പിങ്കിയുടെ ഓസ്‌കര്‍ച്ചിരി

Posted on: 24 Feb 2009


നന്ദി പിങ്കീ, നിന്റെ അവിശ്വനീയമായ ജീവിതം പകര്‍ത്താന്‍ എനിക്ക് അവസരം തന്നതിന്-കൊഡാക് തിയറ്ററിലെ വേദിയില്‍നിന്ന് മേഗന്‍ മൈലന്‍ ഇത് പറയുമ്പോള്‍, പേരൊഴിച്ച് മറ്റൊന്നും മനസ്സിലാകാതെ പിങ്കിയും അച്ഛന്‍ രാജേന്ദ്ര സൊങ്കാറും സദസ്സില്‍ നിന്നു. അവിടെ പറഞ്ഞതൊക്കെ ജീവിതം തന്നെ മാറ്റിമറിച്ച സൗഭാഗ്യത്തെക്കുറിച്ചാണെന്നുമാത്രം അവര്‍ക്കറിയാമായിരുന്നു.

വെള്ളവും വെളിച്ചവും എത്തിനോക്കിയിട്ടില്ലാത്ത രാംപുര്‍ ദബോഹിയെന്ന ഉള്‍നാടന്‍ ഉത്തര്‍പ്രദേശ് ഗ്രാമത്തില്‍നിന്ന് ഓസ്‌കര്‍ പുരസ്‌കാരച്ചടങ്ങുവരെ പിങ്കിയെ എത്തിച്ചത് ജന്മനാ അവള്‍ നേരിട്ട ദൗര്‍ഭാഗ്യമാണ്! മുച്ചുണ്ടുമായി ജനിച്ച പിങ്കി ഏതാനും മാസം മുമ്പുവരെ ഗ്രാമവാസികള്‍ക്കിടയില്‍ വെറുക്കപ്പെട്ട ജീവിതമായിരുന്നു. എന്നാല്‍, ലോകമാകമാനം മുച്ചുണ്ട് ശസ്ത്രക്രിയക്ക് സഹായം നല്‍കുന്ന സ്‌മൈല്‍ ട്രയിന്‍ എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ ഇതുസംബന്ധിച്ച് ലഘുസിനിമ നിര്‍മിക്കാന്‍ മേഗന്‍ മൈലന്‍ എത്തിയതോടെ പിങ്കിയുടെ ജീവിതം മാറിമറിഞ്ഞു.

വാരണാസിയിലെ ജി.എസ്.മെമ്മോറിയല്‍ പ്ലാസ്റ്റിക് സര്‍ജറി ആസ്​പത്രിയിലെ ഡോക്ടര്‍ സുബോധ് കുമാര്‍ സിങ്ങാണ് പിങ്കിയുടെ ചുണ്ടുകള്‍ക്ക് ശസ്ത്രക്രിയ നടത്തിയത്. പിങ്കിയുടെ ഓസ്‌കര്‍ നേട്ടം കാണാന്‍ ഡോക്ടറും കൊഡാക് തിയറ്ററിലെത്തിയിരുന്നു. പിങ്കിയുടെ ജീവിതം ഓസ്‌കറിലെത്തിയതുമുതല്‍ക്ക് ഗ്രാമം പ്രാര്‍ഥനകളും പൂജകളും നടത്തി കാത്തിരിക്കുകയായിരുന്നു. ഓസ്‌കര്‍ നേടിയ പിങ്കിയുടെ പഠനച്ചെലവുകള്‍ വഹിക്കാനും പിങ്കിയെ ഏറ്റെടുക്കാനും സന്നദ്ധരായി ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേവരെ പുറംലോകത്തെ അഭിമുഖീകരിക്കാന്‍ പോലും വിസമ്മതിച്ചിരുന്ന പിങ്കി ശസ്ത്രക്രിയക്കുശേഷം ചിരിയോടെ ലോകത്തെ അഭിമുഖീകരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ഇന്ത്യയില്‍ പ്രതിവര്‍ഷം 36,000 കുട്ടികള്‍ മുച്ചുണ്ടോടെ ജനിക്കുന്നുവെന്നാണ് കണക്ക്. ചിരിക്കാന്‍ പോലും മടിക്കുന്ന ഈ ജന്മങ്ങള്‍ക്ക് ആശയും പ്രചോദനവുമാണ് സ്‌മൈല്‍ പിങ്കി.




MathrubhumiMatrimonial