
കാശിനാഥന്‍ സാക്ഷി
Posted on: 13 Feb 2009
sacrosanct
ജനിമൃതികള്‍ക്കപ്പുറത്തേക്കുള്ള യാത്ര തുടങ്ങുന്നത് ഈ തീരത്തുനിന്നാണ്, കാശിയില്‍ നിന്ന്. ഇതിഹാസവും പുരാണവും ചരിത്രവും ഈ പുരാതനവഴികളില്‍ ഇടകലരുന്നു. എല്ലാറ്റിനും സര്‍വസാക്ഷിയായി ഒഴുകുന്ന ഗംഗ. വാരണാസിയിലൂടെ മോഹന്‍ലാല്‍ തന്റെ യാത്ര തുടരുന്നു

'ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീ നിരന്തര വിഭൂഷിത വാമഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വരാണസീ പുരപതിം ഭജവിശ്വനാഥം'
വേദവ്യാസന്‍ രചിച്ച ഈ ശ്ലോകം 'ദേവാസുരം' എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രം ചൊല്ലുന്നുണ്ട്. കാശിയില്‍ വിശ്വനാഥന്റെ കാല്‍ചുവട്ടില്‍ വച്ച് ഈ ശ്ലോകം ചൊല്ലാന്‍ ഒരു രസമുണ്ട്. ചില സ്ഥലങ്ങളില്‍ കാവ്യം പ്രാര്‍ത്ഥന തന്നെയാകുന്നു.
രാജ്യത്തിനകത്തും പുറത്തും എത്രയോ സഞ്ചരിക്കുന്നു, മിക്കതും ഷൂട്ടിങ്ങിനുവേണ്ടി. എവിടെയെത്തിയാലും ക്യാമറയും ആര്‍ക്ക്‌ലൈറ്റും വച്ച്, ക്ലാപ്പ് ബോര്‍ഡുമായി സഹപ്രവര്‍ത്തകരും നിര്‍ദ്ദേശങ്ങളുമായി സംവിധായകനും നിന്നാല്‍ ഞാന്‍ അതിനകത്തു പെടും. സ്റ്റാര്‍ട്ട്-ആക്ഷന്‍-ക്യാമറ-കട്ട്. പതിനെട്ടുവയസ്സുമുതല്‍ കാതില്‍വന്നു വീണുനിറഞ്ഞ വാക്കുകള്‍. അപ്പോള്‍ എല്ലാ സ്ഥലവും ഒരു പോലെയാണ്. ഇടവേളകളുടെ വിള്ളലുകള്‍ക്കിടയിലൂടെ കടന്നുവരുന്ന ഒരു കാഴ്ച്ചയോ, കാറ്റോ മാത്രമാവും ആ ദേശം. എന്നാല്‍ ചില സ്ഥലങ്ങള്‍ അങ്ങിനെയേയല്ല. തൊഴിലിന്റെ എല്ലാ ബഹളങ്ങളെയും മറികടന്ന് ആ സ്ഥലവും അതിന്റെ ചരിത്രവും അതിനെ ചുറ്റിനില്‍ക്കുന്ന മിത്തുകളും ഗന്ധങ്ങളുമെല്ലാം നമ്മിലേക്ക് പ്രസരിക്കും. കാശി എനിക്ക് അങ്ങിനെയൊരിടമാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാശിയിലെത്തുമ്പോള്‍ ഞാന്‍ ആന്തരീകമായും ബാഹ്യമായും ഏറെ മാറിയിരുന്നു. എന്നില്‍ എന്തൊക്കയോ കെടുകയും മറ്റെന്തൊക്കെയോ തളിര്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ, കാശിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഋഗ്വേദ കാലഘട്ടത്തില്‍ എങ്ങിനെയായിരുന്നോ അതേ നിര്‍മമതയോടെ. നിഗൂഢതയോടെ ഈ പുരം എനിക്കു ചുറ്റും നിറഞ്ഞു നിന്നു. അതേ നിസ്സംഗതയോടെ ഗംഗ ഒഴുകി.
ഒരാഴ്ച്ചയോളം ഞാന്‍ ഇത്തവണ കാശിയില്‍ ഉണ്ടായിരുന്നു. അതിനിടെ ഈ നഗരത്തിന്റെ എല്ലാ ഭാവങ്ങളും കണ്ടു. അതിന്റെ സന്ധ്യകള്‍, രാത്രികള്‍, പ്രഭാതങ്ങള്‍, ഉത്സവങ്ങള്‍, കച്ചവടങ്ങള്‍ എല്ലാം. ഇവയെല്ലാം ചേര്‍ന്നതാണ് കാശി. അതുകൊണ്ട് ഇതിനെ നിഗൂഢ നഗരം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.

സ്ത്രീ-പുരുഷ ഭേദമില്ലാതെയാണ് കാശിഘാട്ടുകളില്‍ തീര്‍ത്ഥാടകര്‍ കുളിക്കുന്നത്. ലജ്ജയുമില്ല. കാമവും തോന്നുന്നില്ല. എരിയുന്ന ചിതകള്‍ കണ്ടു കണ്ട് ഇവിടെയെത്തുന്ന മനുഷ്യരിലെ കാമമെല്ലാം കത്തിതീരുന്നതാണോ? അതോ ഭക്തിക്കു മുന്നില്‍ കാമം അശുദ്ധവസ്തുവാണ് എന്ന വിശ്വാസമോ?
കാശിയോളം എന്നെ അത്ഭുതപ്പെടുത്തിയതാണ് ഗംഗയുടെ തീരത്തെ കാശി രാജ പാലസ്. കാശിയിലെ പുരാതന രാജഗൃഹം. ഗംഗയില്‍ നിന്നും ഈ കൊട്ടാരത്തിലേക്ക് പടവുകള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. കൊട്ടാരത്തിന്റെ ശില്‍പ്പസുന്ദരമായ മട്ടുപ്പാവില്‍ നിന്നാല്‍ മുന്നില്‍ നിറഞ്ഞ ഗാംഭീര്യത്തോടെ ഒഴുകുന്ന ഗംഗ. ജലസമൃദ്ധമാവുന്ന കാലങ്ങളില്‍ ഗംഗ ഈ മട്ടുപ്പാവിന്റെ മുന്നിലേക്ക് കയറിവരും. അതിന് സമാന്തരമായി കൊട്ടാരത്തേക്കാള്‍ തലയെടുപ്പോടെ നില്‍ക്കും. നാടടക്കി ഭരിക്കുന്ന രാജവംശം അപ്പോള്‍ മഹാനദിക്കു മുന്നില്‍ തലകുനിക്കും. പ്രകൃതിക്കു മുന്നില്‍ മനുഷ്യന്‍ നിസ്സാരനാകുന്ന നിമിഷം.

മഹാത്മാഗാന്ധി കാശി സന്ദര്‍ശിച്ചിട്ടുണ്ട്. വളരെ നിരാശനായാണ് അദ്ദേഹം ഇവിടം വിട്ടത്. ഈ നഗരത്തിന്റെയും ദേവാലയപരിസരത്തിന്റെയും വൃത്തിയില്ലായ്മയാണ് അദ്ദേഹത്തെ ദുഃഖിപ്പിച്ചത്. അത്ഭുതമെന്ന് പറയട്ടെ ഇന്ന് അതിന്റെ പതിന്‍മടങ്ങായിട്ടുണ്ട് കാശിയെ മൂടുന്ന മാലിന്യങ്ങള്‍. മലിനമായ ഒരു ചുറ്റുപാടില്‍ െൈദവം വസിക്കുന്നു എന്നതിലെ ലോജിക്ക് എനിക്ക് ഒരിക്കലും പിടികിട്ടിയില്ല. വൃത്തിയില്ലാത്ത ഒരു ദൈവത്തെ എനിക്ക് സങ്കല്‍പ്പിക്കാനുമാവില്ല പക്ഷേ, നമ്മുടെ അന്ധമായ ഭക്തി ഈ വൃത്തിയില്ലായ്മ കാണാറില്ല. ദൈവാനുഗ്രഹം തേടി വരുന്ന നമ്മളാണ് ദേവാലയങ്ങളെല്ലാം മലിനമാക്കുന്നത് എന്ന് നാം ചിന്തിക്കാറുമില്ല. അനുഗ്രഹം വാങ്ങി ദൈവത്തെ മാലിന്യക്കൂമ്പാരത്തിലുപേക്ഷിച്ചു നാം പോകുന്നു!

