
പ്രകാശം പരത്താന്‍ കണ്ണൂരിന്റെ യുവത്വം
Posted on: 31 May 2012

രവീന്ദ്രന്റെ ഫോണിലേക്ക് തളിപ്പറമ്പില്‍ നിന്നുള്ള 80 കാരിയുടെ മരണവാര്‍ത്ത എത്തുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായിരുന്നു. അതിനൊപ്പം വീട്ടുകാര്‍ ഒരാഗ്രഹം പറഞ്ഞു. അമ്മച്ചിയുടെ കണ്ണുകള്‍ ഇനിയുള്ള കാലം മറ്റാര്‍ക്കെങ്കിലും വെളിച്ചമാകണം. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം.
രവീന്ദ്രന്‍ കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലെ പരിചയക്കാരനായ ഡോക്ടറെ ഫോണില്‍ വിളിച്ചു. സഹായിക്കാമെന്നേറ്റ ഡോക്ടറും കൂട്ടരും വൈകാതെ പരിയാരത്തെ ആസ്പത്രിയിലെത്തി. 80 കാരിയുടെ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ എടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൈമാറി. മറ്റാരുടെയോ ജീവിതവഴിയിലെ വെളിച്ചമാകാന്‍...
നന്മയുടെ ഈ ദീപനാളമുയരുന്നത് കണ്ണൂരില്‍ നിന്ന്. അതിന് മുന്നിട്ടിറങ്ങുന്നത് യുവാക്കളടങ്ങിയ 'എവെയ്ക്ക്' എന്ന കൂട്ടായ്മ. അസോസിയേഷന്‍ ഓഫ് വോളണ്ടറി വര്‍ക്കേഴ്‌സ് ആന്‍ഡ് ഏജന്‍സീസ് ഓഫ് കേരള എന്നതിന്റെ ചുരുക്കരൂപം. കണ്ണൂരിലെ പാറക്കടവാണ് ആസ്ഥാനം. ഗ്രാമീണമേഖലകളിലെ യൂത്ത് ക്ലബ്ബുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണിത്. ഗ്രാമങ്ങളിലെ ചെറുപ്പക്കാര്‍ക്കിടയില്‍ സേവനങ്ങള്‍ക്കും സംരംഭകത്വത്തിനും ശുഭചിന്തകള്‍ക്കും പ്രചോദനമാകുകയാണ് ലക്ഷ്യം. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത കെ.പി. രവീന്ദ്രനാണ് 'എവെയ്ക്കി'ന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി പ്രകാശന്‍ മട്ടന്നൂരും പ്രവര്‍ത്തിക്കുന്നു.
മരണാനന്തരം ശരീരം ദാനം ചെയ്യുന്നതിനും കണ്ണുകള്‍ നല്‍കുന്നതിനുമൊക്കെ നാട്ടിലെ യൂത്ത്ക്ലബ്ബുകളുമായി ചേര്‍ന്ന് ബോധവത്ക്കരണ ശില്പശാലകള്‍ നടത്തുകയാണ് ആദ്യം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. രവീന്ദ്രന്‍ പറയുന്നു. സമ്മതമുള്ളവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യും. സമ്മതപത്രം പിന്നീട് ജില്ലാ ആസ്പത്രികള്‍ക്ക് കൈമാറും. കണ്ണൂരില്‍ 'എവെയ്ക്കി'ന്റെ പ്രവര്‍ത്തകര്‍ കൊല്ലത്തില്‍ രണ്ടുതവണ രക്തദാനം നടത്തും. ആവശ്യക്കാരുള്ളപ്പോഴൊക്കെ രക്തം നല്‍കാനും പ്രവര്‍ത്തകര്‍ തയ്യാറാണ്. രക്തം സ്വീകരിക്കുന്നവരുടെ കുടുംബാംഗങ്ങളില്‍ രക്തദാനമെന്ന ജീവിതദാനത്തിന്റെ മഹത്ത്വമെത്തിക്കുകയും അവരെ പിന്നീട് രക്തദാനത്തിന് സ്വയം സജ്ജരാക്കുകയും ചെയ്യുന്നുണ്ട്. ദീര്‍ഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ച്ചെന്ന് സഹായമേകാനും ഇവര്‍ വഴിയൊരുക്കുന്നു. അതതിടത്ത് ഗ്രൂപ്പുകളുണ്ടാക്കുകയാണ് ഇതിനുവേണ്ടി ചെയ്യുന്നത്.
സംരംഭക പാഠങ്ങള്‍
ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ച്ചയുടെ പടവേറിയ സംരംഭകരുടെ നേര്‍ക്കാഴ്ചകള്‍ 'എവെയ്ക്ക്' സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. സംരംഭകത്വത്തിന്റെ സാധ്യതകളുമായി ഗ്രാമീണതലങ്ങളില്‍പ്പോലും ഇവര്‍ ബോധവത്കരണം നടത്തുന്നു. സര്‍ക്കാറില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള സഹായങ്ങള്‍ സമൂഹത്തിന് ഇതിലൂടെ പരിചയപ്പെടുത്തുന്നു. 'എവെയ്ക്കിനു'വേണ്ടി ഇടപെടലുകളും നടത്തുന്നു. ആളറിയാതെ പാഴായിപ്പോകുന്ന പദ്ധതികളെക്കുറിച്ച് യഥാര്‍ഥ ആവശ്യക്കാരന് വിവരങ്ങള്‍ നല്‍കാനും ഇവര്‍ ശ്രമിക്കുന്നു.
നെഹ്രു യുവകേന്ദ്ര, സംസ്ഥാന യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ബോര്‍ഡ് എന്നിവയുടെ സഹായത്തോടെയും യുവാക്കള്‍ക്കിടയില്‍ സേവനം നടത്തുന്നു. ഫോണ്‍ നമ്പര്‍: 9447720484.
