goodnews head

കാരുണ്യത്തിന്റെ നിലയ്ക്കാത്ത മണിമുഴക്കം

Posted on: 18 Sep 2012


മണ്ണുത്തി (തൃശ്ശൂര്‍): കുഷ്ഠരോഗാസ്?പത്രിയുടെ നടവഴികളിലൂടെ മണിമുഴക്കി മണികണ്ഠനെത്തുമ്പോള്‍ അന്തേവാസികള്‍ക്കറിയാം തങ്ങള്‍ക്കുള്ള ആഹാരമാണ് കൊണ്ടുവരുന്നതെന്ന്. മണികണ്ഠന്‍ വലിക്കുന്ന വണ്ടിയ്‌ക്കൊപ്പം പാലക്കാട്ടുകാരന്‍ മുഹമ്മദും ഉണ്ടാകും.

മുളയത്തെ ഡാമിയന്‍ ഇസ്റ്റിറ്റിയൂട്ടിലാണ് വര്‍ഷങ്ങളായി മുഹമ്മദിന്റെ സേവനം രോഗികള്‍ക്ക് ആശ്രയമാവുന്നത്. 150 ഏക്കര്‍ വരുന്ന ആസ്?പത്രി വളപ്പിലെ ഓരോ ഭാഗത്തും ദിവസവും അഞ്ചുതവണ ഭക്ഷണം എത്തും.

കഴുത്തില്‍ നുകം കെട്ടി, ഭക്ഷണപ്പാത്രങ്ങള്‍ കാളവണ്ടിയില്‍ എടുത്തുവെച്ചാല്‍ മണികണ്ഠന്‍ നടപ്പുതുടങ്ങും. വഴിയും എവിടെയൊക്കെ നില്‍ക്കണമെന്നതും മണികണ്ഠന് ആരും പറഞ്ഞുകൊടുക്കേണ്ട. ഭക്ഷണപ്പാത്രങ്ങള്‍ രോഗികള്‍ക്ക് കൈമാറുകമാത്രമാണ് മുഹമ്മദിനു ചെയ്യേണ്ടത്.

കൊടുവായൂരില്‍നിന്ന് 1959ലാണ് മുഹമ്മദും സഹോദരി ഹാജിറയും രോഗബാധിതരായി ഇവിടെയെത്തിയത്. ആസ്?പത്രിയില്‍ താമസിച്ച് ചികിത്സ തേടി. രോഗവും മാറി. പക്ഷേ, രോഗത്തെ ഭയക്കുന്ന നാട്ടിലേക്ക് തിരികെപ്പോകാനായില്ല. ഹാജിറ കുഷ്ഠരോഗാസ്?പത്രിയിലെ ജീവനക്കാരിയായി. മുഹമ്മദ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ചുമതലയേറ്റെടുത്തു.

ആസ്?പത്രിയിലും രോഗം മാറിയിട്ടും തിരികെ പോകാന്‍ ഇടമില്ലാതെ ഇവിടെ കഴിയുന്നവര്‍ക്കായുള്ള വീടുകളിലും ഭക്ഷണവുമായി ഒരു വട്ടം യാത്ര ചെയ്ത് എത്താന്‍ ഒരു മണിക്കൂര്‍ വേണം. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഭക്ഷണശാലയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.

എട്ടുവയസ്സുകാരനായ മണികണ്ഠനൊപ്പം ഒരു ദിവസം പത്തുകിലോമീറ്ററോളമാണ് ഭക്ഷണവിതരണത്തിനായി മുഹമ്മദ് നടക്കുന്നത്. അദ്ദേഹത്തിന് 59 വയസ്സായി. ഭാര്യയും മൂന്നു മക്കളുമുണ്ട്.

1953ലാണ് മോണ്‍ പോള്‍ ചിറ്റിലപ്പിള്ളി ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയത്. 20,427 പേര്‍ ഇതുവരെ ആസ്?പത്രിയില്‍ ചികിത്സ തേടി. നിര്‍മലദാസി സഭയിലെ കന്യാസ്ത്രീകളാണ് രോഗികളെ പരിചരിക്കുന്നത്. പരിശോധനയ്ക്കായി മൂന്നു ഡോക്ടര്‍മാര്‍ പതിവായി എത്തുന്നു. ഇപ്പോള്‍ 82 രോഗികള്‍ ഇവിടെയുണ്ട്. ഫാ. ആന്റണി മേച്ചേരിയാണ് ഇപ്പോഴത്തെ ഡയറക്ടര്‍.

 

 




MathrubhumiMatrimonial