
ആശ്രയമേകി ആശ്രയ
Posted on: 09 Jun 2012

ആര്‍.സി.സി.യിലെ കീമോത്തെറാപ്പി വാര്‍ഡില്‍ അവരെത്തുമ്പോള്‍ രാവിലെ പത്തുമണിയാകും. വേദനയും തളര്‍ച്ചയും തളംകെട്ടി നില്‍ക്കുന്ന വാര്‍ഡിലെ നിശ്ശബ്ദത മുറിച്ച് ഇടയ്ക്ക് കുഞ്ഞുങ്ങളുടെ കരച്ചില്‍ മാത്രം. വാടിക്കിടക്കുന്ന രോഗികള്‍ക്ക് അവര്‍ ഒരു ഗ്ലാസ് ഇളംചൂടുള്ള കഞ്ഞിവെള്ളം നല്‍കും. തളര്‍ന്ന മനസ്സിനും ശരീരത്തിനും അല്പം ഉന്മേഷം. കുടിച്ചവര്‍ അത് അമൃതാണെന്നു പറയും. രോഗികളേക്കാള്‍ ദുഃഖിതരും ക്ഷീണിതരുമായ അവരുടെ കൂട്ടിരിപ്പുകാരും കാത്തിരിക്കും ആ കഞ്ഞിവെള്ളത്തിനായി. ആര്‍.സി.സി.യിലെ കാന്റീനില്‍ നിന്ന് കിട്ടിയ ചമ്പാവരിയുടെ കഞ്ഞിവെള്ളം മുഴുവന്‍ വാര്‍ഡിലും പുറത്തുമായി കൊണ്ടുനടന്ന് കൊടുക്കുകയാണ് ഈ സന്നദ്ധ പ്രവര്‍ത്തകര്‍. അവരില്‍ വീട്ടമ്മമാരുമുണ്ട്, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥകളുമുണ്ട്. ഇവരുടെ ഒഴിവ് സമയങ്ങള്‍ മുഴുവന്‍ ആര്‍.സി.സി.യിലെ രോഗികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്.
വാര്‍ഡുകളിലും പുറത്തുമുള്ള കഞ്ഞിവെള്ള വിതരണത്തിനുശേഷം ഇവര്‍ പാലിയേറ്റീവ് വാര്‍ഡിലേക്ക് പോകും. അവിടെ വെള്ളം വലിച്ചുകുടിക്കാന്‍ പറ്റാത്ത രോഗികള്‍ക്കുള്ള ന്യൂട്രിമിക്‌സ് കലക്കി കുറുക്കാക്കി ട്യൂബിലൂടെ വായില്‍ ഒഴിച്ചു കൊടുക്കും. ഏറെ ക്ഷമയും സമയവും ആവശ്യപ്പെടുന്ന ഈ ജോലി ഒരു നഴ്‌സിന്റെ സൂക്ഷ്മത ആവശ്യപ്പെടുന്നതാണ്.
ഇവര്‍ 'ആശ്രയ' എന്ന സന്നദ്ധ സേവന സംഘടനയിലെ അംഗങ്ങള്‍. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്നും രാവിലെ ആര്‍.സി.സി.യിലുള്ള ഈ കഞ്ഞിവെള്ള വിതരണം.
പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സയ്ക്ക് സഹായം നല്‍കല്‍, അവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കല്‍, രോഗികളുടെ കുട്ടികളുടെ വിദ്യാഭ്യാസം, എന്തിന് വിവാഹം വരെ ആശ്രയയുടെ ചിറകിന്‍കീഴില്‍ നടക്കുന്നു.
ചികിത്സാ സഹായം നേരിട്ട് നല്‍കുന്ന രീതിയല്ല ഇവിടെ. അര്‍ഹരായവര്‍ക്ക് ബില്ലുകളടച്ചു നല്‍കുകയാണ് ചെയ്യുക. സേവന സന്നദ്ധരായ ഒരുകൂട്ടം സ്ത്രീകളാണ് ആശ്രയയുടെ നെടുംതൂണ്‍. വീട്ടമ്മയായ ശാന്താജോസിന്റെ മനസ്സില്‍ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ആശയം എടുത്തിട്ടത് ആര്‍.സി.സി.യിലെ ഇന്നത്തെ ഡയറക്ടര്‍ ഡോക്ടര്‍ പോള്‍ സെബാസ്റ്റ്യനാണ്. ഭര്‍ത്താവിന്റെ സഹോദരന്റെ ചികിത്സയ്ക്കായാണ് അവരാദ്യം ആര്‍.സി.സി.യിലെത്തുന്നത്. പിന്നീട് ചില സന്നദ്ധസംഘടനകളുടെ ഭാഗമായി രോഗികളെ സഹായിക്കാന്‍ പോയി. അവിടെ കിടക്കുന്ന രോഗികള്‍ക്ക് തന്നാലാവുന്നത് ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ശാന്താജോസ്. തന്റെ ആഗ്രഹം ഡോക്ടറോട് പങ്കുവെച്ചപ്പോഴാണ് രോഗികളെ സഹായിക്കുന്ന വളണ്ടിയറാകാന്‍ നിര്‍ദേശിച്ചത്. ശാന്തയുടെ സുഹൃത്തുക്കള്‍ കുറച്ചുപേര്‍ കൂടി കൂടെ വരാമെന്നേറ്റു. ഡോക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍ ആവശ്യമായ ക്ലാസുകള്‍ നല്‍കി. 1996 ജൂലായ് മാസത്തില്‍ ആശ്രയ തുടങ്ങി.
ശാന്താ ജോസിന്റെ സുഹൃത്ത് പ്രസന്നാ സുകുമാരന്‍ ജലസേചന വകുപ്പില്‍ എന്‍ജിനീയറായിരുന്നു. വിരമിച്ചതിന്റെ തൊട്ടടുത്തദിവസം മുതല്‍ പ്രസന്ന ആശ്രയയിലെത്തി. ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരും കോളേജ് അധ്യാപകരും എയര്‍പോര്‍ട്ട് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥകളും വരെ റിട്ടയര്‍മെന്റിനുശേഷം ആശ്രയയില്‍ വളണ്ടിയറായി അവരുടെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തി.
16 വര്‍ഷം കൊണ്ട് ആശ്രയ സഹായം നല്‍കിയത് ലക്ഷക്കണക്കിന് ആളുകള്‍ക്കാണ്. കാന്‍സര്‍ ചികിത്സയ്ക്കുള്ള സഹായത്തിന് പുറമേ ആര്‍.സി.സി. ഡ്രഗ്ഗ് ബാങ്കിലും ഇവരുടെ സേവനമുണ്ട്. രോഗികളെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍, രോഗികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം കുടുംബത്തിലെ ഓരോ മാറ്റത്തിലും ഇവര്‍ തങ്ങള്‍ക്കാവുന്നതു ചെയ്യുന്നു.
''ആശ്രയയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിഞ്ഞുവരുന്നവര്‍ തരുന്ന സഹായമാണ് ഇതിന്റെ മൂലധനം. ഇവിടെ നിന്ന് സഹായധനം കിട്ടിയവരില്‍ പന്നീട് ഇങ്ങോട്ട് സഹായിക്കുന്നവരും ഉണ്ട്. കഴിഞ്ഞവര്‍ഷം മാത്രം എണ്‍പത്തിയാറ് ലക്ഷം രൂപയുടെ സഹായങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു''പ്രസിഡന്റ് ശാന്താ ജോസ് പറഞ്ഞു. ഇതില്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ രോഗികളുടെ പുനരധിവാസത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായിരുന്നു.
പത്മിനി വര്‍ക്കിയും ശാന്താ ബാലകൃഷ്ണനും ജെസ്സി ജേക്കബ്ബും റെജി മാത്തനും മൈമൂന കോയയും ആലീസ് ഉമ്മനുമെല്ലാം ഏത് പാതിരായ്ക്കും ആശ്രയയ്ക്ക് വേണ്ടി ഓടി വരാന്‍ തയ്യാറാണ്. ഒപ്പം മുന്നൂറ് വളണ്ടിയര്‍മാരും. ആശ്രയ അത്രയ്ക്ക് അവരുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ''ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ആശ്രയയില്‍ വരാഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു വല്ലായ്മയാണിപ്പോള്‍'' വളണ്ടിയര്‍ ഷെര്‍ലി പറയുന്നു.
ആസ്പത്രിയിലെത്തുന്ന കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും നല്‍കും. മുതിര്‍ന്നവര്‍ക്കും പുസ്തകങ്ങള്‍ ലഭ്യമാക്കും. തീരെ പാവപ്പെട്ടവര്‍ക്ക് വസ്ത്രവും നല്‍കും. ഉപയോഗിച്ചശേഷം അലക്കിയെടുത്ത വസ്ത്രങ്ങള്‍ മതിയാകും അവര്‍ക്ക്. അലക്കിയുണക്കിയ നൈറ്റികളും മുണ്ടുകളും വളണ്ടിയര്‍മാര്‍ ശേഖരിച്ച് കൊണ്ടുവരും. ആസ്പത്രിയില്‍ വരുന്ന ആരും കഷ്ടപ്പെടരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്.
ആശ്രയ വളണ്ടിയര്‍മാര്‍ ബാച്ചുകളായി തിരിഞ്ഞാണ് ഓരോ ജോലിയും ചെയ്യുന്നത്. മാര്‍ഗനിര്‍ദേശം കൊടുക്കല്‍, കഞ്ഞിവെള്ളം കൊടുക്കല്‍, ബില്ലടയ്ക്കല്‍, മരുന്ന് കൊടുക്കല്‍, വഴികാട്ടല്‍, മറ്റ് ഓഫീസ് കാര്യങ്ങള്‍ ചെയ്യല്‍, ഫീല്‍ഡ് വിസിറ്റ് തുടങ്ങി എല്ലാത്തിനും എല്ലാ ദിവസവും ആളുകളുള്ള രീതിയിലാണ് ഇവരുടെ വിന്യാസം.
ആശ്രയയുടെ ഭാഗമായി ഒരു ലിംഫൈഡിമ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. സ്താനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്കുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യേണ്ട വ്യായാമങ്ങളെപ്പറ്റിയും ലിംഫൈഡിമ ക്ലിനിക്കില്‍ നിര്‍ദേശങ്ങള്‍ നല്‍കും. ആശ്രയയുടെ പരിശീലനം നേടിയ വളണ്ടിയര്‍മാരാണ് ക്ലിനിക്കിലുണ്ടാകുക.
തങ്ങള്‍ക്ക് കിട്ടുന്ന പെന്‍ഷനും വിദേശത്തുള്ള മക്കളയച്ചു തരുന്ന പണവുമൊക്കെ ആശ്രയയുടെ ഫണ്ടിലിടുന്ന അമ്മമാരും കുറവല്ല. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയാന്‍ ഇവരൊട്ട് ആഗ്രഹിക്കുന്നുമില്ല.
ചികിത്സ തേടി ആര്‍.സി.സി.യില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്
എങ്ങോട്ട് പോകണമെന്നറിയാതെ പരിഭ്രമിച്ചുനില്‍ക്കേണ്ട. ആറാം നിലയിലുള്ള ആശ്രയയുടെ ഓഫീസിലെത്തിയാല്‍ മതി. ഏത് വിഭാഗത്തിലേക്ക് പോകണമെന്ന് അവിടെയുള്ള വളണ്ടിയര്‍മാര്‍ നിര്‍ദേശിക്കും. ആവശ്യക്കാര്‍ക്കുവേണ്ട എന്ത് സഹായവും നല്‍കാന്‍ അവര്‍ സന്നദ്ധരാണ്. ആശ്രയയുടെ വെബ് അഡ്രസ്സ് www.asraya.org.in ഫോണ്‍ 9447012131, 944684607
