
അശരണര്‍ക്ക് കൈത്താങ്ങായി ഇവര്‍...
Posted on: 01 Jan 2012
ടി.സി. പ്രേംകുമാര്‍

പറവൂര്‍: മെയ് 26, പുലര്‍ച്ചെ 2.30 പറവൂര്‍ താലൂക്ക് ഗവ. ആസ്പത്രിയിലെ ഡോ. മനുവിന്റെ മൊബൈലില്‍ നിന്ന് നിര്‍ത്താതെയുള്ള കോള്‍. ജോസഫ് പടയാട്ടിയും അബ്ദുള്‍ സത്താറും സ്വന്തം വീടുകളില്‍ ഉറക്കം വിട്ടുണര്‍ന്നു. ഉടനെ ആസ്പത്രിയിലെത്തണമെന്ന് ഡോക്ടര്‍. ഒരു നിമിഷം പോലും പാഴാക്കിയില്ല. കൈയിലുള്ള പണവുമായി ഇരുവരും ബൈക്കില്‍ ഗവ. ആസ്പത്രിയിലേക്ക്. അത്യാഹിത വിഭാഗത്തില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരച്ഛനും രണ്ടു മക്കളും. ചാവക്കാട്ടുകാരന്‍ മുഹമ്മദും മക്കളുമാണവര്‍.
അടിയന്തര ശുശ്രൂഷ നല്‍കുന്ന ഡോക്ടര്‍ക്കും നഴ്‌സിങ് അസിസ്റ്റന്റിനും കൈത്താങ്ങായി ജോസഫും സത്താറും നിന്നു. പിന്നെ, ആംബുലന്‍സ് സംഘടിപ്പിക്കാന്‍ നെട്ടോട്ടം വേദനയില്‍ പുളയുന്ന മൂന്നുപേരെയും ആംബുലന്‍സില്‍ കയറ്റി എറണാകുളത്തേക്ക്. അവിടെയെത്തി നേരം പുലര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ എത്തും വരെ അവര്‍ക്ക് കൂട്ടായി ഇവര്‍ മാത്രം.
ഗള്‍ഫില്‍ പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ പറവൂരില്‍ വാഹനാപകടത്തില്‍പ്പെട്ടതായിരുന്നു മുഹമ്മദും മക്കളും. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്നത് ജോസഫും സത്താറും ഉള്‍പ്പെട്ട ആറംഗ സംഘത്തിന് പുതുമയല്ല. പറവൂര്‍ താലൂക്ക് ഗവ. ആസ്പത്രിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 'ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലെസ്' (എച്ച് ഫോര്‍ എച്ച്) എന്ന സംഘടനയിലെ ആറു പേരുടെ കൈയും മെയ്യും മറന്ന സഹായങ്ങള്‍ ഏറ്റുവാങ്ങിയവര്‍ നിരവധിയാണ്.
സഹായത്തിന് ആരോരുമില്ലാതെ വരുമ്പോള്‍ ഇവര്‍ ഓടിയെത്തും. പണം മുടക്കേണ്ടി വന്നാലും അതിനും തയ്യാര്‍. ഉപഹാരമോ പ്രതിഫലമോ വേണ്ട. ഏതു നേരത്തും സേവന സന്നദ്ധരായി ദൈവദൂതരെപ്പോലെ പറവൂര്‍ ഗവ. ആസ്പത്രിയില്‍ ഇവരെ കാണാം.
പറവൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മണി ടീച്ചര്‍ മരിച്ചെന്ന് ആദ്യം പോലീസ് വിധിയെഴുതി. ഒരു രാത്രി കാവല്‍ നിന്നു. പിറ്റേന്ന് ഇന്‍ക്വസ്റ്റിനെടുത്തപ്പോള്‍ ടീച്ചര്‍ നിലവിളിച്ചതും വാര്‍ത്തയായിരുന്നു. ഗവ. ആസ്പത്രിയിലെത്തിച്ച ടീച്ചറെ ഡോക്ടര്‍ക്കൊപ്പം പരിചരിക്കാനും വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്തെത്തിക്കാനും മുന്നിലുണ്ടായത് എച്ച്. ഫോര്‍. എച്ച്. പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.
രക്തസ്രാവം ഉണ്ടായ ഗര്‍ഭിണിയെ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ അടിയന്തരമായി രക്തം വേണമെന്ന് ഡോക്ടര്‍. ആലുവ ബ്ലഡ് ബാങ്കില്‍ നിന്ന് ഒരു കുപ്പി രക്തവുമായി ആംബുലന്‍സിന് പാഞ്ഞെത്തിയത് ഇവരിലൊരാള്‍.
യുവതിയുടെ പ്രസവശേഷം ബന്ധുക്കള്‍ പണം സംഘടിപ്പിക്കാന്‍ പോയ നേരം അവരുടെ സ്ഥിതി ഗുരുതരാവസ്ഥയിലായി. ചോരക്കുഞ്ഞിനേയും അമ്മയേയും ഉടന്‍ വിദഗ്ധചികിത്സക്കായി എറണാകുളത്തെത്തിച്ചതും ബൈസ്റ്റാന്റായി നിന്നതും എച്ച് ഫോര്‍ എച്ച് പ്രവര്‍ത്തകരായിരുന്നു.
പറവൂരില്‍ എച്ച് ഫോര്‍ എച്ചിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്ന് ചെയര്‍മാന്‍ ഡോ. മനു പി. വിശ്വം പറഞ്ഞു. ഗവ. ആസ്പത്രിയിലെ അസ്ഥിരോഗ വിദഗ്ധനാണ് അദ്ദേഹം. ആസ്പത്രി സൂപ്രണ്ട് ഡോ. എ. അനിത, മുന്‍ സൂപ്രണ്ട് ഡോ. ടി.ഒ. ഫ്രാന്‍സിസ് എന്നിവര്‍ രക്ഷാധികാരികളാണ്. ഡോ. മനുവിന് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു കിട്ടുന്ന പ്രതിഫലം ഉള്‍പ്പെടെയുള്ള തുക എച്ച് ഫോര്‍ എച്ചിന്റെ പ്രവര്‍ത്തനത്തിനു വിനിയോഗിക്കുന്നു. മറ്റ് അംഗങ്ങള്‍ അവരുടെ വരുമാനത്തിന്റെ ചെറിയൊരു ശതമാനമാവും ഇതിനായി വിനിയോഗിക്കുന്നു.
കണ്‍വീനറായ ജോസഫ് പടയാട്ടി വിന്‍സന്റ് ഡി. പോള്‍ സൊസൈറ്റിയുടെ ഏരിയാ പ്രസിഡന്റുകൂടിയാണ്. സൊസൈറ്റിയുടെ സഹായവും എച്ച് ഫോര്‍ എച്ചിനുണ്ട്. കാഷ്യറായ അബ്ദുള്‍ കരീം പൊതു പ്രവര്‍ത്തകനും ചിറ്റാറ്റുകരയില്‍ മുസ്ലീം ലീഗ് ഭാരവാഹിയുമാണ്. പാരമ്പര്യ തിരുമ്മു ചികിത്സകന്‍ ഹസ്സന്‍കുട്ടി വൈദ്യരും കെ.ജി. അനില്‍ കുമാറുമാണ് മറ്റ് അംഗങ്ങള്‍.
ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയും സംഘവും കഴിഞ്ഞദിവസം പറവൂരിലെത്തി എച്ച് ഫോര്‍ എച്ച് പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തിയിരുന്നു. വീല്‍ ചെയറും വാട്ടര്‍ ബെഡ്ഡും വാക്കറും സ്വന്തമായുള്ള സംഘടനയ്ക്ക് ഒരേയൊരു ആഗ്രഹമുണ്ട്. ഒരു ആംബുലന്‍സു കൂടി വേണം.
