റഹ്മാന്‍ ഗുരുതുല്യന്‍ -എമില്‍ മുഹമ്മദ്‌

Posted on: 24 Feb 2009

ടി.ഷിനോദ്കുമാര്‍



ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ അറിയപ്പെടുന്ന മലയാളി സംഗീതസംവിധായകന്‍ എമില്‍ മുഹമ്മദിന്റെ മനസ്സിലും ആഹ്ലാദത്തിന്റെ അലമാലകളാണ്. ഓസ്‌കറിന്റെ നിറവില്‍ ലോക സിനിമയുടെ നെറുകയിലെത്തിയ എ.ആര്‍.റഹ്മാന്റെ അംഗീകാരങ്ങള്‍ക്കു മുന്നില്‍ തന്റെ എളിയ വിജയങ്ങള്‍ ആശംസകളായി അര്‍പ്പിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ എമില്‍. സംഗീതലോകത്ത് റഹ്മാന്‍ പകര്‍ന്നുനല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഈ വേളയില്‍ ആവേശമുണര്‍ത്തുന്ന ഓര്‍മകളായി എമിലിന്റെ മനസ്സില്‍ വന്നു നിറയുകയാണ്.

എമിലിന്റെ സംഗീതവഴിയില്‍ ഗുരുതുല്യനും വഴികാട്ടിയുമെല്ലാമാണ് എ.ആര്‍.റഹ്മാന്‍. കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിന്റെ സാങ്കേതികതയും തെറ്റുകളും കുറവുകളുമെല്ലാം മൂത്ത സഹോദരനെപ്പേലെ പറഞ്ഞുതന്നത് ഇപ്പോഴും മധുരിക്കുന്ന ഓര്‍മകളായി എമിലിന്റെ കാതില്‍ മുഴുങ്ങുകയാണ്. മൂന്നുവര്‍ഷംമുമ്പ് തമിഴ്‌നാട് സ്വദേശി ടെക്‌നിക്കല്‍ എന്‍ജിനീയര്‍ നൂര്‍മുഹമ്മദ് വഴിയാണ് റഹ്മാനെ പരിചയപ്പെടുന്നത്. ആ പരിചയം സംഗീതവഴിയില്‍ എമിലിന് കൂട്ടായി. ചെന്നൈ വടപളനിയിലെ എ.ആര്‍.റഹ്മാന്റെ സ്റ്റുഡിയോയ്ക്ക് സമീപമാണ് എമിലിന്റെ മ്യൂസിക് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്. ഈ അടുപ്പം സൗഹൃദം ദൃഢമാക്കി. എ.ആര്‍.റഹ്മാനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോഴാണ് കന്നഡ സിനിമയില്‍നിന്ന് എമിലിനെ തേടി അവസരം എത്തുന്നത്. 'നന്ദ ലൗവ്‌സ് നന്ദിത' എന്ന ആദ്യചിത്രത്തിലെ ജിംകെ മരീന....ജിംകെ മരീന എന്ന ഗാനമാണ് പിന്നീട് എമിലിനെ അംഗീകാരത്തിന്റെ നെറുകയിലെത്തിച്ചത്.
റഹ്മാന്റെ സംഗീതം ആഴത്തില്‍ നിരീക്ഷിക്കാനും പഠിക്കാനും സമയം കണ്ടെത്താറുണ്ടെന്ന് കന്നഡ, തമിഴ് സിനികളില്‍ തിരക്കേറിയ എമില്‍ പറഞ്ഞു. റഹ്മാനെ മനസ്സില്‍ അത്രയധികം ആരാധിക്കുന്നവരിലൊരാളാണ് താന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഡല്‍ഹി-6ലെ ഗാനങ്ങള്‍ പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.റഹ്മാന്റെ സഹോദരി റേഹാന എമിലിന്റെ മൂന്നു ചിത്രങ്ങള്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. എന്റെ പാട്ടുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ റഹ്മാന്‍ തുറന്നുപറയാറുണ്ടെന്ന് എമില്‍ പറഞ്ഞു.

എമിലിന്റെ വടപളനിയിലെ സ്റ്റുഡിയോയില്‍ തിങ്കളാഴ്ച രാവിലെ അവാര്‍ഡ് വാര്‍ത്ത അറിഞ്ഞതുമുതല്‍ ആഘോഷത്തിന്റെ വേലിയേറ്റമാണ്. കീബോര്‍ഡ് ആര്‍ട്ടിസ്റ്റുകളും മറ്റു സംഗീതവിദഗ്ധരും ഈ ആഘോഷത്തില്‍ എമിലിനൊപ്പം ആഹ്ലാദം പങ്കിടുകയാണ്. റഹ്മാനെ മനസ്സിലാരാധിച്ച് അഞ്ചോളം സിനിമകള്‍ക്ക് സംഗീതം പകരുന്ന തിരക്കിലാണ് ഈ 23കാരന്‍. തിരുവനന്തപുരം പൂജപ്പുര റഹീം മന്‍സിലില്‍ എസ്.എ.കരീമിന്റെയും നസീറയുടെയും മകനാണ് എമില്‍. തന്റെ വിജയങ്ങളും നേട്ടങ്ങളും റഹ്മാനു മുന്നില്‍ അര്‍പ്പിക്കുകയാണ് ഈ യുവാവ്.





MathrubhumiMatrimonial