ധാരാവിക്കിനി ഓസ്‌കര്‍ പ്രശസ്തിയും

Posted on: 24 Feb 2009

എന്‍.ശ്രീജിത്ത്‌



മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സ്‌ലംഡോഗ് മില്യനറിയറിന് എട്ട് ഓസ്‌കര്‍ പുരസ്‌കാരം ലഭ്യമായതോടെ ധാരാവിക്ക് ഇനി ഓസ്‌കറിന്റെ പ്രശസ്തിയും.ധാരാവിയിലെ ജനങ്ങള്‍ ടെലിവിഷനുമുന്നില്‍ തങ്ങളുടെ ജീവിതത്തെ പകര്‍ത്തിയ സിനിമ നേടുന്ന പുരസ്‌കാരങ്ങള്‍ കാണാന്‍ കൂട്ടംകൂടുകയും അതിന്റെ ആഹ്ലാദം പങ്കുവെക്കുകയും ചെയ്തു.തിരക്കഥയ്ക്കും ഛായാഗ്രഹണത്തിനും ഓസ്‌കര്‍ അവാര്‍ഡ് സ്‌ലംഡോഗ് മില്യനയര്‍ നേടിയതോടെ ധാരാവിയില്‍ ആഹ്ലാദത്തിന്റെ തിര തുടങ്ങുകയായിരുന്നു.

''ഞങ്ങളുടെ ചിത്രം നേടിയ വിജയം ഞങ്ങള്‍ ആഘോഷിക്കും. ധാരാവിയിലെ ജനങ്ങള്‍ ഇന്ന് അത്തരമൊരു ആഘോഷത്തിന്റെ അവസ്ഥയിലാണ്''- ധാരാവിയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി താമസിക്കുന്ന അസര്‍ഷെയ്ക്ക് പറഞ്ഞു.
ഓസ്‌കര്‍ അവാര്‍ഡ്ദാനചടങ്ങില്‍ പങ്കെടുക്കാന്‍ പോയ റുബീന മടങ്ങിയെത്തിയാല്‍ ഈ ചിത്രത്തിന്റെ ആഘോഷം തങ്ങളുടെ കുടുംബത്തില്‍ ആഘോഷിക്കുമെന്ന് റുബീനയുടെ പിതാവ് റഫീക്ക് പറഞ്ഞു. റുബീനയാണ് ലതികയുടെ ബാല്യത്തെ സ്‌ലം ഡോഗ് മില്യനയറില്‍ അവതരിപ്പിച്ചത്.




MathrubhumiMatrimonial