goodnews head

മുത്തശ്ശിയെ തോല്പിക്കാനാവില്ല പ്രായമേ...

Posted on: 16 May 2012


മോഡേണ്‍ ഹാന്‍ഡ്ബാഗുകളും മേശവിരിപ്പുകളുമെല്ലാം കണ്ടാല്‍ ഭൂരിഭാഗം മുത്തശ്ശിമാരും മുഖംതിരിക്കും. പക്ഷേ തൃശൂര്‍ പാട്ടുരായ്ക്കല്‍ കോഴിക്കോട് വീട്ടിലുള്ള മാലതിയമ്മ അല്പം വ്യത്യസ്തയാണ്. ഉടമസ്ഥയെ തേടിപ്പോകും, അതിന്റെ നിര്‍മാണത്തിന്റെ രഹസ്യം മനസ്സിലാക്കാന്‍; അതുപോലൊന്ന് സ്വന്തമായി ഉണ്ടാക്കാന്‍.



ചെറുപ്പത്തിലേ തുടങ്ങിയ കരകൗശല നിര്‍മാണത്തിനോടുള്ള കമ്പത്തിന് എണ്‍പത്തിനാലാം വയസ്സിലും മാറ്റമില്ല. ''എവിടെയെങ്കിലും കണ്ടതാണെങ്കില്‍ അവിടുള്ളവരോടുതന്നെ ചോദിച്ചു മനസ്സിലാക്കും, എങ്ങനെയാ ഉണ്ടാക്കുകാന്ന്. പുസ്തകങ്ങളിലും മറ്റും കാണുന്നത് ഉണ്ടാക്കിനോക്കും. പക്ഷേ നല്ല ക്ഷമവേണം.'' മുത്തശ്ശി കൂട്ടിച്ചേര്‍ത്തു. കണിയൊരുക്കുന്നതിലും അഷ്ടമംഗല്യത്തിലും വെയ്ക്കുന്ന തിരുവുടയാടയാണ് മുത്തശ്ശിയുടെ മാസ്റ്റര്‍ പീസ്. ഒപ്പം ബാഗുകളും പെയിന്റിങ്ങുകളും ബിഗ്‌ഷോപ്പറുകളും.

മുത്തശ്ശിക്കു ലഭിച്ച ഉപഹാരം ഫ്രെയിം ചെയ്യാന്‍ മുന്നൂറു രൂപയാകുമെന്ന് പറഞ്ഞയാള്‍ക്ക് നൂറുരൂപയ്ക്ക് ഫ്രെയിം ചെയ്തു കാണിച്ചുകൊടുത്തു. മരത്തിന്റെ ബോര്‍ഡും ഗ്ലാസ് പേപ്പറും ഉപയോഗിച്ചുള്ള ചെറിയ സൂത്രവിദ്യ. ഫെല്‍റ്റ് തുണിയില്‍നിന്നും വെട്ടിയെടുത്ത് ഷെല്ലുകള്‍ ഉപയോഗിച്ച് സുന്ദരിയാക്കിയ പെണ്‍കുട്ടിയുടെ ചിത്രം കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും.
ഇതെല്ലാം പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശി തയ്യാറാണ്.

പക്ഷേ അതിനുവേണ്ടി ക്ലാസുകളൊന്നും സംഘടിപ്പിക്കാനില്ല. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കണം. തനിക്ക് ഏറ്റവും പിന്തുണ നല്‍കിയിരുന്നത് ഭര്‍ത്താവ് ശിവശങ്കരമേനോന്‍ ആയിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം മരിച്ചത് മുത്തശ്ശി കൂട്ടിച്ചേര്‍ത്തു. മകന്‍ ഉണ്ണികൃഷ്ണനും മരുമകള്‍ക്കും കൊച്ചുമകനുമൊപ്പമാണ് മുത്തശ്ശിയുടെ താമസം. അറുപത് വര്‍ഷമായി തുടരുന്ന തന്റെ നിര്‍മിതികളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ മുത്തശ്ശിക്ക് താല്പര്യമുണ്ട്. പാട്ടുരായ്ക്കലിലുള്ള വീട്ടില്‍ മൂന്നു ദിവസത്തെ പ്രദര്‍ശനം. അതില്‍നിന്നു ലഭിക്കുന്ന പണം ധര്‍മദൈവ ക്ഷേത്രത്തിലേക്ക് നല്‍കണം മുത്തശ്ശി പറഞ്ഞവസാനിപ്പിച്ചു.

 

 




MathrubhumiMatrimonial