കുടകളില്‍ ദേവസാന്നിധ്യം

Posted on: 02 May 2012



കുടമാറ്റത്തിന്റെ വീറും വാശിയും ഉള്ളിലൊതുക്കി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്കായി പ്രത്യേകം കുടകള്‍ തയ്യാറായി.

പാറമേക്കാവ് വിഭാഗം അയ്യപ്പവിഗ്രഹവും, കല്പാത്തി തേരും, പീലി വിടര്‍ത്തിയാടുന്ന മയിലും രംഗത്തിറക്കുമ്പോള്‍ ആലിന്‍ചുവട്ടില്‍ ഓടക്കുഴലൂതുന്ന കൃഷ്ണനും, ലക്ഷ്മീ നരസിംഹമൂര്‍ത്തിയും, ശിവകുടുംബവും തയ്യാറാക്കിയാണ് തിരുവമ്പാടി വിഭാഗത്തിന്റെ മറുപടി. മൂന്ന് സ്‌പെഷല്‍ കുടകളാണ് ഇരുവിഭാഗവും ഒരുക്കിയിട്ടുള്ളത്. രഹസ്യകേന്ദ്രങ്ങളില്‍ ഓരോ സെറ്റ് കുടകള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. കുടമാറ്റത്തിന്റെ വാശി നിലനിര്‍ത്തുന്നതിനായിഈ കുടകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവിഭാഗവും തയ്യാറല്ല.

തെക്കോട്ടിറക്കം കഴിഞ്ഞാല്‍ ജനസാഗരത്തെ സാക്ഷിനിര്‍ത്തിയാണ് കുടമാറ്റത്തിന്റെ ചടങ്ങുകള്‍. ചൊവ്വാഴ്ച വൈകീട്ട് പാറമേക്കാവിന്റെ 15 ഗജവീരന്മാര്‍ സ്വരാജ് റൗണ്ടിലും തിരുവമ്പാടിയുടെ 15 ഗജവീരന്മാര്‍ തെക്കേ ഗോപുരനടയിലും നിരന്നാല്‍ കുടമാറ്റത്തിന് തുടക്കമാകും. ആദ്യം ആരെന്നതിന് ഊഴമൊന്നുമില്ല. ഒരു വിഭാഗം തുടക്കമിട്ടാല്‍ മിന്നല്‍വേഗത്തില്‍ എതിര്‍ വിഭാഗം കുടകള്‍ മാറ്റി മറുപടി നല്‍കും. പാറമേക്കാവ് ഉയര്‍ത്തുന്ന കുടകളുടെ നിറവും പ്രത്യേകതകളും നോക്കിയായിരിക്കും തിരുവമ്പാടിയുടെ കുടകളും നിവരുന്നത്. തിരിച്ചും ഈ പ്രകടനങ്ങളാണ് ഉണ്ടാകുക. ഇരുവിഭാഗങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി ജനസഹസ്രങ്ങളുടെ ആര്‍പ്പുവിളികളും ഉയരും.

പാറമേക്കാവിനുവേണ്ടി ചേലക്കോട്ടുകരയിലെ ഋഷി കുളമുറ്റമാണ് അയ്യപ്പവിഗ്രഹമുള്ള കുടകള്‍ നിര്‍മ്മിച്ചത്.
നടുവില്‍ സര്‍വ്വാഭരണവിഭൂഷിതനായ ശാസ്താവിന്റെ രൂപമാണ്. ഗോള്‍ഡന്‍ ഇനാമല്‍ പെയിന്റ് ഉപയോഗിച്ച് ഫൈബറിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നാലാം വര്‍ഷമാണ് ഇവര്‍ പാറമേക്കാവിന് പ്രത്യേക കുടകളൊരുക്കുന്നത്. കിഴക്കുംപാട്ടുകരയിലെ പൃഥ്യുവാണ് കല്പാത്തി തേര് കുടകളില്‍ നിര്‍മ്മിച്ചത്. കൂര്‍ക്കഞ്ചേരി സ്വദേശി ശശിയാണ് പീലിവിടര്‍ത്തിയാടുന്ന മയിലുകളെ നിര്‍മ്മിച്ചത്.

തിരുവമ്പാടിക്കുവേണ്ടി പൂങ്കുന്നം സ്വദേശി പ്രസാദിന്റെ നേതൃത്വത്തിലാണ് ഓടക്കുഴലൂതുന്ന കൃഷ്ണന്റെ കുടകള്‍ തീര്‍ത്തത്. 20 പേരുടെ സംഘം ഫൈബറിലാണ് കുടകള്‍ ഒരുക്കിയത്.

തിരുവമ്പാടി ക്ഷേത്രത്തിന് പിന്നിലുള്ള കണ്ണന്റെ നേതൃത്വത്തില്‍ ലക്ഷ്മി നരസിംഹമൂര്‍ത്തി കുടകളും തയ്യാറാക്കി. എല്‍.ഇ.ഡി. ബള്‍ബുകള്‍ കത്തുന്ന കുടകളും തിരുവമ്പാടിക്കായി വിടര്‍ത്തുന്നുണ്ട്. ഒരു മാസത്തിലേറെ സമയമെടുത്താണ് കുടകള്‍ നിര്‍മ്മിക്കുന്നത്. സവിശേഷതയുള്ള കുടകള്‍ വഴിപാടായാണ് ക്ഷേത്രങ്ങളിലേക്ക് ലഭിക്കുന്നത്.

കുടമാറ്റത്തില്‍ ഇത്തവണ 50 സെറ്റ് വര്‍ണ്ണക്കുടകള്‍ ഉയര്‍ത്തുമെന്ന് പാറമേക്കാവിന്റെ ചമയം കണ്‍വീനര്‍മാരായ കെ.രവിചന്ദ്രന്‍, ജിതേഷ് അരങ്ങത്ത് എന്നിവര്‍ പറഞ്ഞു. കാണികളുടെ കണ്ണിനും മനസ്സിനും ആനന്ദമേകുന്ന കുടമാറ്റത്തിന് വേഗം കുറയ്ക്കാതെ കുടകള്‍ ഉയര്‍ത്താന്‍ ഓരോ വിഭാഗത്തിനും നൂറിലേറെ പേര്‍ അണിയറയിലും ഉണ്ടാകും. പാറമേക്കാവിന് വേണ്ടി കെ.കെ.വസന്തനും തിരുവമ്പാടിക്ക് വേണ്ടി അരണാട്ടുകര സ്വദേശി പുരുഷോത്തമനുമാണ് വര്‍ണ്ണക്കുടകള്‍ നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയത്.





MathrubhumiMatrimonial