ചെമ്പടകളുടെ സാഫല്യം

Posted on: 02 May 2012


വേല, താലപ്പൊലി, പൂരം, ഉത്സവം തുടങ്ങിയ പദങ്ങള്‍ വ്യത്യസ്ത അര്‍ത്ഥത്തിലാണ് പ്രയോഗിക്കുന്നതെങ്കിലും കാര്യം ഏറെക്കുറെ ഒന്നാണ്. ആഘോഷം ആണ് കാര്യം. ആഘോഷം പലതരത്തില്‍ ഉണ്ടാകാം. തെയ്യം-തിറ, മേളം, കാളകളി തുടങ്ങി പല ആഘോഷങ്ങളും ഉണ്ടാകും. എല്ലാം ആസ്വാദ്യമാണെന്ന് പറയട്ടെ. ഓരോ ആഘോഷത്തിലും വ്യത്യസ്തമായ ചടങ്ങുകള്‍ ഉണ്ടാകും. എല്ലാ ചടങ്ങുകളും വിസ്തരിക്കുക ഇവിടെ അസാധ്യമാണ്. പെരുവനം പൂരത്തില്‍ പ്രധാനപ്പെട്ട 12 പൂരങ്ങള്‍ ആദ്യം ചെമ്പട കൊട്ടുകയും പിന്നെ പാണ്ടിമേളം കൊട്ടുകയും അതിനുശേഷം പറ്റുകള്‍ കഴിഞ്ഞ് പഞ്ചാരിമേളം കൊട്ടുകയും ആണ് പതിവ്. ചാത്തക്കുടം പുറപ്പാടിനു പഞ്ചാരിമേളം തുടങ്ങുക മാത്രമേ പതിവുള്ളൂ. ഇങ്ങനെ വ്യത്യസ്തതകള്‍ ധാരാളം കാണാം. തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവിന്റെ പഞ്ചവാദ്യം വളരെ പ്രസിദ്ധമാണ്. അതുകഴിഞ്ഞ് ചെമ്പടകൊട്ടി പാണ്ടി തുടങ്ങുകയാണ് പതിവ്. പാറമേക്കാവ് വിഭാഗത്തില്‍ അകത്തുനിന്നുതന്നെ ചെമ്പട തുടങ്ങി മതില്‍ക്കു പുറത്തു കടന്ന് പാണ്ടിമേളം തുടങ്ങുന്നു. ഇങ്ങനെ ഓരോ ക്ഷേത്രത്തിലും വേറെ വേറെ ചടങ്ങുകള്‍ ഉണ്ടാകുക സ്വാഭാവികം ആണ്. അധികമാരും ശ്രദ്ധിക്കാത്ത ചെമ്പടമേളത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

ചെമ്പടമേളം സാധാരണ രണ്ട് കാലമേ ഇപ്പോള്‍ കൊട്ടാറുള്ളൂ. അടിസ്ഥാനതാളം 8 അക്ഷരകാലമാണ്. അതിന്റെ ഇരട്ടിയായിട്ടുള്ള 16 അക്ഷരകാലത്തില്‍ തുടങ്ങും. സാധാരണ വളരെ 'വഴിപാട്' ആയിട്ടാണ് ചെമ്പടമേളം കേള്‍ക്കാന്‍ സാധിക്കുക. എന്നാല്‍, തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ചെമ്പടമേളം വളരെ ഗൗരവമാണ്, ഹൃദ്യവുമാണ്. അതിനു പ്രധാന കാരണം വിഭവങ്ങളുടെ സമൃദ്ധിയാണ്. പാണ്ടിമേളം തുടങ്ങുമ്പോള്‍ എത്ര വിഭവങ്ങളുണ്ടോ, അവയെല്ലാം ചെമ്പടയ്ക്കും ഉണ്ടായിരിക്കും. ഇങ്ങനെ ഒരു ചെമ്പട വേറെ ഒരു ദിക്കിലും ഈ കുറിപ്പ് എഴുതുന്ന ആള്‍ കണ്ടിട്ടില്ല (കേട്ടിട്ടില്ല). വിഭവങ്ങള്‍ എന്നു പറഞ്ഞാല്‍ വലംതല, ഇടംതല, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ്. വളരെ പതിഞ്ഞു തുടങ്ങി ക്രമത്തില്‍ മുറുകി അടുത്ത കാലത്തിലേക്ക് കടക്കുന്നു. വിഭവങ്ങള്‍ അധികം ഉണ്ടാകുക കാരണം മേളപ്രമാണിക്ക് വളരെ ഭാരക്കൂടുതല്‍ ആണ്. നല്ല ശ്രദ്ധ വേണം എന്നര്‍ത്ഥം. ഇടംതലക്കാരുടെ കോലുകള്‍ ഒരേപോലെ വീഴാഞ്ഞാല്‍ മേളം കലമ്പും. അപ്പോള്‍ ക്രമത്തില്‍ മുറുകുമ്പോഴും മേളപ്രമാണി വളരെ ശ്രദ്ധിക്കണം.

പാറമേക്കാവിന്റെ ചെമ്പടയ്ക്ക് സമയദൈര്‍ഘ്യം കൂടിയിരിക്കും. അതുകൊണ്ട് തുടക്കം വളരെ പതിഞ്ഞിട്ടുവേണ്ടിവരും. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങുന്ന ചെമ്പട 12.55നേ കലാശിക്കാവൂ. ഒരുമണിക്കൂര്‍ നീളുന്ന ചെമ്പട മറ്റു ദിക്കുകളില്‍ കേള്‍ക്കാന്‍ പ്രയാസമാണ്. ഇത്ര വിഭവങ്ങളോടുകൂടി മറ്റൊരു ദിക്കിലും ഉണ്ടാവുകയില്ല എന്നുതന്നെ പറയട്ടെ. വിഭവക്കൂടുതല്‍ ആസ്വാദകനെ രസിപ്പിക്കുമെങ്കിലും മേളപ്രമാണിക്ക് ക്ലേശകരമാണ്. അതുകൊണ്ടുതന്നെ വേണ്ടതിലധികം മുറുകുവാന്‍ അയാള്‍ ഇഷ്ടപ്പെടുകയില്ല. വേണ്ടതിലധികം മുറുകിയാല്‍ മേളത്തിന്റെ ചമല്‍ക്കാരം (ആസ്വാദ്യത) കുറയും എന്നാണ് ഇത് എഴുതുന്ന ആളുടെ അഭിപ്രായം. മേളം ഒരു കലയാണല്ലോ... എല്ലാ കലകളിലും സഹൃദയഹൃദയത്തെ ആഹ്ലാദിപ്പിക്കുന്ന ഒരു ധര്‍മ്മമുണ്ട്. ആ ധര്‍മ്മത്തിനെയാണ് ചമല്‍ക്കാരം എന്നു പറയുക. വളരെ മുറുകിയാല്‍ ആ മേളത്തിന്റെ സൗന്ദര്യം കുറയുകതന്നെ ചെയ്യും. പാറമേക്കാവിന്റെ ചെമ്പട പാകത്തിനു മുറുകി അവസാനിപ്പിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ചെമ്പടമേളങ്ങളുടെ സാഫല്യം തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ ചെമ്പട മേളങ്ങളിലാണെന്ന് നിസ്സംശയം പറയാം.

- കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട്







MathrubhumiMatrimonial