റസൂലിന്റെ ഫ്‌ളാറ്റില്‍ സന്തോഷത്തിരയിളക്കം

Posted on: 24 Feb 2009

പി.സി. മാത്യു



മുംബൈ: സ്‌ലം ഡോഗ് മില്ല്യനയറിലെ ശബ്ദമിശ്രണത്തിന് ഓസ്‌കര്‍പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടിയുടെ ഗോരേഗാവിലെ ഫ്‌ളാറ്റില്‍ ആഹ്ലാദം തിരതല്ലി. അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍മുതല്‍ സിദ്ധാര്‍ഥ നഗറിലെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലേക്ക് അഭിനന്ദനപ്രവാഹങ്ങളുമായി സുഹൃത്തുക്കള്‍ എത്തി. പ്രതീക്ഷയോടെ റസൂലിനെ ഓസ്‌കര്‍ വേദിയിലേക്ക് യാത്രയയച്ചവരാണവര്‍. പ്രതീക്ഷകള്‍ സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. മധുരവുമായി റസൂലിന്റെ ഭാര്യാ മാതാവ് ലൈല മുഹമ്മദിനോടൊപ്പം റസൂല്‍പൂക്കുട്ടിയുടെ മക്കളായ റയാനും സല്‍നയും എല്ലാവരേയും എതിരേല്‍ക്കാന്‍ മുന്നിലുണ്ടായിരുന്നു. റസൂലിന്റെ ഭാര്യാ സഹോദരിയും സന്തോഷത്തില്‍ പങ്കുചേരാനുണ്ടായിരുന്നു. കരിയറില്‍ ഏറ്റവും ഉയരങ്ങളില്‍ എത്തിയ തങ്ങളുടെ പ്രിയ റസൂല്‍ മടങ്ങിവരുമ്പോള്‍ കാര്യമായി ആഘോഷിക്കാനുള്ള പുറപ്പാടിലാണ് അവര്‍. റസൂല്‍ വന്നുകഴിഞ്ഞാലുടന്‍ തന്നെ ഗംഭീരമായി ആഘോഷിക്കുമെന്ന് കൊച്ചു മകനേയും മകളേയും അരികില്‍ ചേര്‍ത്തുനിര്‍ത്തി അവര്‍ പറഞ്ഞു. അവിശ്വസനീയമാണിതെന്ന് അവര്‍ പ്രതികരിച്ചു. ഇത്തരമൊരു അവാര്‍ഡില്‍ എല്ലാവര്‍ക്കും പ്രതീക്ഷ ഉണ്ടായിരുന്നതായി ഭാര്യാസഹോദരി പറഞ്ഞു.

വീട്ടിലേക്ക് വരുന്ന അഭിനന്ദനങ്ങള്‍ക്ക് മറുപടി പറയാന്‍ മാനേജര്‍ തിരുവനന്തപുരം സ്വദേശി ബൈജുവും ഭാര്യയും റസൂലിന്റെ ഫ്‌ളാറ്റിലുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണിതെന്ന് ബൈജു പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സുഹൃത്തുക്കളുടേയും അല്ലാത്തവരുടേയും ഫോണ്‍വിളികള്‍ വന്നു. ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയതിന്റെ അഭിനന്ദനമായിരുന്നു ആ ഫോണ്‍വിളികള്‍ മുഴുവന്‍.



MathrubhumiMatrimonial