അഭിനന്ദന പ്രവാഹം

Posted on: 23 Oct 2008


ന്യൂഡല്‍ഹി: ചന്ദ്രനിലെ രഹസ്യം തേടിപ്പോകുന്ന 'ചന്ദ്രയാന്‍-ഒന്നി'ന്റെ അണിയറ ശില്പികള്‍ക്ക് രാഷ്ട്രത്തിന്റെ അഭിനന്ദനം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങളാല്‍ മൂടി. 'രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിലെ നാഴികക്കല്ല്' എന്നാണ് ചന്ദ്രയാന്‍ ഒന്നിനെ അവര്‍ വിശേഷിപ്പിച്ചത്.

ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ചന്ദ്രയാന്‍ ഒന്നിന്റെ വിജയം പ്രചോദകമാകട്ടെ എന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്കയച്ച സന്ദേശത്തില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പറഞ്ഞു.
ഒക്ടോബര്‍ 22 രാജ്യത്തിനു നിര്‍ണായക ദിവസമാണെന്ന് അവര്‍ പ്രസ്താവിച്ചു.

ബഹിരാകാശത്ത് സമാധാനപൂര്‍ണമായ പര്യവേക്ഷണം നടത്തുന്നതിനുള്ള രാജ്യത്തിന്റെ ശേഷി ചന്ദ്രയാന്‍-ഒന്നിലൂടെ വീണ്ടും വെളിപ്പെട്ടിരിക്കുകയാണെന്ന് ജപ്പാന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. ഈ വിക്ഷേപണ വിജയം ചരിത്രപരമായ തുടക്കമാണെന്ന് ടോക്കിയോയില്‍ നിന്നയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.ചന്ദ്രയാന്‍ ഒന്നിന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യയ്ക്ക് ചരിത്ര നിമിഷമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി അഭിപ്രായപ്പെട്ടു.

ചന്ദ്രയാന്‍-ഒന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത് കാത്തിരിക്കുകയാണെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം പറഞ്ഞു. ചാന്ദ്ര ദൗത്യത്തിന് തുടക്കം കുറിച്ച ശാസ്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം.ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും അഭിനന്ദിച്ചു. ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായരെ ഫോണില്‍ വിളിച്ച് അദ്ദേഹം
അഭിനന്ദനമറിയിച്ചു. രാജ്യത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ആന്റണി പറഞ്ഞു.

ചന്ദ്രയാന്‍ ദൗത്യത്തിനു വിജയത്തുടക്കം കുറിച്ച ബഹിരാകാശ ഗവേഷകരെ പാര്‍ലമെന്റിന്റെ ഇരുസഭകളും അഭിനന്ദിച്ചു.ഇതുസംബന്ധിച്ച പ്രത്യേക പ്രസ്താവന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി പൃഥ്വീരാജ്ചൗഹാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബുധനാഴ്ച വായിച്ചു.
മന്ത്രിസഭയുടെ അഭിനന്ദനം

തിരുവനന്തപുരം: ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ച ഐ. എസ്. ആര്‍. ഒ.യിലെ ശാസ്ത്രജ്ഞന്മാരെ സംസ്ഥാന മന്ത്രിസഭ അനുമോദിച്ചു.ബുധനാഴ്ച, ചരിത്രദിവസമാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
Tags:   chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial