
കാരുണ്യത്താല്‍ 10 സ്‌നേഹവീടുകള്‍
Posted on: 08 Jan 2013

പൂങ്ങോട്ട് വലിയപീടിയേക്കല്‍ ഷൗക്കത്തലി ഒരു കോടി രൂപമുടക്കിയാണ് 10 കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയത്. അന്നംതേടി നാടുവിടുമ്പോള്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് യാത്രയയപ്പ് നല്‍കിയ മണ്ണില്‍ സ്വപ്നവീട് ഒരുക്കിയാണ് ഷൗക്കത്തലി നാടിനോടുള്ള കടപ്പാട് തീര്‍ത്തത്.
1977ല്‍ ആണ് ഷൗക്കത്തലിയും ഒരു പറ്റം ചെറുപ്പക്കാരും ജോലിതേടി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടത്. ഹജ്ജിനെന്ന പേരിലാണ് യാത്ര. രണ്ട് ദിവസത്തെ തീവണ്ടിയാത്രയും എട്ട് ദിവസത്തെ കപ്പല്‍ യാത്രയും പിന്നിട്ട് അറബി നാട്ടിലെത്തുമ്പോള്‍ പട്ടിണിയുടെ വേദനയുള്ള മുഖങ്ങള്‍ മാത്രമായിരുന്നു ഉള്ളതെന്ന് ഷൗക്കത്തലി പറഞ്ഞു.
ദുരിതയാത്രകള്‍ പിന്നിട്ട് വിദേശത്ത് എത്തിയ ഷൗക്കത്തലിക്ക് അറബ്‌ന്യൂസ് ഗ്രൂപ്പുകളുടെ പ്രസാധകന്റെ സെക്രട്ടറിയായാണ് ജോലി കിട്ടിയത്. 17 വര്‍ഷത്തെ സേവനത്തിന് ശേഷം സഹോദരന്‍ മുഹമ്മദലിയുടെ ബിസിനസ് മേഖലയിലേക്ക് തിരിയുമ്പോള്‍ നേടുന്ന വരുമാനത്തിന്റെ ഏറിയപങ്കും നാടിന് സമര്‍പ്പിക്കണമെന്ന ആഗ്രഹം മാത്രമാണ് ഷൗക്കത്തലിക്ക് ഉണ്ടായിരുന്നത്. ജിദ്ദ നാഷണല്‍ ഹോസ്?പിറ്റലിന്റെ കീഴിലുള്ള അല്‍ ഇജാസ് ഹോസ്?പിറ്റലിന്റെ മാനേജരായ പ്രവാസി മലയാളിയുടെ മനസ്സില്‍ കുടുംബത്തോടൊപ്പം നാടും നാട്ടുകാരുമുണ്ട്.
രണ്ട് മുറികളും ഒരു സിറ്റൗട്ടും ഹാളും അടുക്കളയും കുളിമുറിയുമടങ്ങുന്ന 700 ചതുശ്ര അടിയുള്ളതാണ് ഫ്ലാറ്റില്‍ ഓരോ കുടുംബത്തിനുമുള്ളത്. ജാതിയും മതവും നോക്കാതെയാണ് വീടുകള്‍ വീതിച്ചത്. ടാപ്പിങ് ജോലിക്കാരന്‍, വീടുകള്‍ പെയിന്റിങ് ചെയ്യുന്നയാള്‍, ശാരീരികമായി പ്രയാസമുള്ളതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത ചെറുപ്പക്കാരന്‍, സ്വര്‍ണപ്പണി കുറഞ്ഞതിനെ തുടര്‍ന്ന് മറ്റു ജോലികളിലേക്ക് തിരിഞ്ഞയാള്‍, മീന്‍മാര്‍ക്കറ്റ് തൊഴിലാളി, കൂലിപ്പണിക്കാര്‍, ഗുഡ്‌സ് ഓട്ടോ െ്രെഡവര്‍ തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്കാണ് സ്‌നേഹത്താലൊരു സ്വപ്നവീട് തുറന്നുകൊടുത്തിട്ടുള്ളത്.
കുടുംബത്തിനുള്ളത് സമ്പാദിച്ചുകഴിഞ്ഞു. ഇനിയുള്ളത് നാട്ടുകാര്‍ക്ക് വേണ്ടിയാണെന്നാണ് 56 വയസ്സ് പിന്നിട്ട ഷൗക്കത്തലി പറയുന്നത്. 20 കുടുംബങ്ങള്‍ക്ക് കൂടി അഭയഗൃഹം ഒരുക്കുന്നതിനുള്ള പദ്ധതിയാണ് ഇനി നടപ്പിലാക്കുന്നത്. വഴിയും വെള്ളവും വെളിച്ചവും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ സ്ഥലത്ത് തന്നെ വീട് നീര്‍മിച്ചുകൊടുക്കണമെന്ന നിര്‍ബന്ധവും ഷൗക്കത്തലിക്കുണ്ട്. സ്ഥലം കിട്ടാതെ വന്നാല്‍ സ്വന്തം വീടിന് സമീപത്തുതന്നെ സ്വപ്നവീടിന്റെ പണി തുടങ്ങുമെന്ന് ഷൗക്കത്തലി പറഞ്ഞു.
ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിന്റെ ഉടമകൂടിയായ വി.പി. മുഹമ്മദലി അഞ്ച് സെന്റ് വീതം സ്ഥലത്ത് വീടുകള്‍ നിര്‍മിച്ച് ഒന്‍പത് കുടുംബങ്ങള്‍ക്ക് അഞ്ച് വര്‍ഷം മുന്‍പ് നല്‍കിയിട്ടുണ്ട്. താമസിക്കാനെത്തുന്നവര്‍ക്ക് വേദനയാകരുതെന്ന നിലയില്‍ വളരെ ലളിതമായ ചടങ്ങിലാണ് താക്കോല്‍ദാനം നടത്തുന്നത്.
