ആംബുലന്‍സ് ഡ്രൈവറുടെ ഓര്‍മകള്‍
Posted on: 24 Aug 2012
വി.ദാമോദരന്‍
കണ്ണൂര്‍ : ആ ജോലിയില്‍നിന്ന് വിടപറയുമ്പോള്‍ കല്യാശ്ശേരിയിലെ മാതോടം ജനാര്‍ദനന്‍ എന്ന ജനേട്ടന്റെ മനസ്സില്‍ എന്തായിരിക്കും. നീണ്ട 32 വര്‍ഷം ആര്‍ക്കു വേണ്ടിയാണ് അദ്ദേഹം ജീവിതം ചലിപ്പിച്ചത്. മറ്റാര്‍ക്കുമല്ല ഇനി ഒരിക്കലും ചലിക്കാത്തവര്‍ക്ക്‌വേണ്ടിത്തന്നെ. ശരിക്കും പറഞ്ഞാന്‍ മരിച്ചവര്‍ക്ക് വേണ്ടി. ഒപ്പം ജീവന് വേണ്ടി പിടഞ്ഞ പലര്‍ക്കുവേണ്ടിയും. പലരുടെയും ജീവന്‍ രക്ഷിക്കാന്‍ തന്റെ വളയം കൊണ്ടു കഴിഞ്ഞതിന്റെ പേരിലും ജനാര്‍ദനന്‍ കൃതാര്‍ഥനാണ്.

ഒരു ആംബുലന്‍സ് ഡ്രൈവര്‍ എന്നനിലയില്‍ 32 വര്‍ഷത്തെ സേവനത്തിനുശേഷം എ.കെ.ജി.ആസ്പത്രിയില്‍ നിന്ന് ജനാര്‍ദനന്‍ അടുത്തദിവസം പടിയിറങ്ങുകയാണ്. നീണ്ട കാലയളവില്‍ നൂറുകണക്കിന് ശവശരീരങ്ങളുമായി കേരളത്തിനകത്തും പുറത്തും അദ്ദേഹം വളയം പിടിച്ചോടി. കൂടെ യാത്രചെയ്യുന്നത് മരിച്ച മനുഷ്യനാണ് എന്ന് തോന്നാറേയില്ല. 'മിണ്ടാതെ' കൂടെ യാത്ര ചെയ്യുന്ന മറ്റൊരു യാത്രക്കാരന്‍മാത്രമാണ് അയാള്‍ക്ക് ഓരോ മരിച്ച മനുഷ്യനും. ചിലപ്പോള്‍ കീറിമുറിച്ച് പരിശോധിക്കാന്‍ പോസ്റ്റുമോര്‍ട്ടം ടേബിളിലേക്ക്. അല്ലെങ്കില്‍ കൂട്ടക്കരച്ചിലില്‍ അലതല്ലുന്ന ഏതെങ്കിലും വീട്ടിലേക്ക്. അതുമല്ലെങ്കില്‍ അനാഥന് അവസാനത്തെ വഴിയമ്പലങ്ങളാകുന്ന ശ്മശാനങ്ങളിലേക്ക്. മരിച്ച മനുഷ്യരുടെ തണുത്തു വിറങ്ങലിച്ച മുഖം കണ്ട്കണ്ട് വെറും നിസ്സംഗത മാത്രമാണ് ഓരോ മരണത്തോടും ജനാര്‍ദനന് ഇപ്പോള്‍.
ആംബുലന്‍സിന്റെ വെളുത്ത ശരീരത്തിന്റെ ഉള്‍വശം എന്നും ശോകത്തിന്റെയും നിലവിളിയുടെയും കടുത്ത തേങ്ങലുകളുടേതുമാണ്. വേദനയാണ് അതിന്റെ തണുത്ത ഇന്ധനം. പിന്നില്‍ തേങ്ങലിന്റെയും നിലവിളിയുടെയും പൊള്ളുന്ന 'സംഗീത'ത്തില്‍ നിശ്ശബ്ദനായി ജനേട്ടന്‍ 32 വര്‍ഷം വണ്ടിഓടിച്ചുകൊണ്ടേയിരുന്നു. ഇനി സ്വസ്ഥം വീട്ടിലേക്ക്.
മൂന്ന്പതിറ്റാണ്ടുകാലത്തെ ആംബുലന്‍സ് സേവനത്തിനിടയില്‍ ഒരുപാട് അനുഭവങ്ങള്‍ ഇദ്ദേഹത്തിന് പറയാനുണ്ട്. 1982 ഒക്ടോബറിലാണ് ആദ്യത്തെ സംഭവം. വാഹനമിടിച്ച് തല പിളര്‍ന്ന് കിടന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെയുംകൊണ്ട് മണിപ്പാല്‍ ആസ്പത്രിയിലേക്ക് പോകേണ്ടിവന്നു. മരണത്തിലേക്കുള്ള ദൂരം അടുത്തുവരികയും ജീവന്റെ തുടിപ്പ് സമയത്തോടൊപ്പം കുറഞ്ഞുതുടങ്ങുകയും ചെയ്യുന്ന സന്ദര്‍ഭം. ഒരു രോഗിയെ മണിപ്പാലില്‍ എത്തിച്ച് മടങ്ങുമ്പോള്‍ പള്ളിക്കുന്ന് ജയിലിന് സമിപത്തായിരുന്നു സംഭവം. മൃതപ്രായനായ യുവാവിനെ ആംബുലന്‍സില്‍ കയറ്റിയത് മാത്രമാണ് ഓര്‍മ. നാലു മണിക്കൂറിനകംതന്നെ മണിപ്പാല്‍ ആസ്പത്രിയില്‍ എത്തിച്ചു. അപ്പോഴും യുവാവില്‍ നേരിയ ജീവന്റെ സ്പന്ദനം നിലനില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ആ സംഭവത്തെക്കുറിച്ച് ഓര്‍ത്തിരുന്നില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം, ഒരു യുവാവ് സമ്മാനപ്പൊതിയുമായി എ.കെ.ജി. ആസ്പത്രിക്ക് സമീപമെത്തി ജനാര്‍ദനനെ അന്വേഷിച്ചു. ഒന്നും മനസ്സിലായില്ല. അല്പസമയത്തിന് ശേഷമാണ് ആ യുവാവ് മാസങ്ങള്‍ക്കുമുന്‍പ് അപകടത്തില്‍പ്പെട്ട് താന്‍ മണിപ്പാലില്‍ എത്തിച്ച അജ്ഞാതനാണെന്ന് വ്യക്തമായത്. നന്ദി പറയാനാണ് നേരിട്ടെത്തിയത്.
ഒരിക്കല്‍ കണ്ണൂരില്‍നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറിയുടെ ക്ലീനര്‍ രാജസ്ഥാനില്‍ മരിച്ചു. ക്ലീനറുടെ മൃതദേഹം ലോറിയുടെ ബോഡിയുടെ മുകളില്‍ കെട്ടിവെച്ച് ലോറി ഡ്രൈവര്‍ നാട്ടിലേക്കും മൃതദേഹം സ്വീകരിക്കാന്‍ കണ്ണൂരില്‍നിന്ന് ജനാര്‍ദനന്‍ രാജസ്ഥാനിലേക്കും തിരിച്ചു. ഇരുവാഹനങ്ങളും മഹാരാഷ്ട്രയിലെ ദേശീയപാതയില്‍ കണ്ടുമുട്ടി. മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റി. ഏകനായി ദിവസങ്ങള്‍ താണ്ടി നാട്ടിലെത്തിച്ചു.
മാരകമായ രോഗത്തിലും അപകടത്തില്‍പ്പെട്ടതുമായ നൂറുകണക്കിനാളുകളെ മരണത്തിനും ജീവിതത്തിനുമിടയിലെ വിലയേറിയ സമയത്തെ വളയത്തിന്റെ സഹായത്താല്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതോര്‍ക്കുമ്പോള്‍ ജനാര്‍ദനന് ചാരിതാര്‍ഥ്യം. അഴുകിയതും അഴുകിത്തുടങ്ങിയതുമായ എത്രയോ മൃതദേഹങ്ങള്‍ യാതൊരു വൈമനസ്യവുമില്ലാതെ ആംബുലന്‍സില്‍ കയറ്റി ദുര്‍ഗന്ധവും സഹിച്ച് ലക്ഷ്യത്തിലെത്തിച്ചതും അനുഭവങ്ങളില്‍പെടുന്നു.
പാപ്പിനിശ്ശേരിയിലെ നായിക്ക് ഡോക്ടറുടെ ഡ്രൈവറായി ജോലി തുടങ്ങിയ ജനാര്‍ദനന് അദ്ദേഹത്തിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയിലെ ആംബുലന്‍സ് ഡ്രൈവറുടെ ജോലികിട്ടിയത്. ഇത്രയും കാലം ആംബുലന്‍സ് ഡ്രൈവറായി സേവനമനുഷ്ഠിക്കുകയെന്നത് അപൂര്‍വമാണ്. പുതിയ തലമുറ ഈ മേഖലയോട് വിമുഖത കാണിക്കുമ്പോള്‍ ജീവിതത്തിന്റെ നല്ല പ്രായം പൂര്‍ണമായും 'അത്യാഹിത'ങ്ങള്‍ക്കൊപ്പം കഴിച്ചുകൂട്ടിയ ആളാണ് ഇദ്ദേഹം.കല്ല്യാശ്ശേരി സെന്‍ട്രലില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ജനാര്‍ദനന് രണ്ടുആണ്‍മക്കളുണ്ട്. ഭാര്യ: പ്രേമ.