രാജ്യത്തിന്റെ ആദരം

Posted on: 24 Feb 2009


ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ്സ് ഓസ്‌കര്‍ പെരുമയ്‌ക്കൊപ്പമുയര്‍ത്തിയ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി, ലോക്‌സഭാ സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ ആശംസ നേര്‍ന്നു. ഇവരുടെ പുരസ്‌കാരലബ്ധി രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

റഹ്മാനും റസൂലിനും ഗുല്‍സാറിനും ലഭിച്ച വിജയത്തില്‍ രാഷ്ട്രപതി വളരെയേറെ സന്തുഷ്ടയാണെന്ന് രാഷ്ട്രപതി ഭവന്‍ വക്താക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

റഹ്മാനും റസൂലിനും ഗുല്‍സാറിനും 'സ്‌ലം ഡോഗ് മില്യനയര്‍' ചിത്രത്തിന്റെ മുഴുവന്‍ ടീമിനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആശംസകള്‍ നേര്‍ന്നു.

'മൂവരും ഇന്ത്യയ്ക്കാണ് അഭിമാനം നേടിത്തന്നിരിക്കുന്നത്. സ്‌ലം ഡോഗ് മില്യനയറിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഇന്ത്യന്‍ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരേയും അഭിനന്ദിക്കുന്നു'-കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ചിത്രത്തിനു പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു.

ഓസ്‌കര്‍ പുരസ്‌കാരം നേടിയ ലഘുഡോക്യുമെന്ററിയിലെ താരമായ പിങ്കിയെയും അദ്വാനി അഭിനന്ദിച്ചു. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി. ചിദംബരം, വാര്‍ത്താവിനിമയ വകുപ്പ് സഹമന്ത്രി ആനന്ദ് ശര്‍മ എന്നിവരും ഈ കലാപ്രതിഭകളെ അഭിനന്ദിച്ചു.



MathrubhumiMatrimonial