goodnews head

അകക്കണ്ണില്‍ ജീവിതം നെയ്യുന്നവര്‍

Posted on: 03 Sep 2012


തൃശ്ശൂര്‍ : പോരായ്മകളെ പഴിപറഞ്ഞ് ഭിക്ഷ തേടി നടന്നില്ല. ആര്‍ക്കും ബാധ്യതയുമായില്ല... ജന്മനാ അന്ധരായിട്ടും ആരുടെയും സഹായം ഏറ്റുവാങ്ങാതെ അതിജീവനമെന്ന പാഠം പറഞ്ഞുതരികയാണിവര്‍

സര്‍ക്കാര്‍ ഓഫീസുകളുടെ വരാന്തകള്‍, സ്വകാര്യ കമ്പനികളുടെ ഓഫീസുകള്‍, ആസ്പത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവരെ കാണാം. അന്ധതയെ തോല്പിച്ച് ജീവിതത്തിന്റെ ഇഴകള്‍ തുന്നിച്ചേര്‍ക്കുന്നവര്‍. നൂലുകളുടെ കണ്ണികള്‍ പൊട്ടി ഉപയോഗശൂന്യമായ കസേരകള്‍ ഉപയോഗയോഗ്യമാക്കുകയാണ് ഇവരുടെ ജോലി. അന്ധതയിലും ആരുടെയും സഹായം കൂടാതെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുകയാണിവര്‍.

അടാട്ട് ആളൂക്കാരന്‍ ജയരാജ്, ഒല്ലൂര്‍ പടവരാട് ഊഞ്ഞക്കോട്ടില്‍ എല്‍സി, എല്‍ത്തുരുത്ത് നിന്നുള്ള ലൂസി ജോസ് എന്നിവരാണ് കസേര നെയ്ത്തുമായി ജീവിതത്തെ തുന്നിച്ചേര്‍ക്കുന്നത്. ഗവ. മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ കസേരകളാണ് ഇപ്പോള്‍ ഇവര്‍ക്ക് ജീവിതോപാധി.

തൃശ്ശൂര്‍ ഒളരി ഇ.എസ്.ഐ.ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിലെ അംഗങ്ങളാണിവര്‍. 500 ഓളം അംഗങ്ങളുള്ള സംഘടനയില്‍ മൂന്ന് പേരാണ് കസേര നെയ്ത്തുമായി ജീവിതത്തെ സമീപിക്കുന്നത്. തിരുവനന്തപുരത്ത് ആറ് മാസം നിന്നാണ് ഇവര്‍ കസേരകള്‍ നെയ്യാന്‍ പഠിച്ചത്. 12 വര്‍ഷം മുമ്പാണ് ജയരാജന്‍ ഈ മേഖലയിലേക്ക് കടക്കുന്നത്. മരച്ചട്ടയിലുള്ള തുളകളില്‍ കൈവെച്ചാണ് നെയ്ത്ത്. കാണാന്‍ കഴിയില്ലെങ്കിലും കൃത്യമായി തുളകളും ആവശ്യമായ പ്ലാസ്റ്റിക് നൂലുകളും തിരിച്ചറിഞ്ഞാണ് നെയ്ത്ത്. മരച്ചട്ടയിലെ തുളകളുടെ വീതി കണക്കാക്കിയാണ് നൂലുകള്‍ തിരഞ്ഞെടുക്കുക.

മഹാരാഷ്ട്രയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്. ഒരു ഭാഗം നെയ്താല്‍ 150 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. ഒരു ദിവസം മൂന്നോ നാലോ ഭാഗം മാത്രമാണ് തുന്നാന്‍ കഴിയുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി, കോര്‍പ്പറേഷന്‍ ഓഫീസ്, ഏജീസ് ഓഫീസ്, ഇ.എസ്.ഐ. ഓഫീസ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് കൂടുതല്‍ ജോലികള്‍ ലഭിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങള്‍, വീടുകള്‍, ബസ്സുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജോലികളും ലഭിക്കാറുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ളതിന് ടെണ്ടര്‍ നല്‍കണം. സംഘടന വഴിയാണ് ടെണ്ടറുകള്‍ നല്‍കി ജോലികള്‍ ഏറ്റെടുക്കുന്നത്. വലിയ ഓഫീസുകളില്‍ നിന്ന് കരാറുകള്‍ ലഭിക്കുമ്പോള്‍ ഒന്നോ രണ്ടോ മാസത്തെ ജോലികള്‍ ഉണ്ടാകാറുണ്ട്. തിരക്കേറുമ്പോള്‍ വീട്ടില്‍ കൊണ്ടുപോയി പണിതീര്‍ക്കുകയാണ് പതിവെന്ന് പടവരാട്ടെ എല്‍സി പറഞ്ഞു.

നല്ല പ്ലാസ്റ്റിക് നൂലിന് കിലോയ്ക്ക് 250 രൂപയിലേറെയാണ് വില. നൂലിന് ഉണ്ടാകുന്ന വില വര്‍ധന ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൃത്യമായി സൂക്ഷിക്കുകയാണെങ്കില്‍ വര്‍ഷങ്ങളോളം നെയ്ത കസേരകള്‍ കേടുകൂടാതെ നില്‍ക്കും. വെയിലും മഴയും കൊള്ളുമ്പോള്‍ നൂലിന്റെയും മരച്ചട്ടയുടെയും ഉറപ്പ് കുറയും.

ജയരാജിനും എല്‍സിക്കും ലൂസിക്കും കുടുംബം പോറ്റാന്‍ കസേരനെയ്ത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം വേണം. ജോലിയില്ലാതെ ഇരിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളിലാണ് ജീവിതം ചോദ്യചിഹ്നമാകുന്നത്. 9895612556 എന്ന നമ്പറില്‍ ജയരാജിന്റെയും 9288167315 എന്ന നമ്പറില്‍ എല്‍സിയുടെയും സേവനംലഭ്യമാണ്.

 

 




MathrubhumiMatrimonial