റസൂലിന്റെ നേട്ടത്തില്‍ കായംകുളത്തും ആഹ്ലാദം

Posted on: 24 Feb 2009


കായംകുളം: റസൂല്‍ പൂക്കുട്ടി ഓസ്‌കറില്‍ മുത്തമിട്ടപ്പോള്‍ കായംകുളത്തും ആഹ്ലാദം അലതല്ലി. റസൂലിന്റെ വിദ്യാര്‍ഥിജീവിതകാലത്തെ ഒരേടില്‍ കായംകുളവുമുണ്ട്.

റസൂലിന്റെ അച്ഛന്‍ പി.ടി.പൂക്കുട്ടിയുടെ നാടാണ് കായംകുളം. കടുത്ത കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ പൂക്കുട്ടി, പാര്‍ട്ടിനിയന്ത്രണത്തിലുള്ള കായംകുളത്തെ കെ.സി.ടി. എന്ന ബസ്‌സര്‍വ്വീസിന്റെ മേല്‍നോട്ടക്കാരനായിരുന്നു. ജന്മനാടായ അഞ്ചലിലെ വിളക്കുപാറയില്‍ സ്‌കൂള്‍പഠനത്തിനുശേഷം ഉപരിപഠനം കായംകുളത്തായിരുന്നു. പൂക്കുട്ടി കെ.സി.ടി.യില്‍നിന്ന് വിരമിച്ച ശേഷമാണ് വിളക്കുപാറയില്‍ സ്ഥിരതാമസമായത്. കായംകുളം എം.എസ്.എം. കോളേജിലായിരുന്നു റസൂലിന്റെ പ്രീഡിഗ്രിയും ബിരുദപഠനവും. ബിരുദപഠനം ബി.എസ്‌സി. ഫിസിക്‌സില്‍. കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് പഠനച്ചെലവ് കണ്ടെത്തിയത്. ഒരിക്കല്‍ ഫീസടയ്ക്കാന്‍വേണ്ടി വാച്ച് വില്‍ക്കേണ്ടിവന്നതായി റസൂല്‍ പറഞ്ഞിട്ടുണ്ട്.

പഠിച്ചിരുന്ന കാലത്ത് മികച്ച സംഘാടകനായിരുന്നു റസൂലെന്ന് എം.എസ്.എം. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഷീദ് ഓര്‍ക്കുന്നു.

ഓസ്‌കര്‍ അവാര്‍ഡ് ഏറ്റുവാങ്ങാനായി റസൂലിന്റെ പേരു വിളിച്ചത് ടി.വി.യില്‍ കണ്ടപ്പോള്‍ത്തന്നെ കായംകുളം പട്ടണത്തിന്റെ പലഭാഗങ്ങളിലും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ജനങ്ങള്‍ ആഹ്ലാദത്തില്‍ പങ്കാളികളായി.

ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന്, രണ്ടാഴ്ചമുന്‍പ് റസൂല്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനായി കായംകുളത്തെത്തിയിരുന്നു. സഹോദരന്‍ ഷംസുദ്ദീന്റെ വീട്ടിലെത്തിയ റസൂലിനെ ബന്ധുക്കള്‍ ലഡു നല്‍കി സ്വീകരിച്ചു.

റസൂലിന്റെ അച്ഛന്‍ പൂക്കുട്ടിയുടെ എട്ട് സഹോദരങ്ങളില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍കൂടിയായ പി.ടി.റംല മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. റംലയും ഷംസുദ്ദീനും സഹോദരി സീനത്തും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അവാര്‍ഡിന്റെ ആഹ്ലാദം പങ്കിടാനായി അഞ്ചലില്‍ ഒത്തുകൂടി.

കായംകുളം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍, ഓസ്‌കര്‍ അവാര്‍ഡിന്റെ ആഹ്ലാദം വിളിച്ചറിയിച്ച് നഗരത്തില്‍ ബൈക്ക്‌റാലി നടത്തി. എം.എസ്.എം. കോളേജ് ജങ്ഷന്‍ കേന്ദ്രീകരിച്ച് മധുരവിതരണവും നടത്തി. ഹക്കിം മാളിയേക്കല്‍, അലക്‌സാണ്ടര്‍, നിസാം, ശശികുമാര്‍, പി.എസ്.നൗഷാദ്, ഐ.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ അനുമോദനപ്രകടനം നടത്തി. ഭാരവാഹികളായ വിനോദ്, എസ്.കേശുനാഥ്, ജയചന്ദ്രന്‍, ബി.അബിന്‍ഷാ, ജി.ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തിരുവനന്തപുരം ലോകോളേജില്‍ എല്‍.എല്‍.ബി.ക്ക് പഠിക്കുമ്പോള്‍ റസൂല്‍ കലാവാസന പ്രകടമാക്കിയിരുന്നെന്ന് സഹപാഠിയായ ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ഉണ്ണികൃഷ്‌നന്‍ പറഞ്ഞു.






MathrubhumiMatrimonial