
റഹ്മാന് ഓസ്‌കര്‍-പ്രതികരണങ്ങള്‍
Posted on: 24 Feb 2009
ടി.ഷിനോദ്കുമാര്‍
കമലഹാസന്‍
റഹ്മാന് ഓസ്‌കര്‍ ലഭിച്ചത് എന്നെ അതിശയപ്പെടുത്തുന്നില്ല. റഹ്മാന്റെ പ്രതിഭയുടെ അംഗീകാരമാണിത്. ഇന്ത്യ റഹ്മാനെ നേരത്തെതന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇനിയിപ്പോള്‍ പടിഞ്ഞാറിന്റെ ഊഴമാണ്. റഹ്മാന് ഓസ്‌കര്‍ കിട്ടുമ്പോള്‍ ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ക്ക് വലിയൊരു പ്രചോദനവും വെല്ലുവിളിയുമാണ്.
ജോണ്‍സണ്‍-സംഗീതസംവിധായകന്‍
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൊന്നാണിത്. റഹ്മാനുമായി എനിക്ക് വലിയൊരു ആത്മബന്ധമുണ്ട്. എന്റെ കൈപിടിച്ചാണ് റഹ്മാന്‍ വളര്‍ന്നത്. അര്‍ജുനന്‍ മാഷിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മാഷാണ് ആദ്യമായി റഹ്മാനെ കീബോര്‍ഡിലേക്ക് കൊണ്ടുവന്നിട്ട് ഇവനെയൊന്നു നോക്കണം എന്നു പറഞ്ഞത്. അന്ന് ദിലീപിന് (റഹ്മാന്റെ പഴയപേര്) പതിനൊന്നു വയസ്സുണ്ടാവും.
വളരെ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് റഹ്മാനുണ്ട്. ഒപ്പം ദൈവാനുഗ്രഹവും. ആദ്യമൊക്കെ മുന്നൂറും നാന്നൂറും രൂപയാണ് റഹ്മാന് കൊടുത്തിരുന്നത്. പക്ഷേ, വളരെ പെട്ടെന്നുതന്നെ റഹ്മാന്‍ വളര്‍ന്നു. ഒന്നുരണ്ട് കൊല്ലത്തിനുള്ളില്‍ ഞാന്‍തന്നെ ഒരു പാട്ടിന് റഹ്മാന് 15,000 രൂപ കൊടുത്തിട്ടുണ്ട്.
മെലഡിയുടെ പ്രയോഗത്തിലുള്ള വ്യത്യസ്തതയാണ് റഹ്മാന്റെ സംഗീതത്തിന്റെ സവിശേഷഘടകം. മറ്റൊരു കാര്യം റഹ്മാന്‍ സ്വന്തം ഇഷ്ടത്തിനും സമയത്തിനുമനുസരിച്ച് ജോലി ചെയ്യുന്നുവെന്നതാണ്. സിനിമയിലെ ഏത് രാജാവ് വന്നുപറഞ്ഞാലും സ്വന്തം സമയത്തിനനുസരിച്ചാണ് റഹ്മാന്‍ സംഗീതം നല്കുക.
ശശികമാര്‍-ചെയര്‍മാന്‍ മീഡിയാ ഫൗണ്ടേഷന്‍
റഹ്മാന്‍ തീര്‍ച്ചയായും ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ട്. പക്ഷേ, ഇതിലും മഹത്തരമായ സംഗീതം റഹ്മാന്‍ നേരത്തെ ചെയ്തിട്ടുണ്ട്. പടിഞ്ഞാറിന്റെ അംഗീകാരം വരുന്നതിപ്പോഴാണെന്നുമാത്രം. ഏഷ്യാനെറ്റ് തുടങ്ങിയപ്പോള്‍ അതിന്റെ ശീര്‍ഷകഗാനം റഹ്മാനെക്കൊണ്ടാണ് ചെയ്യിച്ചത്. ആദ്യം റഹ്മാനെക്കൊണ്ട് ട്യൂണ്‍ ഇടിച്ചതിനുശേഷം ഭാസ്‌കരന്‍മാഷെക്കൊണ്ട് വരികള്‍ എഴുതിക്കാമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ആ രീതി തനിക്കു പറ്റില്ലെന്ന് ഭാസ്‌കരന്‍മാഷ് പറഞ്ഞു. തുടര്‍ന്ന് ഭാസ്‌കരന്‍മാഷ് വരികള്‍ എഴുതിയശേഷം റഹ്മാന്‍ സംഗീതം നല്‍കുകയായിരുന്നു.
സുജാത-ഗായിക
എന്നെത്തന്നെ സ്നേഹിക്കുന്നതുപോലുള്ളൊരു നിമിഷമാണിത്. നാല്പതോളം പടങ്ങളില്‍ ഞാന്‍ റഹ്മാന്റെ കീഴില്‍ പാടിയിട്ടുണ്ട്. പാട്ടുകാര്‍ക്ക് റഹ്മാന്‍ നല്‍കുന്ന സ്വാതന്ത്ര്യം ഒന്നു വേറെത്തന്നെയാണ്. പക്ഷേ, ഏറ്റവും നല്ലത് എങ്ങനെ പുറത്തുകൊണ്ടുവരണമെന്നും റഹ്മാനറിയാം.
കല്ല്യാണിമേനോന്‍-ഗായിക
റഹ്മാന്‍ എനിക്ക് മകനെപ്പോലെയാണ്. എന്റെ മകന്‍ രാജീവുമായി വളരെ അടുപ്പമുള്ള ചങ്ങാതിയാണ് റഹ്മാന്‍. ഈ പുരസ്‌കാരം എനിക്ക് എന്റെ വീട്ടിലേക്ക് അവാര്‍ഡ് വരുന്നതുപോലെയാണ്. എളിമയാണ് റഹ്മാന്റെ വലിയൊരു സവിശേഷത. വന്ദേമാതരം, അലൈ പായുതേയിലെ ശിര്‍ഷകഗാനം, ശ്യാമസുന്ദരകേരകേദാരഭൂമി തുടങ്ങിയ പാട്ടുകള്‍ പാടാന്‍ റഹ്മാന്‍ എന്നെ വിളിച്ചത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഹൃദയത്തില്‍ സംഗീതമുള്ളവനാണ് റഹ്മാന്‍.
ഉണ്ണിമേനോന്‍-ഗായകന്‍
റോജയില്‍ പാടുന്നതിന് റഹ്മാന്‍ വിളിച്ചത് എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. 1991-ലാണെന്നു തോന്നുന്നു. രാത്രി പത്തരയോടടുത്താണ് റഹ്മാന്‍ വിളിച്ചത്. 'ഞാന്‍ ആദ്യമായി ഒരു സിനിമ ചെയ്യാന്‍ പോവുകയാണ്. ചിലപ്പോള്‍ ഇതെന്റെ അവസാനത്തെ സിനിമയുമായിരിക്കാം. എന്റെ കഴിവുതെളിയിക്കാന്‍ കഴിയുമോയെന്ന് എനിക്കറിയില്ല'. പിന്നീടുള്ളത് ചരിത്രമാണ്. റഹ്മാന്റെ വളര്‍ച്ചയുടെ ചരിത്രം.
റോജയില്‍ പാടുന്നതിന് മുമ്പുതന്നെ റഹ്മാനെ എനിക്കറിയാമായിരുന്നു. ഞാന്‍ പാടിയ പല പാട്ടുകള്‍ക്കും റഹ്മാന്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. അന്ന് റഹ്മാന്‍ ഇത്രയുംപോലും സംസാരിക്കുമായിരുന്നില്ല.
റഹ്മാന്‍ ഗുരുതുല്യന്‍-എമില്‍ മുഹമ്മദ്
ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ അറിയപ്പെടുന്ന മലയാളി സംഗീതസംവിധായകന്‍ എമില്‍ മുഹമ്മദിന്റെ മനസ്സിലും ആഹ്ലാദത്തിന്റെ അലമാലകളാണ്. ഓസ്‌കറിന്റെ നിറവില്‍ ലോക സിനിമയുടെ നെറുകയിലെത്തിയ എ.ആര്‍.റഹ്മാന്റെ അംഗീകാരങ്ങള്‍ക്കു മുന്നില്‍ തന്റെ എളിയ വിജയങ്ങള്‍ ആശംസകളായി അര്‍പ്പിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ എമില്‍.
സംഗീതലോകത്ത് റഹ്മാന്‍ പകര്‍ന്നുനല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഈ വേളയില്‍ ആവേശമുണര്‍ത്തുന്ന ഓര്‍മകളായി എമിലിന്റെ മനസ്സില്‍ വന്നു നിറയുകയാണ്. എമിലിന്റെ സംഗീതവഴിയില്‍ ഗുരുതുല്യനും വഴികാട്ടിയുമെല്ലാമാണ് എ.ആര്‍.റഹ്മാന്‍. കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിന്റെ സാങ്കേതികതയും തെറ്റുകളും കുറവുകളുമെല്ലാം മൂത്ത സഹോദരനെപ്പേലെ പറഞ്ഞുതന്നത് ഇപ്പോഴും മധുരിക്കുന്ന ഓര്‍മകളായി എമിലിന്റെ കാതില്‍ മുഴുങ്ങുകയാണ്.
മൂന്നുവര്‍ഷംമുമ്പ് തമിഴ്‌നാട് സ്വദേശി ടെക്‌നിക്കല്‍ എന്‍ജിനീയര്‍ നൂര്‍മുഹമ്മദ് വഴിയാണ് റഹ്മാനെ പരിചയപ്പെടുന്നത്. ആ പരിചയം സംഗീതവഴിയില്‍ എമിലിന് കൂട്ടായി. ചെന്നൈ വടപളനിയിലെ എ.ആര്‍.റഹ്മാന്റെ സ്റ്റുഡിയോയ്ക്ക് സമീപമാണ് എമിലിന്റെ മ്യൂസിക് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്. ഈ അടുപ്പം സൗഹൃദം ദൃഢമാക്കി. എ.ആര്‍.റഹ്മാനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോഴാണ് കന്നഡ സിനിമയില്‍നിന്ന് എമിലിനെ തേടി അവസരം എത്തുന്നത്. 'നന്ദ ലൗവ്‌സ് നന്ദിത' എന്ന ആദ്യചിത്രത്തിലെ ജിംകെ മരീന....ജിംകെ മരീന എന്ന ഗാനമാണ് പിന്നീട് എമിലിനെ അംഗീകാരത്തിന്റെ നെറുകയിലെത്തിച്ചത്.
റഹ്മാന്റെ സംഗീതം ആഴത്തില്‍ നിരീക്ഷിക്കാനും പഠിക്കാനും സമയം കണ്ടെത്താറുണ്ടെന്ന് കന്നഡ, തമിഴ് സിനികളില്‍ തിരക്കേറിയ എമില്‍ പറഞ്ഞു. റഹ്മാനെ മനസ്സില്‍ അത്രയധികം ആരാധിക്കുന്നവരിലൊരാളാണ് താന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഡല്‍ഹി-6ലെ ഗാനങ്ങള്‍ പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. റഹ്മാന്റെ സഹോദരി റേഹാന എമിലിന്റെ മൂന്നു ചിത്രങ്ങള്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. എന്റെ പാട്ടുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ റഹ്മാന്‍ തുറന്നുപറയാറുണ്ടെന്ന് എമില്‍ പറഞ്ഞു.
എമിലിന്റെ വടപളനിയിലെ സ്റ്റുഡിയോയില്‍ തിങ്കളാഴ്ച രാവിലെ അവാര്‍ഡ് വാര്‍ത്ത അറിഞ്ഞതുമുതല്‍ ആഘോഷത്തിന്റെ വേലിയേറ്റമാണ്. കീബോര്‍ഡ് ആര്‍ട്ടിസ്റ്റുകളും മറ്റു സംഗീതവിദഗ്ധരും ഈ ആഘോഷത്തില്‍ എമിലിനൊപ്പം ആഹ്ലാദം പങ്കിടുകയാണ്. റഹ്മാനെ മനസ്സിലാരാധിച്ച് അഞ്ചോളം സിനിമകള്‍ക്ക് സംഗീതം പകരുന്ന തിരക്കിലാണ് ഈ 23കാരന്‍. തിരുവനന്തപുരം പൂജപ്പുര റഹീം മന്‍സിലില്‍ എസ്.എ.കരീമിന്റെയും നസീറയുടെയും മകനാണ് എമില്‍. തന്റെ വിജയങ്ങളും നേട്ടങ്ങളും റഹ്മാനു മുന്നില്‍ അര്‍പ്പിക്കുകയാണ് ഈ യുവാവ്.
ജയ് ഹോ റഹ്മാന്റെ കീഴില്‍ പാടുമ്പോള്‍ സ്വന്തം വീട്ടിലിരുന്നു പാടുന്നതുപോലെയാണ്. അത്രയ്ക്ക് സ്വാതന്ത്ര്യം നമുക്കുണ്ട്. പുതിയ ഗായകരെ ഇത്രയധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള വേറെയാരാണുള്ളത്. ഗായകര്‍ക്ക് ഇത്രയധികം ബഹുമാനവും പ്രതിഫലവും കൊടുക്കുന്നവരും ചുരുക്കമാണ്.
രാജീവ്‌മേനോന്‍-സംവിധായകന്‍
റഹ്മാനുമായി എനിക്ക് 22 കൊല്ലത്തെ ബന്ധമുണ്ട്. കോടമ്പാക്കത്ത് റഹ്മാന്റെ വീട്ടിലെ ചെറിയൊരു മുറി സ്റ്റുഡിയോയാക്കി പരസ്യഗാനങ്ങള്‍ ചെയ്തുതുടങ്ങിയ കാലംമുതലുള്ള ബന്ധമാണത്. റഹ്മാന്റെ സഞ്ചാരം വ്യത്യസ്ത വഴികളിലൂടെയാണ്. റോജയില്‍ മിന്‍മിനിയെന്ന പുതിയൊരു ഗായികയെ റഹ്മാന്‍ കൊണ്ടുവന്നു. 'മിന്‍സാരക്കനവില്‍' ഒരു പാട്ടുപാടാന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെയാണ് വിളിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റഹ്മാന്റെ മറുപടി സരളവും ചിന്തോദ്ദീപകവുമായിരുന്നു. ''സാമ്പ്രദായിക രീതിയിലല്ലാത്ത പാട്ടുകള്‍ പാടാന്‍ സാമ്പ്രദായിക ഗായകരാണ് നല്ലത്. സാമ്പ്രദായികമായ പാട്ടുകള്‍ പാടാന്‍ നേരെ മറിച്ചും.''
ഹിന്ദിയില്‍ പാട്ടുകള്‍ ചെയ്തപ്പോള്‍ റഹ്മാന്‍ ഹിന്ദുസ്ഥാനി മെലഡീസാണുപയോഗിച്ചത്. ഓരോ സാഹചര്യത്തോടും എങ്ങനെ പ്രതികരിക്കണമെന്ന് റഹ്മാനറിയാം.
പ്രത്യാശയിലും സ്നേഹത്തിലുമുള്ള വിശ്വാസമാണ് മനുഷ്യനെന്ന നിലയില്‍ റഹ്മാന്റെ ഏറ്റവും വലിയ കരുത്ത്. ഇക്കണ്ടകാലത്തിനിടയില്‍ ഒരാളെക്കുറിച്ചുപോലും റഹ്മാന്‍ എന്നോട് കുറ്റം പറഞ്ഞിട്ടില്ല.
