goodnews head

പോലീസ് ഹൃദയങ്ങള്‍ കൈകോര്‍ത്തു; ഒരു ജീവനുവേണ്ടി

Posted on: 20 Jan 2012




പമ്പ: ശബരിമലയിലെ കാനനപാതയില്‍ വ്യാഴാഴ്ച അത്യപൂര്‍വമായ ഒരു 'റിലേ' ഓട്ടം നടന്നു. കായികമത്സരത്തേക്കാള്‍ തീവ്രതയോടെ നടന്ന റിലേയില്‍ അത്‌ലറ്റുകള്‍ക്ക് പകരം പോലീസുകാരാണ് പങ്കെടുത്തത്. ബാറ്റണിനുപകരം തോളോടുതോള്‍ ചേര്‍ന്നും അതിവേഗം ഓടിയും അവര്‍ കൈമാറിയത് ജീവന്‍രക്ഷാ മരുന്ന്. പമ്പ - അപ്പാച്ചിമേട് പാതയില്‍ ശബരിപീഠത്തിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദ്രോഗത്തെത്തുടര്‍ന്ന് തളര്‍ന്നുവീണ രാമേശ്വരം സ്വദേശി ശെന്തിലി(39)ന്റെ ജീവനാണ് സിനിമയിലെ രംഗങ്ങളെ വിസ്മയിപ്പിക്കുംവിധം കഠിനാധ്വാനം ചെയ്ത് പതിനൊന്ന് പോലീസുകാര്‍ രക്ഷിച്ചെടുത്തത്.

അപ്പാച്ചിമേട് കഴിഞ്ഞ് സന്നിധാനത്തേയ്ക്ക് നടക്കുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ ശെന്തിലിന് നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് തളര്‍ന്നുവീണ ശെന്തിലിനെ പോലീസുകാര്‍ അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്‍ററിലെത്തിച്ചു. എന്നാല്‍ സര്‍ക്കാര്‍ ആസ്പത്രികളുടെ പതിവ്ഗതികേടായിരുന്നു ഇവിടെയും. ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് ഇവിടെ സ്റ്റോക്കുണ്ടായിരുന്നില്ല. ഉടന്‍ പോലീസുകാര്‍ പമ്പയിലെ സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി.

അവിടെ മരുന്ന് സ്റ്റോക്കുണ്ട്. എന്നാല്‍ അഭൂതപൂര്‍വമായ തിരക്കിനിടെ രണ്ടുകിലോമീറ്റര്‍ താണ്ടി മരുന്ന് അപ്പാച്ചിമേട്ടിലെത്തിക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കുമായിരുന്നു. തുടര്‍ന്നാണ്, പോലീസുകാരുടെ സംഘം പ്രത്യേക ടീമായി ദൗത്യത്തിനിറങ്ങിയത്.

പമ്പയിലെ ആസ്പത്രിയില്‍നിന്ന് തിരക്കിനിടെ തോള്‍ ചേര്‍ന്നുനിന്നും ആളുകളെ വകഞ്ഞുമാറ്റി ഓടിയും വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ച് പോലീസുകാര്‍ ഇരുപതു മിനുട്ടിനകം മരുന്ന് കൈമാറി അപ്പാച്ചിമേട്ടിലെത്തിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ മരുന്ന് ലഭിച്ചതുകൊണ്ടുമാത്രം ശെന്തിലിന്റെ ജീവന്‍ രക്ഷിക്കാനായി. ഗുരുതരാവസ്ഥയിലായിരുന്ന ശെന്തിലിനെ, തുടര്‍ന്ന് പമ്പയിലേക്കും അവിടെനിന്ന് പ്രത്യേക ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.


 

 




MathrubhumiMatrimonial