goodnews head

യഥാര്‍ഥിന്റെ ഹൃദയം മിടിക്കുന്നു; ലോകത്തിന് തിരിച്ചറിവു നല്‍കിക്കൊണ്ട്...

Posted on: 26 Jan 2009


ചെന്നൈ: രണ്ടുവയസ്സുകാരനായ യഥാര്‍ഥില്‍ മിടിക്കുന്ന പുതിയ ഹൃദയതാളം ഈ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നല്‍കിയത് തിരിച്ചറിവിന്റെയും ബോധവത്കരണത്തിന്റെയും പുതുനാമ്പുകളാണ്. ''ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചു. മാത്രമല്ല, അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങള്‍ മറ്റുള്ളവരില്‍ ബോധവത്കരണവും നടത്തും.'' അഹമ്മദാബാദ് സ്വദേശികളായ വിജയ് കിഷോര്‍ അസ്താനയും ഭാര്യ ശില്പ വിജയ് അസ്താനയും ഏകസ്വരത്തില്‍ ഇത് പറഞ്ഞപ്പോഴും അവരുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു. തങ്ങളുടെ മകന്‍ യഥാര്‍ഥിന്റെ ജീവിതം തിരിച്ചുകിട്ടിയതില്‍ ഈ രക്ഷിതാക്കള്‍ സന്തോഷിക്കുന്നു.

''പക്ഷേ, എന്റെ മകന്‍ ജീവിക്കുമ്പോള്‍, അതിനു കാരണക്കാരിയായ മറ്റൊരു കുട്ടി ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ശരിക്കും അവള്‍ ഞങ്ങളുടെ മകള്‍തന്നെയല്ലേ; പിറക്കാതെ പോയ പൊന്നുമകള്‍''-ശില്പ വിജയയുടെ കണുമിടറുന്നു. യഥാര്‍ഥിന്റെ ജീവന്‍ ഒരിക്കലും തിരിച്ചെടുക്കാനാകുമെന്ന് ഈ രക്ഷിതാക്കള്‍ കരുതിയിരുന്നില്ല. അമേരിക്കയിലും ബ്രിട്ടനിലും എന്നുവേണ്ട, തങ്ങളാലാവുന്ന സ്ഥലത്തൊക്കെ മകന്റെ ജീവന്‍ രക്ഷിക്കാനുള്ള വഴികള്‍ തേടിയ ഇവര്‍ ഒടുവിലാണ് മലയാളിയായ ഡോ. കെ.എം. ചെറിയാന്റെ ഫ്രോണ്ടിയര്‍ ലൈഫ്‌ലൈന്‍ ഹോസ്​പിറ്റലില്‍ എത്തിച്ചേരുന്നത്. ''ഹൃദയം മാറ്റിവെക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇത്ര പ്രായംകുറഞ്ഞ കുട്ടിക്ക് പുതിയ ഹൃദയം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവയവദാനത്തിന് ആരെങ്കിലും തയ്യാറായാല്‍ ഹൃദയം മാറ്റിവെക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഞങ്ങള്‍ ലൈഫ്‌ലൈന്‍ ആസ്​പത്രിയില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ടിക്കറ്റും ബുക്ക്‌ചെയ്തു. അതിനിടയിലാണ് ഡോ. ചെറിയാന്റെ ആസ്​പത്രിയില്‍നിന്ന് ഫോണ്‍കോള്‍ വരുന്നത്''-സത്യത്തില്‍ മകന്റെ ജീവന്‍ ഒരു ഭാഗ്യംപോലെയാണ് ഞങ്ങള്‍ക്ക് തിരിച്ചുകിട്ടിയതെന്ന് വിജയ്കിഷോറും ഭാര്യയും പറയുന്നു.

ബാംഗ്ലൂരില്‍ അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച തമന്ന (മൂന്ന്) എന്ന മലയാളിബാലികയുടെ ഹൃദയമാണ് ഇപ്പോള്‍ യഥാര്‍ഥില്‍ മിടിക്കുന്നത്. റാന്നി ഐത്തല പട്ടരുമഠത്തില്‍ റെനില്‍സണ്‍ ജോസഫിന്റെ മകളാണ് തമന്ന. ദുരന്തത്തില്‍ റെനില്‍സന്റെ ഭാര്യ നിഷയും മരിച്ചിരുന്നു. തമന്നയുടെ കണ്ണുകള്‍, ഹൃദയം, വൃക്ക, കരള്‍, പ്ലീഹ തുടങ്ങി ഏഴ് അവയവങ്ങളാണ് ജീവകാരുണ്യത്തിന്റെ മഹിമയറിഞ്ഞ് റെനില്‍സണ്‍ ദാനംനല്‍കാന്‍ സമ്മതം നല്‍കിയത്. തമന്നയെക്കുറിച്ചുള്ള വിവരമറിഞ്ഞാണ് ഡോ. കെ.എം. ചെറിയാന്‍ ആ കുട്ടിയുടെ ഹൃദയം യഥാര്‍ഥില്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. രണ്ടുമണിക്കൂറും 42 സെക്കന്‍ഡും സമയമെടുത്താണ് ബാംഗ്ലൂരില്‍നിന്ന് തമന്നയുടെ ഹൃദയം ചെന്നൈയിലെത്തിച്ചത്. നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ തമന്നയുടെ ഹൃദയം യഥാര്‍ഥില്‍ മിടിച്ചു.

രണ്ടുമാസംമുമ്പ് ജിതേന്ദ്രന്‍ എന്ന യുവാവിന്റെ ഹൃദയം അഭിരാമി എന്ന പെണ്‍കുട്ടിയില്‍ ഡോ. ചെറിയാന്‍ മാറ്റിവെച്ചിരുന്നു. യഥാര്‍ഥിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുമുമ്പ് അഭിരാമിയെയും അമ്മയെയും സന്ദര്‍ശിച്ചിരുന്നു. ''ഡോ. ചെറിയാന്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിക്കുമ്പോള്‍ ഞങ്ങള്‍ എന്തുചെയ്യണമെന്ന അവസ്ഥയിലായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവിധ ധൈര്യവും കരുത്തും നല്‍കിയത് അഭിരാമിയും അമ്മയുമായിരുന്നു. അഭിരാമിയെപ്പോലെ, മറ്റൊരാളുടെ ഹൃദയവുമായി ഇപ്പോള്‍ ഞങ്ങളുടെ മകനും ഈ ലോകത്ത് ജീവിക്കുകയാണ്''-വിജയ്കിഷോറും ശില്പ വിജയ്‌യും പറഞ്ഞു.

പ്രശാന്ത് കാനത്തൂര്‍


 

 




MathrubhumiMatrimonial