായൂര്‍ കേശവന്റെയും എണ്‍പതുവര്‍ഷം മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്ന പദ്മനാഭന്റെയും പെരുമകള്‍ ഇപ്പോള്‍ ഗജരത്‌നനം പദ്മനാഭനൊപ്പമാണ്.
ഐശ്വര്യം നിറഞ്ഞ മുഖവിരിവുള്‍പ്പെടെ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പന് പാലക്കാടുമായി വളരെ അടുത്ത ബന്ധവുമുണ്ട്. നിലമ്പൂര്‍ കാടുകളില്‍ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയില്‍നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്‌സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത്. 14-ാം വയസ്സില്‍ പദ്മനാഭന്‍ ഗുരുവായൂരെത്തി. 2004 ല്‍ ദേവസ്വം 'ഗജരത്‌നനം' ബഹുമതി നല്‍കി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്നും ഉത്സവപറമ്പുകളില്‍നിന്നും ലഭിച്ച ബഹുമതികള്‍ വേറെ അസംഖ്യമുണ്ട്. തിടമ്പെടുത്തുനിന്നാല്‍ കാണാവുന്ന അന്തസ്സുതന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത്.
harigovi2@gmail.com
Tags: Elephant, Kerala Festivals, Anachantham, Guruvayur Padmanabhan
