
ബോളിവുഡില്‍ ആഹ്ലാദം
Posted on: 24 Feb 2009

എ.ആര്‍.റഹ്മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരെ മുംബൈ ചലച്ചിത്രലോകം അഭിനന്ദിച്ചു.
ഓസ്‌കര്‍ അവാര്‍ഡ് ഇന്ത്യയിലെത്തിച്ച സംഘത്തെ അമിതാഭ്ബച്ചന്‍ അഭിനന്ദിച്ചു. ഗുല്‍സാര്‍, റഹ്മാന്‍, റസൂല്‍ എന്നിവര്‍ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം അന്താരാഷ്ട്രഅംഗീകാരം ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് ഗുണകരമാകുമെന്നും, ഇന്ത്യക്കാരെ അന്താരാഷ്ട്രതലത്തില്‍ എത്തിക്കാനാവുമെന്നും അമിതാഭ്ബച്ചന്‍ പറഞ്ഞു.
ഈ അംഗീകാരം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതോടൊപ്പം ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനം കൊള്ളുന്നതായി രാജ്കുമാര്‍ ഹിരാനി പറഞ്ഞു.
ഈ ചരിത്രമുഹൂര്‍ത്തം അതിന്റെ മഹിമയില്‍ത്തന്നെ കൊണ്ടാടണമെന്ന് വിധു വിനോദ് ചോപ്ര പറഞ്ഞു.റഹ്മാന്റെ ഓരോ വളര്‍ച്ചയും എന്നെ ആഹ്ലാദഭരിതയാക്കുന്നതായി ആശാഭോസ്‌ലെ പറഞ്ഞു. രാംഗോപാല്‍ വര്‍മയുടെ രംഗീല എന്ന ചിത്രത്തില്‍ രംഗീലാരേ എന്ന പാട്ടാണ് 1995ല്‍ റഹ്മാനുവേണ്ടി പാടിയ ആദ്യപാട്ട്. റഹ്മാന്റെ ഈ പുരസ്‌കാര ലബ്ധിയില്‍ തനിക്ക് ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് ആശാഭോസ്‌ലെ പറഞ്ഞു.
റഹ്മാനോടൊപ്പം, അദ്ദേഹത്തിന്റെ സംഗതത്തോടൊപ്പം തുടക്കത്തില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും റഹ്മാന്റെ പുരസ്‌കാരത്തില്‍ ആഹ്ലാദിക്കാം. സംഗീതത്തോടുള്ള അര്‍പ്പണമനോഭാവവും റഹ്മാന്റെ പ്രതിഭയുമാണ് ഈ പുരസ്‌കാരലബ്ധിക്ക് പിന്നിലെന്ന് താള വിദഗ്ധനായ ശിവമണി പറഞ്ഞു.
റഹ്മാന് ഈ പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തിന്റെ മഹത്തായ സൃഷ്ടിക്കാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ഇതിലും മഹത്തായ കാര്യങ്ങള്‍ റഹ്മാന്‍ തന്റെ സംഗീതത്തിലൂടെ ചെയ്തിട്ടുണ്ട്. സ്‌ലം ഡോഗ് മില്യനയറിലെ പാട്ട് പാശ്ചാത്യര്‍ക്ക് ഇഷ്ടമായത് ഗുണകരമായ കാര്യമാണ്. അദ്ദേഹം മുമ്പുചെയ്ത പ്രവര്‍ത്തികളെക്കൂടി പരിശോധിക്കാന്‍ അത് ഇടയാക്കുമെന്ന് ഗാനരചയിതാവായ പ്രസൂണ്‍ ജോഷി പറഞ്ഞു.
ഈ പുരസ്‌കാരലബ്ധി എന്നെ അത്ഭുതസ്തബ്ദയാക്കുന്നതായും അഭിമാനവും ആഹ്ലാദവും നല്കുന്നതായും ബോളിവുഡ് താരവും അനില്‍കപൂറിന്റെ മകളുമായ സോനം കപൂര്‍ പറഞ്ഞു.
ഇന്ത്യയുടെ അഭിമാനനേട്ടത്തെ ആമിര്‍ഖാന്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ സാങ്കേതികവിദഗ്ധന്മാരോടൊപ്പം ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് അന്താരാഷ്ട്രതലത്തിലെ അംഗീകാരം മഹത്തരമായ കാര്യമാണെന്ന് ആമിര്‍ഖാന്‍ പറഞ്ഞു.
അഭിഷേക് ബച്ചനും പുരസ്‌കാരലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
