പ്രകൃതിയോടിണങ്ങിനിന്ന് ശബ്ദസാധ്യതയ്ക്കായി

Posted on: 24 Feb 2009


പഴയതെരുവില്‍ വീട്ടില്‍ പഠിച്ചിരിക്കുമ്പോള്‍ കുയിലിന്റെ ശബ്ദം കേട്ടാല്‍ മതി റസൂല്‍ പുറത്തുചാടും. കുയിലിനൊപ്പം പാടും. റസൂലിന് ഒത്തിരി ഇഷ്ടമായിരുന്നു കുയിലിന്റെ പാട്ട്.റേഡിയോ എന്നും പ്രിയപ്പെട്ട കൂട്ടുകാരനും. കുട്ടിക്കാലത്തെ ദൃശ്യങ്ങളേക്കാള്‍ റസൂല്‍ പൂക്കുട്ടി എന്നും ഇഷ്ടപ്പെട്ടത് ശബ്ദത്തെയായിരുന്നു. ആ ശബ്ദംതന്നെ റസൂലിനെ ഓസ്‌കറിലെത്തിക്കുകയും ചെയ്തു.
പ്രകൃതിയോടിണങ്ങി നില്‍ക്കാനായിരുന്നു റസൂലിനിഷ്ടം. വീട്ടിലെ ആടിന്റെയും കോഴികളുടെയുമൊക്കെ ശബ്ദം പ്രകൃതിയെപ്പോലെ പ്രിയപ്പെട്ടതായി റസൂലിന്. അന്നേ ശബ്ദത്തിന്റെ സാധ്യത റസൂല്‍ കണ്ടറിഞ്ഞിരിക്കണം.
വി.സാംബശിവന്റെ ശബ്ദത്തിലൊക്കെ കഥപറഞ്ഞു തുടങ്ങിയ റസൂലിന്റെ സ്‌കൂള്‍പഠനം അയിലറ, അഞ്ചല്‍ വെസ്റ്റ് സ്‌കൂളുകളിലായിരുന്നു. ഫിസിക്‌സില്‍ ബിരുദപഠനത്തിന് വാപ്പയുടെ തറവാടായ കായംകുളം പഴയതെരുവില്‍ വീട്ടിലേക്കൊരു മാറ്റം. തോപ്പില്‍ ഭാസിയുടെ 'ഒളിവിലെ ഓര്‍മ്മ'കളില്‍ ഈ വീടിനെപ്പറ്റി പറയുന്നുണ്ട്.
ബിരുദമെടുത്തെങ്കിലും റസൂലിന്റെ മനസ്സെന്നും ചെന്നുനിന്നത് സിനിമയിലാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനഭ്രമം മൂത്ത് പരീക്ഷ എഴുതിയെങ്കിലും ആദ്യം പ്രവേശനം കിട്ടിയില്ല. തിരുവനന്തപുരത്ത് നിയമപഠനത്തിനിടെ സിനിമ തലയ്ക്കുപിടിച്ച് വീണ്ടും പുണെ ടെസ്റ്റ്, വിജയം. സ്വര്‍ണ മെഡലോടെ പഠനം.
മുംബൈയിലേക്കായിരുന്നു പിന്നത്തെ എടുത്തുചാട്ടം. മനസ്സുനിറയെ സിനിമ. കഷ്ടപ്പാടിന്റെ കുറേക്കാലം. പക്ഷേ, റസൂലിന് തോല്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു.
പുണെയില്‍ സഹപാഠിയായ രജത് കപൂറുമായി ചേര്‍ന്ന് ആദ്യചിത്രമൊരുക്കി-പ്രൈവറ്റ് ഡിറ്റക്ടീവ്, 1997ല്‍. സിനിമക്കാരുടെ പതിവ് അനുഭവം അതിനുണ്ടായി-വെളിച്ചം കണ്ടില്ല. പിന്നീട് സ്​പ്ലിറ്റ് വൈഡ് ഓപ്പണ്‍, ബോംബെ ഈനച്ച്, എവരിബഡി സെയ്‌സ് അയാം ഫൈന്‍, അഗ്‌നനിവര്‍ഷ, ബൂം, രാഗു റോമിയോ, മാതൃഭൂമി-എ നേഷന്‍ വിത്തൗട്ട് വുമണ്‍, ക്യോം ഹോ ഗയാ നാ, മുസാഫിര്‍, അമു, ബ്ലാക്ക്, ബ്ലഫ് മാസ്റ്റര്‍, ഡിന്‍സ, മിക്‌സഡ് ഡബിള്‍സ്, ബോംബെ സ്‌കൈസ്, ട്രാഫിക് സിഗ്‌നനല്‍, ഗാന്ധി മൈ ഫാദര്‍, സാംവരിയ, ദസ് കഹാനിയാം, വുഡ്‌സ്റ്റോക് വില്ല, സ്‌ലം ഡോഗ് മില്യനയര്‍, ഗജിനി...തുടങ്ങിയ ചിത്രങ്ങളിലൂടെ റസൂല്‍ ലോകത്തേക്ക് വളര്‍ന്നു.
'ബൂ'മോടെ ഏറെ ശ്രദ്ധിക്കപ്പെട്ട റസൂലിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അമിതാഭ് ബച്ചനൊപ്പമൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ അധികമാരും അറിയാതെ റസൂല്‍ പിന്നില്‍ത്തന്നെ നിന്നു. ഇതിനിടെ അംഗീകാരങ്ങള്‍ ഒട്ടേറെ. ഇപ്പോള്‍ ഓസ്‌കറും.
കുട്ടിക്കാലത്തൊരു സിനിമാഭിനയ ഭ്രമമുണ്ടായെങ്കിലും അതൊന്നും നടക്കില്ലെന്ന് റസൂല്‍ തിരിച്ചറിഞ്ഞു. ബാപ്പയ്ക്കിഷ്ടം മകന്‍ ഡോക്ടറാകണമെന്നായിരുന്നു. ഒരിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതിയിട്ട് റസൂല്‍ പെങ്ങള്‍ സീനത്തിനോട് പറഞ്ഞു-'ഇത്താ എനിക്കിത് പറ്റില്ല. സിനിമ മതി'.
ശബ്ദം, സിനിമ-പരീക്ഷണങ്ങളായിരുന്നു റസൂലിനെന്നും. മുംബൈ ചേരിയിലെ നിയന്ത്രിതമല്ലാത്ത ശബ്ദത്തെ വരുതിയിലാക്കുകയായിരുന്നു സ്‌ലം ഡോഗ് മില്യനയറില്‍ റസൂല്‍.





MathrubhumiMatrimonial