പെരുവനം മാരാത്തുനിന്ന് നാല്‍വര്‍

Posted on: 02 May 2012



മേളകലയുടെ ഈറ്റില്ലവും പോറ്റില്ലവുമായ പെരുവനത്തുനിന്ന് മേളപ്പെരുമഴ തീര്‍ക്കാന്‍ സഹോദരന്മാരുടെ സംഘവും

പെരുവനം നാരായണന്‍ മാരാര്‍, പെരുവനം അപ്പുമാരാര്‍, പെരുവനം ശങ്കുണ്ണിമാരാര്‍ തുടങ്ങി പ്രഗത്ഭര്‍ പിറന്ന പെരുവനം മാരാത്ത് കുടുംബത്തുനിന്ന് പെരുവനം സതീശനും അനുജന്‍മാരുമടക്കം നാല് കലാകാരന്മാര്‍ തൃശ്ശൂര്‍ പൂരത്തിനുണ്ടാകും.

ചക്കംകുളം അപ്പുമാരാരുടെ മക്കളായ സതീശന്‍മാരാര്‍, പെരുവനം പ്രകാശന്‍, ഇവരുടെ ചെറിയമ്മയുടെ മകന്‍ പെരുവനം ശങ്കരനാരായണന്‍ മാരാര്‍, പെരുവനം ശിവന്‍ എന്നിവരാണ് തൃശ്ശൂര്‍ പൂരത്തിലെത്തുന്ന പെരുവനം മാരാത്തെ സഹോദരങ്ങള്‍.

പല്ലാവൂര്‍ അപ്പുമാരാര്‍ പ്രമാണിയായ പാണ്ടിയോടൊപ്പം പതിനെട്ടാം വയസ്സിലാണ് സതീശന്‍ മാരാര്‍ ഇലഞ്ഞിച്ചോട്ടിലെത്തുന്നത്. പിന്നെ അച്ഛന്‍ ചക്കംകുളം അപ്പുമാരാര്‍, രാമംകണ്ടത്ത് കൃഷ്ണന്‍കുട്ടിമാരാര്‍, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ പ്രമാണിമാരായ മേളത്തില്‍ മുന്‍നിരക്കാരനായി തുടരുന്നു.

കുട്ടന്‍മാരാര്‍ പ്രമാണിയായതു മുതല്‍ സതീശന്‍മാരാര്‍ ആണ് ഇലഞ്ഞിച്ചോട്ടിലെ വലതുഭാഗം അലങ്കരിക്കുന്നത്. പെരുവനം പ്രകാശന്‍, പെരുവനം ശങ്കരനാരായണന്‍ എന്നിവരും ഈ മേളത്തിലെ മുന്‍നിരയിലുണ്ട്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിക്കൊപ്പമാണ് പെരുവനം ശിവന്‍മാരാര്‍.

കുമരപുരം അപ്പുമാരാര്‍ ഗുരുവായി 15-ാം വയസ്സില്‍ മേളം അരങ്ങേറ്റം നടത്തിയ സതീശന്‍ മാരാര്‍ക്ക് ഇലഞ്ഞിച്ചോട്ടില്‍ ഇത് മുപ്പതാമത്തെ ഊഴമാണ്.

പെരുവനം, ആറാട്ടുപുഴ, തൃപ്രയാര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, ചിനക്കത്തൂര്‍, കുറ്റുമുക്ക്, നെന്മാറ, എറണാകുളം, ഏറ്റുമാനൂര്‍, കുമരനെല്ലൂര്‍, തൃപ്പൂണിത്തുറ, താമരക്കുളങ്ങര തുടങ്ങി 25ഓളം ക്ഷേത്രങ്ങളില്‍ ഇന്ന് പ്രമാണിയാണ്. നിരവധി പുരസ്‌കാരങ്ങളും ഇതോടകം സതീശന്‍ മാരാര്‍ നേടി.

പ്രകാശന്‍ മാരാര്‍ 15 വര്‍ഷമായി ഇലഞ്ഞിത്തറ മേളത്തിലെ വിസ്മയമാണ്. പെരുവനം-ആറാട്ടുപുഴ പൂരത്തില്‍ കടലാശ്ശേരി വിഭാഗത്തിന്റെ പ്രമാണിയായ പെരുവനം ശങ്കരനാരായണന്‍ മാരാര്‍ ചേര്‍പ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസ്റ്റ് ലക്ചറര്‍ ആണ്.

പെരുവനം അനുഷ്ഠാനകലാപീഠത്തിലെ അധ്യാപകന്‍ കൂടിയായ ശങ്കരനാരായണന്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടും നടത്തുന്നു. ചേര്‍പ്പ് സെന്റ് ആന്റണീസ് ടിമ്പര്‍ ഡെപ്പോയിലെ മാനേജരാണ് പെരുവനം ശിവന്‍മാരാര്‍.

ബിജു ആന്റണി






MathrubhumiMatrimonial