
വൈകല്യം വഴിമാറുന്നു; മഹേഷിന്റെ വിജയത്തിന് ഡബ്ബിള്‍ ക്ലിക്ക്
Posted on: 10 Jun 2012
കെ.ബി. ദിലീപ്കുമാര്‍

അവിട്ടത്തൂര്‍ തെയ്ക്കാട്ട് ഗോവിന്ദന്‍ നായരുടെയും കണ്ണത്ത് രുക്മിണിഅമ്മയുടെയും മകനായ മഹേഷിന് പതിനഞ്ചാംവയസ്സില്‍ വന്ന അസുഖത്തെത്തുടര്‍ന്നാണ് അരയ്ക്ക് കീഴ്‌പ്പോട്ടും ഇടതുകയ്യും പൂര്‍ണ്ണമായും വലതുകൈ ഭാഗികമായും തളര്‍ന്നത്.
മഹേഷ് വീട്ടിലിരുന്ന് കറസ്‌പോണ്ടന്‍സായി പഠിച്ച് ബി.എ. ഹിസ്റ്ററിയും പി.ജി.ഡി.സി.എ.യും പാസായി. സ്വന്തമായി വാങ്ങിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. മഹേഷിനെ സഹായിക്കാന്‍ വിദ്യാര്‍ഥികളും സുഹൃത്തുക്കളും രംഗത്തെത്തി. 1.40 ലക്ഷം രൂപ ചെലവഴിച്ച് ഒരു വീല്‍ചെയര്‍ വാങ്ങി അവര്‍ മഹേഷിന് നല്‍കി. ഇതിനിടെ വികലാംഗയായ ഒരു പെണ്‍കുട്ടിയെ മഹേഷ് ജീവിതസഖിയാക്കി. രാവിലെ 7.30ന് വില്‍ചെയറില്‍ കയറുന്ന മഹേഷ് രാത്രി 11.30-ഓടെയാണ് അതില്‍നിന്നിറങ്ങുക. ഓട്ടോകാഡ് പഠിച്ച് മഹേഷ് വീടുകള്‍ക്ക് പ്ലാന്‍ ഉണ്ടാക്കിനല്‍കി.
സമീപവാസിയായ റാണി പൈനാടത്ത് മഹേഷിന്റെ ജീവിതത്തെ മറ്റൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ നിമിത്തമായി. തന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പി.സി. ചാക്കോ എം.പി.യോട് റാണി പൈനാടത്ത് മഹേഷിനെക്കുറിച്ച് പറഞ്ഞു. എം.പി. മഹേഷിനെ കാണുകയും ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങണമെന്ന മഹേഷിന്റെ ആഗ്രഹത്തിന് സഹായം നല്‍കുകയും ചെയ്തു. ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് കമ്പ്യൂട്ടറുകള്‍ എം.പി. മഹേഷിന് നല്‍കി.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ദിരാഗാന്ധി കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്റെ അംഗീകാരം നേടാനും സഹായിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോകുന്ന എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ സൗജന്യമായി നല്‍കുമെന്നും എം.പി. പ്രഖ്യാപിച്ചു. ഏതാനും ദിവസംമുമ്പ് പി.സി. ചാക്കോ എം.പി. ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24 കോഴ്‌സുകളിലായി സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരുമായി എണ്‍പതോളംപേര്‍ വിസ്ഡത്തില്‍ പഠിക്കാനെത്തുമ്പോള്‍ അധ്യാപകന്റെ സായുജ്യത്തിലാണ് 37 കാരനായ മഹേഷ്.
