goodnews head

ചലിക്കുന്ന സഹായവുമായി പത്തന്‍സ് പാറളം

Posted on: 19 Feb 2009


തൃശ്ശൂര്‍:ഇവരുടെ കൂട്ടായ്മയില്‍ ഇക്കുറി രൂപപ്പെട്ടത് അത്യാഹിതവേളകളിലെ സൗജന്യ വാഹന സൗകര്യം. ഇത് പത്തന്‍സ് പാറളത്തിന്റെ സേവനസ്​പര്‍ശം. 'പത്തന്‍സ് പാറളം' എന്നാല്‍ സാധാരണക്കാരായ 10 യുവാക്കളുടെ സൗഹൃദ സംഘമാണ്.

പാറളം പഞ്ചായത്തില്‍ രോഗം, അപകടം, മരണം എന്നീ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഇവര്‍ വാങ്ങിയ ആംബുലന്‍സ് ഗുണപ്പെടും. അമ്മാടം സെന്ററില്‍ എപ്പോഴും ഈ വാഹനമുണ്ടാകും. 9388775080 എന്ന മൊബൈല്‍ നമ്പറിലേയ്ക്ക് വിളിക്കുന്ന പാറളം പഞ്ചായത്ത് നിവാസികള്‍ക്ക് വാഹനം സഹായിക്കാനെത്തും. തങ്ങളുടെ പേര് പുറംലോകം അറിയണമെന്ന് താത്പര്യമില്ലിത്ത ഈ പത്തുപേരുടെ സംഘം രണ്ടുവര്‍ഷമായി സേവനരംഗത്തുണ്ട്.

സ്വര്‍ണപ്പണി, പെയിന്റിങ്, ഡ്രൈവിങ് തുടങ്ങിയ കൈവേലകള്‍ ചെയ്തുകഴിയുന്ന ഈ യുവാക്കള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഏതെങ്കിലും അനാഥാലയത്തിന് വരുമാനത്തില്‍ ഒരു പങ്ക് സഹായമായിനല്‍കിയിരുന്നു. ഇപ്പോള്‍ അനാഥാലയങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഏറെപ്പേര്‍ മുന്നോട്ടുവരുന്നുണ്ടെന്നുകണ്ട് വേറിട്ടൊരു ദൗത്യം അവര്‍ ഏറ്റെടുക്കുകയായിരുന്നു. അപകടഘട്ടങ്ങളില്‍ പഞ്ചായത്തില്‍ ഓടിവരാന്‍ ഒരു പൊതുവാഹനം ഇല്ലാത്തതിന്റെ കുറവ് അവര്‍ മനസ്സിലാക്കി.

ഒരു ലക്ഷത്തിലേറെ രൂപ നല്‍കി അവര്‍ ആംബുലന്‍സ് വാങ്ങി. അത് ഓടിക്കാന്‍ സഹകരിക്കുന്നത് അമ്മാടം പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാര്‍. ആംബുലന്‍സ് സഹായത്തിന് വിളിക്കാനുള്ള മൊബൈല്‍ഫോണ്‍ പ്രദേശത്തെ ഒരു ചായക്കടയില്‍ വെച്ചിരിക്കുന്നു. സന്ദേശം വന്നാല്‍ അത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കൈമാറുന്നു. അവരില്‍ ഒഴിവുള്ളയാള്‍ ആംബുലന്‍സുമായി കുതിക്കും.

 

 




MathrubhumiMatrimonial