'മദ്രാസിന്റെ മൊസാര്‍ട്ടിന്' ഓസ്‌കര്‍ ചെന്നൈയ്ക്ക് കൊണ്ടാട്ടം

Posted on: 24 Feb 2009

കെ.എസ്. ദിലീപ്കുമാര്‍



ചെന്നൈ: മദ്രാസിന്റെ മൊസാര്‍ട്ട് എ.ആര്‍. റഹ്മാന്‍ ഇരട്ട ഓസ്‌കര്‍ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ഉത്സവഛായയിലാണ് അദ്ദേഹത്തിന്റെ ചെന്നൈ നഗരം. റഹ്മാന്റെ പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ഓസ്‌കര്‍ ആഘോഷം പങ്കിടുകയാണ് ആരാധകര്‍. തമിഴ്‌നാടിന് കാത്തിരുന്നു കിട്ടിയ 'നോണ്‍സ്റ്റോപ്പ് കൊണ്ടാട്ടമാണ് റഹ്മാന്റെ ഈ ഇരട്ടനേട്ടം.

കോടമ്പാക്കത്തിന് സമീപം ചാമിയാര്‍ മഠത്തിലാണ് റഹ്മാന്റെ വീടും സ്റ്റുഡിയോയും. പഞ്ചാനന്‍ സ്റ്റുഡിയോയ്ക്ക് അടുത്തുള്ള തെരുവിലാണ് സഹോദരി ഫാത്തിമ താമസിക്കുന്നത്. സഹോദരനുണ്ടായ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് വീട്ടിലേക്ക് പ്രവഹിക്കുന്ന നല്ല വാക്കുകളില്‍ വീര്‍പ്പുമുട്ടുകയാണ് അവര്‍. ''രാവിലെ നാലുമണിമുതല്‍ ഞാന്‍ ടി.വിക്ക് മുന്നിലായിരുന്നു. റഹ്മാന് ഓസ്‌കര്‍ ലഭിക്കുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ഓരോരുത്തരുടെയും പേരുവിളിക്കുമ്പോള്‍ അള്ളാ എന്നു വിളിച്ച് ഞാന്‍ വീര്‍പ്പുമുട്ടിയിരുന്നു. ടെന്‍ഷന്‍കാരണം ഞാന്‍ മരിച്ചുപോകുമെന്നു തോന്നി. ഒന്നിനുപിറകേ ഒന്നായി രണ്ട് ഓസ്‌കറുകള്‍ പ്രഖ്യാപിച്ചതോടെ എന്റെ കണ്ണുനിറഞ്ഞു. ഞാനും മക്കള്‍ കാസിഫും അമിമയും കെട്ടിപ്പിടിച്ചുനിന്ന് കുറെ കരഞ്ഞു. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ചങ്കുപൊട്ടുന്നതുപോലെ''-ഫാത്തിമ 'മാതൃഭൂമി'യോട് പറഞ്ഞു.

പിന്നീട് ലോസ്ആഞ്ജലിസിലുള്ള അമ്മ കൈസുബീഗത്തെ വിളിച്ച് സന്തോഷം പങ്കുവെച്ചു. റഹ്മാനോടൊപ്പം ലോസ് ആഞ്ജലിസിലാണ് ഒരു സഹോദരി ഇഷ്‌റത്തും റഹ്മാന്റെ ഭാര്യയും അമ്മയും. അമ്മ ഫാത്തിമയോട് പറഞ്ഞു. നീ കടവുള്‍ക്ക് നന്ദി പറയണം. ഇത് ഇന്ത്യയ്ക്കുള്ള അഭിമാനമാണ്. നീ എല്ലാവരോടും പറയണം നിങ്ങള്‍ക്കൊക്കെ എത്ര സന്തോഷമുണ്ടോ അത്രയും സന്തോഷം ഇവിടെ ഞങ്ങള്‍ക്കുമുണ്ടെന്ന്''.

റഹ്മാന്‍ സംഗീതം നല്‍കിയ 'രംഗ്‌ദേ ബസന്തി'യില്‍ പാടിയ യുവഗായകന്‍ നരേഷ് അയ്യര്‍ സന്തോഷം പങ്കിടാന്‍ ചാമിയാര്‍മഠത്തിലെ തെരുവിലെത്തി. ''എന്നെ സംബന്ധിച്ചിടത്തോളം റഹ്മാന്റെ ഓസ്‌കര്‍നേട്ടം അപ്രതീക്ഷിതമല്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനം, കഴിവ്, സംഗീതം ഇതെല്ലാം അദ്ദേഹത്തിന് ഓസ്‌കര്‍ നേടിക്കൊടുത്തു''-നരേഷ് അയ്യര്‍ പറഞ്ഞു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലെ ഡ്രൈവറാണ് മുനിയാണ്ടി. രാവിലെ വിവരം കിട്ടിയ ഉടന്‍ പടക്കംപൊട്ടിച്ചാണ് ഓസ്‌കര്‍ ആഘോഷിച്ചത്. ഫാത്തിമയുടെ അയല്‍വീട്ടിലെ വേലക്കാരി ആണ്ടാളിന് എന്നും റഹ്മാന് നന്മവരണമെന്ന പ്രാര്‍ഥനയാണ്. അവര്‍ എന്‍ട്രും നല്ലാറുക്കണം. റൊമ്പ സന്തോഷം''. ചെറിയ സന്തോഷത്തെയും 'കൊണ്ടാട്ട' (ആഘോഷം)മാക്കുന്ന തമിഴ്‌നാടിന് ഇത് 'നോണ്‍സ്റ്റോപ്പ് കൊണ്ടാട്ട'ക്കാലമാണ്.



MathrubhumiMatrimonial