ആത്മവിശ്വാസത്തിന്റെ അഗ്നിച്ചിറകുകള്‍
Posted on: 03 Dec 2012
യാസിര്‍ ഫയാസ്
ശരീരത്തിന്റെ ചലനശേഷി 95 ശതമാനവും നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജീവിത വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കി മാതൃകയാവുകയാണ് മലപ്പുറത്തെ മുസ്തഫ തോരപ്പ എന്ന സാധാരണക്കാരന്‍

കിടക്കയ്ക്കും വീല്‍ചെയറിനുമിടയിലാണിനി മുസ്തഫയുടെ ജീവിതം. രണ്ട് മണിക്കൂര്‍ ഇടവിട്ട് തിരിച്ചും മറിച്ചും കിടത്തുക, അത്രമാത്രമേ ഇനി ചെയ്യാനുള്ളൂ'. അറ്റുപോയ നട്ടെല്ലില്‍ സ്റ്റീല്‍ റോഡ് വെച്ച് മുസ്തഫയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ സഫിയയുടെ കണ്ണീരണിഞ്ഞ മുഖത്ത് നോക്കി മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മൊഹന്തി പറഞ്ഞ വാക്കുകള്‍. 95 ശതമാനം അംഗവൈകല്യം സംഭവിച്ച, നെഞ്ചിന് താഴേക്ക് സ്പര്‍ശനശേഷി പോലുമില്ലാത്ത ഈ ചെറുപ്പക്കാരന്‍ ഇനിയെന്തു ചെയ്യാനെന്ന് ഡോക്ടര്‍ കരുതിക്കാണും. പക്ഷേ അവശേഷിച്ച 5 ശതമാനം ചലനശേഷി മതിയായിരുന്നു മുസ്തഫയ്‌ക്കൊരു വസന്തം തീര്‍ക്കാന്‍!
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് മടങ്ങവേ തന്റെ മാരുതി 800-ല്‍ ബല്‍ഗാം ചുരം പറന്നിറങ്ങുമ്പോഴും മുസ്തഫയ്ക്ക് ചലനശേഷിയുള്ള കാലുകളില്ലായിരുന്നു. പക്ഷേ ചിറകുകളുണ്ടായിരുന്നു. ആത്മവിശ്വാസത്തിന്റെ ചിറകുകള്‍. ആ ചിറകിലേറി മുസ്തഫ പിന്നെയും പറന്നു. ഒരുപാട് ദൂരം. മലപ്പുറം ചെമ്മന്‍കടവിലെ ചെമ്മണ്‍പാതകള്‍ മുതല്‍ പൂനെയും ബാംഗ്ലൂരും ചെന്നൈയും ആന്‍ഡമാനും സിംഗപ്പൂരും മലേഷ്യയും വരെ. മാത്രമല്ല, മുസ്തഫയുടെ ചിറകിലേറി ചലനശേഷിയില്ലാത്ത മറ്റുപലരും പറന്നു. ഇത് മുസ്തഫ തോരപ്പ! അസാധാരണമായ മനക്കരുത്ത് കൊണ്ട് ജീവിതം തന്നെ വിസ്മയമാക്കിമാറ്റിയ ഒരു സാധാരണ മലപ്പുറംകാരന്‍.
ഫ്ലാഷ് ബാക്ക്
മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് സ്വദേശിയാണ് മുസ്തഫ തോരപ്പ എന്ന ഈ 46 കാരന്‍. കര്‍ഷകരായ മാതാപിതാക്കളുടെ പുത്രന്‍.പതിനാലാം വയസ്സില്‍ ജീപ്പിന്റെ വളയം പിടിച്ച് ഡ്രൈവിങ്ങിന്റെ സാഹസികതയെ പ്രണയിച്ച ചെറുപ്പക്കാരന്‍. മറ്റേതൊരു മലപ്പുറംകാരനെയും പോലെ യൗവനത്തിന്റെ തിളപ്പില്‍ ജീവിതം തേടി കടല്‍ കടന്ന പ്രവാസി. ഒടുവില്‍ ആറ് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ ചെറിയൊരു ബേക്കറിയും ടാക്‌സികാറുമായി ജീവിതയാനം പുതിയ പാതയിലേക്ക് തിരിച്ചുവിട്ടപ്പോഴാണ് വിധി പൊടുന്നനെ അപകടത്തിന്റെ രൂപത്തിലെത്തിയത്. മുസ്തഫയുടെ ജീവിതം വഴിമാറിയൊഴുകി തുടങ്ങുന്നത് അന്നാണ്. 18 വര്‍ഷം മുമ്പുള്ള ഒരു ദിനം. 1994 മാര്‍ച്ച് 28. 28 ാം പിറന്നാളിന്റെ പിറ്റേദിനം. മുസ്തഫ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാഴ്ചയില്‍ താരതമ്യേന ചെറുഅപകടം. അപകടത്തില്‍ ഒരു തുള്ളി ചോരപോലും പൊടിഞ്ഞില്ലെന്ന് മുസ്തഫ ഇന്നും അല്‍ഭുതത്തോടെ ഓര്‍ക്കുന്നു. പക്ഷേ... വയറിന് പിന്നില്‍ വെച്ച് നട്ടെല്ല് വട്ടം ഒടിഞ്ഞു. സുഷുമ്‌ന നാഡി അറ്റുപോയി...ആ നിമിഷം നെഞ്ചിന് താഴെ ശരീരം മുസ്തഫയ്ക്ക് അന്യവസ്തുവായി. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. അവിടെ നിന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലേക്ക്. നീണ്ട ആസ്പത്രി വാസം, സര്‍ജറികള്‍, ആംബുലന്‍സ് യാത്രകള്‍.. ഒടുവില്‍ ഡോക്ടര്‍ വിധിപറഞ്ഞു, പരസഹായമില്ലാതെ ഇനി മുസ്തഫയ്ക്ക് പുറംലോകം കാണാനാവില്ല. വൈകല്യം 95 ശതമാനം!. മൂന്ന് വയസ്സുകാരന്‍ മകന്‍ മുര്‍ഷിദ്, 21 കാരിയായ ഭാര്യ സഫിയ, പ്രായമായ ഉമ്മയും ഉപ്പയും....മറ്റേതൊരു ഇടത്തരക്കാരനെയും പോലെ കുടുംബഭാരം ചുമലിലേറ്റേണ്ട പ്രായത്തില്‍ മുസ്തഫയ്ക്ക് മുന്നില്‍ ജീവിതം വഴിമുട്ടി..കരുണയില്ലാത്ത വിധിക്ക് മുന്നില്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞു. ഒന്ന് ചരിഞ്ഞ് കിടക്കാന്‍ പോലും പരസഹായം വേണ്ട മുസ്തഫ ഇനിയെന്ത് ചെയ്യും...കണ്ടവരൊക്കെ സഹതപിച്ചു. വലിയ സൗഹൃദവലയം സ്വന്തമുണ്ടായിരുന്ന മുസ്തഫയ്ക്ക് ആദ്യകാലത്ത് അവരാണ് ആശ്വാസമായത്. കൂട്ടുകാരുടെ സന്ദര്‍ശനങ്ങള്‍. പക്ഷേ അതും പിന്നെ പിന്നെ കുറഞ്ഞ് തുടങ്ങി. ജീവിതത്തിന്റെ ഒഴുക്കില്‍ മുസ്തഫ മാത്രം ചലനമറ്റ് കിടന്നു. പക്ഷേ തോല്‍ക്കാന്‍ മുസ്തഫയ്ക്ക് മനസ്സില്ലായിരുന്നു.

ജീവിതത്തിലേക്കൊരു 'യു ടേണ്‍'
ആ കിടപ്പിലാണ് ഒരു മുച്ചക്ര സ്‌കൂട്ടറിനെക്കുറിച്ച് മുസ്തഫ ചിന്തിച്ച് തുടങ്ങുന്നത്. മനസ് പായുന്നിടത്ത് ശരീരത്തെ എത്തിക്കാന്‍ ഒരു വാഹനം വേണം. കേട്ടപ്പോള്‍ തന്നെ പലരും നിരുല്‍സാഹപ്പെടുത്തി. എന്തിനീ വയ്യാത്ത പണിക്ക് പോണം..പക്ഷേ മുസ്തഫ അത് നേടിയെടുത്തു. യാത്രയുടെ ആയാസം പക്ഷേ വലുതായിരുന്നു എന്ന് മാത്രം. ഒരിക്കല്‍ യാത്ര കഴിഞ്ഞ് വന്നപ്പോള്‍ സ്പര്‍ശനശേഷിയില്ലാത്ത കാലുകള്‍ എവിടെയൊക്കെയോ ഉരഞ്ഞ് പൊട്ടി ചോരയൊലിക്കുന്നു...വീട്ടില്‍ അടങ്ങിക്കിടക്കാനല്ല, കാലില്ലാത്തവര്‍ക്ക് ഓടിക്കാന്‍ കഴിയുന്ന ഒരു കാറിനെക്കുറിച്ചാണ് അപ്പോഴും മുസ്തഫ ചിന്തിച്ചത്. പ്രവാസകാലത്ത് ഗള്‍ഫില്‍ കണ്ട ഓട്ടോമാറ്റിക് കാറുകളായിരുന്നു മനസ്സില്‍. അങ്ങനെ വര്‍ക്ക്‌ഷോപ്പുകളിലൂടെയായി മുസ്തഫയുടെ പിന്നീടുള്ള അലച്ചില്‍. പലവിധ ഡിസൈനുകള്‍, പരീക്ഷണങ്ങള്‍, പരാജയങ്ങള്‍. പക്ഷേ മനസ്സ് മാത്രം തളര്‍ന്നില്ല. ഒടുവില്‍ 99 ല്‍ കാലില്ലാത്തവര്‍ക്ക് ഓടിക്കാനാവും വിധം കാര്‍ മോഡിഫൈ ചെയ്യുന്നതില്‍ മുസ്തഫ വിജയിച്ചു. മുന്നോട്ടുള്ള വഴി തെളിച്ച് മുസ്തഫയുടെ വീട്ടുമുറ്റത്ത് ആ മാരുതി 800 കിടന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയന്റ് അതായിരുന്നുവെന്ന് മുസ്തഫ ഓര്‍ക്കുന്നു. അതോടെ കരുണയില്ലാത്ത വിധിക്ക് സലാം പറഞ്ഞ് മുസ്തഫ ജീവിതത്തിലേക്കൊരു യു ടേണെടുത്തു. അങ്ങിനെ ജീവിതത്തിന്റെ ക്ലച്ചും ബ്രേക്കും ഗിയറും ആക്‌സിലറേറ്ററുമൊക്കെ മുസ്തഫ തിരിച്ച് പിടിച്ചു. തന്നെപ്പോലെ ചലനശേഷി നഷ്ടമായി കിടക്കയില്‍ കുടുങ്ങിപ്പോയവര്‍ക്ക് വഴിയും വഴികാട്ടിയുമായി മുസ്തഫ മുമ്പേ പറന്നു. കേട്ടറിഞ്ഞെത്തിയവര്‍ക്കൊക്കെ മുസ്തഫ വാഹനം മോഡിഫൈ ചെയ്ത് നല്‍കി അവരുടെ ജീവിതത്തിലേക്ക് കാറ്റും വെളിച്ചവും കടത്തിവിട്ടു.
ഡല്‍ഹിയിലേക്ക് ഒരു സാഹസിക യാത്ര
അക്കാലത്താണ് കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നാഷണല്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷനിലേക്ക് മുസ്തഫയ്ക്ക് ക്ഷണം ലഭിക്കുന്നത്. തന്റെ സാങ്കേതിക വിദ്യ പ്രദര്‍ശിപ്പിക്കാന്‍. ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി മുസ്തഫയായിരുന്നു. ട്രെയിനിലോ വിമാനത്തിലോ പോകാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴും തന്റെ മാരുതി 800 ല്‍ പോകാനായിരുന്നു മുസ്തഫയുടെ തീരുമാനം. വീല്‍ചെയറും കാറിലേറ്റി മൂന്ന് സുഹൃത്തുക്കളെയും കൂട്ടി 2700 കിലോമീറ്റര്‍ സ്വയം വാഹനമോടിച്ച് നാലുദിനം കൊണ്ട് ഡല്‍ഹിയിലെത്തിയ മുസ്തഫ ഡല്‍ഹിയിലെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. പൂര്‍ണമായും കൈകൊണ്ട് നിയന്ത്രിക്കാവുന്ന മുസ്തഫയുടെ വാഹനത്തിന്റെ സാങ്കേതിക വിദ്യ തേടി പിന്നീട് എത്തിയരില്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. മാരുതി മുതല്‍ ഇന്നോവയും ഹോണ്ട സിറ്റിയും വരെ എട്ടുമോഡലുകളിലായി 486 വാഹനങ്ങള്‍ മുസ്തഫ ഇതിനകം മോഡിഫൈ ചെയ്ത് കഴിഞ്ഞു. ബാംഗ്ലൂരിലും ഒറീസയിലും ചെന്നെയിലും ആന്‍ഡമാനിലും മലേഷ്യയിലുമടക്കം മുസ്തഫ ഡിസൈന്‍ ചെയ്ത വാഹനങ്ങളില്‍ ചലനശേഷിയില്ലാത്തവര്‍ ഇന്ന് സഞ്ചരിക്കുന്നുണ്ട്. ഓരോരുത്തരുടെയും വൈകല്യത്തിനനുസരിച്ച് വാഹനം ഡിസൈന്‍ ചെയ്യുക മാത്രമല്ല, വാഹനമോടിക്കാന്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ആത്മവിശ്വാസമേകുകയും ചെയ്യുന്നുണ്ട് മുസ്തഫ. ഒരു കൈ മാത്രം സ്വാധീനമുള്ളവര്‍ക്ക് പോലും ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ ഇന്ന് മുസ്തഫയുടെ ചട്ടിപ്പറമ്പിലെ 'പെര്‍ഫെക്ട് വെഹിക്കിള്‍ കെയര്‍ സെന്ററില്‍' ഡിസൈന്‍ ചെയ്യുന്നുണ്ട്. വര്‍ക്ക്‌ഷോപ്പില്‍ സഹായത്തിന് മേസ്തിരി വിജയനാണ് കൂടെയുള്ളത്.

മുസ്തഫയുടെ 'പിരാന്ത്'
അപകടശേഷം മുസ്തഫയെ അലട്ടിയ മറ്റൊരു പ്രശ്‌നമായിരുന്നു മൂത്രത്തില്‍ പഴുപ്പ്. എന്ത് ചികില്‍സ ചെയ്തിട്ടും അത് മാറുന്നില്ല. ഒടുവില്‍ സ്വാമി നിര്‍മലാനന്ദഗിരിയെ കണ്ടപ്പോള്‍ കുറേ ഔഷധങ്ങള്‍ ഒരു ഓലയില്‍ കുറിച്ച് നല്‍കി. പക്ഷേ ഔഷധം തിരഞ്ഞിറങ്ങിയ മുസ്തഫയ്ക്ക് നിരാശയായിരുന്നു ഫലം. അപൂര്‍വമായ ആ ഔഷധച്ചെടികളൊന്നും തന്നെ കിട്ടാനില്ല. ആ തിരിച്ചറിവാണ് പത്ത് സെന്റ് സ്ഥലത്തെങ്കിലും ഔഷധകൃഷി തുടങ്ങുന്നതിനെക്കുറിച്ച് മുസ്തഫയെ ചിന്തിപ്പിച്ചത്. ഒടുവില്‍ അന്വേഷണം ചട്ടിപറമ്പിലെ ഒന്നരയേക്കര്‍ തരിശുഭൂമിയിലെത്തുകയായിരുന്നു. അപകടത്തില്‍ അറ്റുപോയ മുസ്തഫയുടെ നട്ടെല്ലിന് ഇന്‍ഷുറന്‍സ് കമ്പനിയിട്ട വില മാത്രമായിരുന്നു മൂലധനം. ജീവന്റെ വില! ആ പണം കൊണ്ട് ചട്ടിപ്പറമ്പ് എന്ന കുഗ്രാമത്തില്‍ മുസ്തഫ ഒന്നരയേക്കര്‍ തരിശ്ഭൂമി വാങ്ങുമ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് ' ഓന് പിരാന്താ' ണെന്നാണ്. പക്ഷേ മുസ്തഫയിലെ കര്‍ഷകനെ അതൊന്നും തളര്‍ത്തിയില്ല. വീല്‍ചെയറോടിയ വഴികളിലൊക്കെ കൂവളവും കരിനൊച്ചിയും നീലകൊടുവേലിയും അശോകവുമൊക്കെ തളിര്‍ത്തു. പത്ത് വര്‍ഷം മുമ്പ് വാങ്ങിയ ആ തരിശ് ഭുമിയില്‍ വെച്ചാണ് 'ആരോഗ്യമാസിക'യ്ക്ക് വേണ്ടി മുസ്തഫയെ കാണുന്നത്. നിത്യഹരിത വനത്തെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഒരു മാതൃകാ ഔഷധോദ്യാനമാണിന്നത്. അന്യം നിന്നുപോകുന്ന ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കാനുള്ള മുസ്തഫയുടെ പരിശ്രമം ഇവിടെ തണല്‍വിരിച്ചുനില്‍ക്കുന്നു. അഗസ്ത്യാര്‍ വനങ്ങളില്‍ തിരഞ്ഞാല്‍ പോലും ഇന്ന് കിട്ടാനില്ലാത്ത ആരോഗ്യപ്പച്ച മുതല്‍ ഏക നായകവും അണലിവേഗവും വരെ ഈ തോട്ടത്തിലുണ്ട്. അപൂര്‍വമായ 191 ഔഷധസസ്യങ്ങള്‍. ഇവിടുത്തെ നഴ്‌സറിയില്‍ നിന്ന് ഔഷധ തൈകള്‍ നാടെങ്ങുമുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോകുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉദ്യാനത്തിലെത്തി ഔഷധച്ചെടികളെ പരിചയപ്പെടുന്നു, പ്രോജക്ട് ചെയ്യുന്നു. സ്‌കൂളിനും കോളേജിനും പൊതുസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമൊക്കെ ഔഷധത്തോട്ടമുണ്ടാക്കാന്‍ തൈകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. രോഗികള്‍ക്കും ആവശ്യക്കാര്‍ക്കും ഔഷധങ്ങള്‍ സൗജന്യമായി നല്‍കുന്നു. തോട്ടത്തിന് നടുവിലെ ചെമ്മണ്ണിന്റെ നിറമുള്ള രണ്ട് മുറി ഔട്ട് ഹൗസില്‍ മുസ്തഫയുമായി സംസാരിച്ചിരിക്കുമ്പോള്‍ കഷായത്തില്‍ ചേര്‍ക്കുന്ന കാട്ടമ്പയം എന്ന ഔഷധം തേടി നാഗാര്‍ജുന ഔഷധശാലക്ക് വേണ്ടി മരുന്ന് ശേഖരിക്കുന്ന സംഘമെത്തി. പച്ചമരുന്ന് കച്ചവടക്കാര്‍ മുതല്‍ കഫ്‌സിറപ്പ് കമ്പനികള്‍ വരെ ഇന്ന് മുസ്തഫയെത്തേടിയെത്തുന്നു.
തീയില്‍ കുരുത്ത പാടം
ഔഷധ സസ്യകൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല മുസ്തഫയുടെ കൃഷിപ്രേമം. ഔഷധത്തോട്ടത്തിനല്‍പം അകലെ പാട്ടത്തിനെടുത്ത ആറേക്കറില്‍ പച്ചവിരിച്ച് നില്‍പ്പുണ്ട് മലപ്പുറത്തുകാരുടെ ഇഷ്ട വിഭമായ പൂളയും (കപ്പ) വാഴയും ചേനയും വെള്ളരിയും കുമ്പളവും ചുരയ്ക്കയും മറ്റു പച്ചക്കറികളുമൊക്കെ. ജൈവരീതിയിലാണ് കൃഷി മുഴുവന്‍. കൂടെ തോട്ടത്തില്‍ ജോലിയെടുക്കാന്‍ ആറ് തൊഴിലാളികളുണ്ടെങ്കിലും കാറിലും വീല്‍ ചെയറിലുമായി മുസ്തഫയുടെ കണ്ണെത്താത്ത ഇടങ്ങളില്ല ഈ തോട്ടത്തില്‍. ആത്മയുടെ ഫാം സ്‌കൂളായും പഞ്ചായത്തിന്റെ പ്രദര്‍ശന കൃഷിയായും മുസ്തഫയുടെ ഔഷധ തോട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഔഷധ മിത്രം അവാര്‍ഡ്, മാതൃക കര്‍ഷകന്‍ അവാര്‍ഡ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും മുസ്തഫയെത്തേടിയെത്തി. ഇതു കൂടാതെ ചെട്ടിപറമ്പ് അങ്ങാടിയില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഏജന്‍സിയും മുസ്തഫ നടത്തുന്നുണ്ട്.

മുസ്തഫയുടെ സ്വപ്നം
സഹതാപമല്ല, സൗഹാര്‍ദപൂര്‍ണമായ പെരുമാറ്റവും ജീവിതത്തോട് ചേര്‍ത്തുനിറുത്തുന്നതിനുള്ള പരിശ്രമങ്ങളുമാണ് വികലാംഗര്‍ക്ക് ആവശ്യമെന്ന് പറയുന്ന മുസ്തഫ സമാന ദുഃഖിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 'ലൈഫ് ലൈന്‍' എന്ന സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. കൃഷിയില്‍ നിന്ന് കിട്ടുന്ന ആദായം മുഴുവന്‍ അതിനായാണ് ചെലവഴിക്കുന്നത്. തന്റെ സ്വപ്‌ന പദ്ധതിയായ പുനരധിവാസ കേന്ദ്രത്തിന്റെ പണിപ്പുരയിലാണ് മുസ്തഫയിപ്പോള്‍. ചലനശേഷിയില്ലാത്തവരെ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സൗജന്യ പുനരധിവാസ കേന്ദ്രമാണ് ചെട്ടിപ്പറമ്പില്‍ മുസ്തഫ വിഭാവന ചെയ്തിരിക്കുന്നത്. ഒരു ചാനലിലെ 'ഡീല്‍ ഓര്‍ നോ ഡീല്‍' പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച മൂന്നരലക്ഷം രൂപയുമായാണ് തുടക്കം. കുറുവ പഞ്ചായത്തംഗമായ സുഹൃത്ത് സൗജന്യമായി നല്‍കിയ 35 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. വെല്ലൂര്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ മാതൃകയില്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന് 80 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിനായി സന്നദ്ധ പ്രവര്‍ത്തകരടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുസ്തഫയുടെ എല്ലാ ഉദ്യമങ്ങള്‍ക്കും താങ്ങും തണലുമായി ഭാര്യ സഫിയയും മകന്‍ മുര്‍ഷിദും സദാ കൂടെയുണ്ട്.
മുസ്തഫ എന്ന മഹാഔഷധി
രണ്ട് കാലുള്ളവര്‍ പോലും ഓടിയെത്താത്ത വിദൂര ദേശങ്ങളിലേക്ക് ഇന്ന് മുസ്തഫ പറന്നെത്തുന്നു. KL 10 AF 876 എന്ന തന്റെ വെളുത്ത വാഗണ്‍ ആറില്‍. ദിനവും പുലര്‍ച്ചെ 6ന് തുടങ്ങുന്ന ആ ഓട്ടം പാതിര വരെ നീളും. ഒരു നിമിഷം പോലും വിശ്രമമില്ലാതെ മുസ്തഫയുടെ മൊബൈല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. അത്രമേല്‍ ലോകത്തോട് കണക്ടഡാണ് മുസ്തഫയിന്ന്. ചിലര്‍ക്ക് വേണ്ടത് വാഹനം. മറ്റുചിലര്‍ക്ക് ആവശ്യം ഔഷധച്ചെടികള്‍. ഇനിയും ചിലര്‍ക്ക് വേണ്ടത് ഒരു തുള്ളി ആത്മവിശ്വാസം... എല്ലാവര്‍ക്കും നല്‍കാന്‍ എന്തെങ്കിലും മുസ്തഫയുടെ കയ്യിലുണ്ട്. ജീവിതത്തെ അത്രമേല്‍ പ്രണയിക്കയാല്‍ പ്രതിസന്ധികള്‍ ഈ മനുഷ്യന് കരുത്തായി മാറുകയായിരുന്നു. ഇലയും പൂവും വേരും കായുമൊക്കെ സമൂലം ഉപയോഗിക്കാവുന്ന തന്റെ ഔഷധോദ്യാനത്തിലെ ഒരു മഹാഔഷധിയെ അനുസ്മരിപ്പിച്ച് മുസ്തഫ തോരപ്പ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഫോണ്‍: 9447137572

ആരോഗ്യമാസിക-നവംബര്‍ ലക്കം