
പോലീസിന്റെ സ്‌നേഹത്തണലില്‍ ഇവരുടെ ജീവിതം തളിര്‍ക്കുന്നു
Posted on: 04 Jun 2012

കൊണ്ടോട്ടി: രോഗവും ദാരിദ്ര്യവും നിസ്സഹായരാക്കിയവര്‍ക്ക് ജനമൈത്രി പോലീസ് തണലൊരുക്കുന്നു. തൊഴില്‍ പരിശീലനം നല്‍കിയും നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വിറ്റഴിക്കാന്‍ സഹായിച്ചു മാണ് കൊണ്ടോട്ടിയിലെ ജനമൈത്രി പോലീസ് അശരണര്‍ക്ക് തണലാകുന്നത്. കുട, പേപ്പര്‍ബാഗ്, സോപ്പ്, സ്‌ക്രീന്‍പ്രിന്റിങ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
നട്ടെല്ലിന് പരിക്കേറ്റതിനാല്‍ ഏഴുവര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന മുസ്തഫ, മുട്ടില്‍ ഇഴഞ്ഞുനീങ്ങി ജീവിക്കുന്ന 31കാരിയായ ജിഷ... തുടങ്ങിയവരടക്കം 60ഓളം ആളുകള്‍ പരിശീലനത്തിനെത്തുന്നു. കൊണ്ടോട്ടി, മേലങ്ങാടി, നീറാട് ഭാഗങ്ങളിലുള്ളവരാണേറെയും.
മെയ് 27നാണ് പരിശീലനം തുടങ്ങിയത്. 27നും മൂന്നിനുമായി ഇവര്‍ നിര്‍മ്മിച്ച 200 കുടകള്‍ നഗരത്തിലെ ഒരു കടയുടമ വില്‍പ്പനയ്‌ക്കെടുത്തു. 25 കുടകള്‍ പോലീസുകാര്‍ തന്നെ വാങ്ങി. ഞായറാഴ്ചകളിലാണ് പരിശീലനവും ഉത്പന്ന നിര്‍മ്മാണവും.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് എസ്.ഐ എം.മുഹമ്മദ് ഹനീഫ പറഞ്ഞു. ഇതിനെ ഒരു തൊഴില്‍ യൂണിറ്റായി വളര്‍ത്തെിയെടുക്കുകയാണ് ലക്ഷ്യം - അദ്ദേഹം പറഞ്ഞു.പരിശീലനത്തിനെത്തുന്നതില്‍ കൂടുതലും സ്ത്രീകളാണ്. മാനസികശേഷി കുറഞ്ഞവരെക്കൂടി ഉള്‍പ്പെടുത്തി സംരംഭം വിപുലീകരിക്കാനും ലക്ഷ്യമുണ്ട്.
തൊഴില്‍ പരിശീലനം ജൂണ്‍ മൂന്നിന് ഔദ്യോഗികമായി സി.ഐ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ എം.മുഹമ്മദ് ഹനീഫ, എ.പി.ചന്ദ്രന്‍, ഡോ.മൊയ്തീന്‍കുട്ടി, നാരായണന്‍, റീന, ബൈജു, തുളസി, ഹംസ, റുഖിയ അഷ്‌റഫ്, മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഠിതാക്കള്‍ക്ക് ആശംസയേകാന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ഫാത്തിമാബീവി, ബ്ലോക്കംഗം കെ.പി.ഹുസൈന്‍ തുടങ്ങിയവര്‍ എത്തി.
