goodnews head

കടല്‍കടന്ന് സ്നേഹവും സാന്ത്വനവുമായി ഏഗന്‍സും റെബേക്കയും

Posted on: 12 Nov 2008


മുഹമ്മ: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി അതിരുകളില്ലാത്ത സ്നേഹവും സാന്ത്വനവുമായി കടല്‍കടന്ന് എത്തിയിരിക്കുകയാണ് ഏഗന്‍സും റെബേക്കയും. ഓസ്ട്രിയയുടെ തലസ്ഥാന നഗരിയായ വിയന്നയില്‍നിന്നാണ് ഏഗന്‍സും റെബേക്കയും മുഹമ്മയിലെ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളില്‍ എത്തിയത്.

ആലപ്പുഴ ജില്ലയില്‍ ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ പഠിപ്പിക്കുന്ന വിദ്യാലയമാണ് ദീപ്തി സ്‌കൂള്‍. വിയന്നയില്‍നിന്ന് കേരളത്തിലെത്തി, മുഹമ്മ കുപ്ലിക്കാട്ട് കായലോരത്ത് വീടുവെച്ച് താമസിക്കുന്ന കൊമേഴ്‌സ്യല്‍ ജഡ്ജിയായ ക്രൗസില്‍നിന്നാണ് ഏഗന്‍സും റെബേക്കയും ദീപ്തി സ്‌കൂളിനെപ്പറ്റി അറിയുന്നത്. ദീപ്തി സ്‌കൂളിലെ നിത്യസന്ദര്‍ശകനായിരുന്നു ക്രൗസ്. ക്രൗസിന്റെ സ്നേഹിതന്റെ മക്കളാണ് റെബേക്കയും ഏഗന്‍സും.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷമാണ് ഇരുവരും കേരളത്തിലെത്തിയിരിക്കുന്നത്. ആറ് മാസക്കാലം കുട്ടികളെ പരിചരിക്കാനും ഇടപഴകാനുമാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി തലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെപ്പറ്റി പഠിക്കുന്നതിനും പദ്ധതിയുണ്ട്. പഠനത്തിനുശേഷം വീണ്ടും കേരളത്തിലെത്തണമെന്നാണ് ഇവരുടെ ആഗ്രഹം.

 

 




MathrubhumiMatrimonial