goodnews head

കാഴ്ചയുടെ ലോകം അന്യമായവര്‍ക്ക് വെളിച്ചവുമായി സനല്‍കുമാര്‍

Posted on: 16 Mar 2012


കാഴ്ചയുടെ ലോകം അന്യമെങ്കിലും സ്വപ്രവൃത്തികളിലൂടെ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും വെളിച്ചം പകരുകയാണ് ചാലിയം ഫിഷറീസ് എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ സി. സനല്‍കുമാര്‍.

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ കഥകളും കവിതകളും ഇദ്ദേഹം പഠിപ്പിക്കുന്നു. ഇന്റര്‍നെറ്റിലൂടെ അകലങ്ങളിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. കാഴ്ചവൈകല്യമുള്ളവരുടെ ക്രിക്കറ്റ്, ചെസ് മത്സരങ്ങളില്‍ ഒന്നാംസ്ഥാനവും ഇദ്ദേഹം നേടിയിട്ടുണ്ട്. ജീവിതത്തില്‍ അസാധ്യമായതൊന്നും ഇല്ലെന്നാണ് ഈ അധ്യാപകന്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. അഞ്ചാംവയസ്സില്‍ റെറ്റിനോബ്ലാസ്‌റ്റോമ എന്ന രോഗം ബാധിച്ചതാണ് ഇദ്ദേഹത്തിന് കാഴ്ചയുടെ ലോകം അന്യമാക്കിയത്. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടെങ്കിലും ഇരുട്ടിന്റെ ലോകത്ത് ഒതുങ്ങിക്കൂടാതെ പഠനം തുടര്‍ന്നു. അധ്യാപകപരിശീലനം പൂര്‍ത്തിയാക്കി 2007ല്‍ പി.എസ്.സി. വഴി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായി.

സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്ക് ഒട്ടും പിന്നിലല്ലാതെ കഥകളും കവിതകളും പാഠഭാഗങ്ങളും പഠിപ്പിച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പ്രിയപ്പെട്ട അധ്യാപകനായി മാറി. ടെലിവിഷന്‍, റേഡിയോ, ടേപ്പ് റെക്കോഡര്‍, ഡി.വി.ഡി. എന്നിവയുടെ അറ്റകുറ്റപ്പണികളിലും വിദഗ്ധനാണ്. കാഴ്ചവൈകല്യമുള്ളവരുടെ ക്രിക്കറ്റ് ടീമായ കോഴിക്കോട്ടെ 'മലബാര്‍ കിങ്' ക്രിക്കറ്റ് ടീമിന്റെ വണ്‍ഡൗണ്‍ ബാറ്റ്‌സ്മാനും മീഡിയം ഫാസ്റ്റ് ബൗളറുമാണ്. തന്നെപ്പോലെ ഇരുട്ടിന്റെ ലോകത്ത് ഒറ്റപ്പെട്ടവര്‍ക്ക് മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികള്‍ വായിക്കാനവസരം ഒരുക്കുന്ന ഉദ്യമത്തിലാണിപ്പോള്‍ ഇദ്ദേഹം. എം.ടി. വാസുദേവന്‍നായരുടെ 'മഞ്ഞ്' ഇതിനകം തന്നെ ബ്രെയില്‍ ലിപിയിലേക്ക് പകര്‍ത്തിക്കഴിഞ്ഞു.

വൈക്കം മുഹമ്മദ്ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' ഉള്‍പ്പെടെയുള്ള പ്രധാന മലയാള നോവലുകളും കഥകളും ബ്രെയില്‍ ലിപിയിലാക്കുകയാണ് അടുത്ത ലക്ഷ്യം. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ജില്ലാ ട്രഷററും സഹപ്രവര്‍ത്തകനുമായ എ. അബ്ദുള്‍റഹീമിന്റെ സഹായത്തോടെയാണ് കൃതികള്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റുന്നത്. അബ്ദുള്‍റഹീം വായിച്ചുകൊടുക്കുന്ന ഭാഗങ്ങള്‍ എഴുത്താണിയും ടൈപ്പ്‌റൈറ്ററും ഉപയോഗിച്ചാണ് ബ്രെയില്‍ ലിപിയിലേക്ക് മാറ്റുന്നത്. വഴിപറഞ്ഞുകൊടുക്കാന്‍ ഒപ്പം ആളുണ്ടെങ്കില്‍ എത്ര തിരക്കേറിയ റോഡിലും അനായാസം ബൈക്ക് ഓടിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രെയിനിലും ബസ്സിലുമായി പരസഹായമില്ലാതെ യാത്രചെയ്യും. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ ടീച്ചേഴ്‌സ് ഫോറം അംഗമാണ്.

കുണ്ടായിത്തോട് അന്ധതൊഴില്‍ പരിശീലനകേന്ദ്രത്തില്‍നിന്നാണ് ക്രിക്കറ്റില്‍ പരിശീലനം നേടിയത്. നല്ലൊരു മിമിക്രി, മോണോആക്ട് കലാകാരന്‍കൂടിയായ സനല്‍കുമാര്‍ കുണ്ടായിത്തോട് കൊല്ലെറിപാറയ്ക്കുസമീപം കളത്തില്‍ ഹൗസില്‍ സുരേഷിന്റെയും ഉഷാദേവിയുടെയും മകനാണ്.

 

 




MathrubhumiMatrimonial