
മലയാളികളുടെ സ്വന്തം ചന്ദ്രയാന്‍
Posted on: 23 Oct 2008

ഐ.എസ്.ആര്‍.ഒ.യുടെ ചെയര്‍മാനായിരിക്കെ 1999ല്‍ ഡോ. കസ്തൂരിരംഗനാണ് ചന്ദ്രയാന്‍ ഒന്നിന്റെ വിത്തുപാകിയത്. അദ്ദേഹം മുന്നോട്ടുവെച്ച ആശയം പിന്നീട് ഡോ. ജി. മാധവന്‍ നായരുടെ നേതൃത്വത്തിലുള്ള ഐ.എസ്.ആര്‍.ഒ. സംഘം ഏറ്റെടുത്തു. ''ചന്ദ്രയാന്‍ ഇന്ത്യയുടെ സ്വപ്നസംരംഭമാണ്. ഇത്രയും സങ്കീര്‍ണമായൊരു ദൗത്യം ഇതുവരെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം കൈകാര്യം ചെയ്തിട്ടില്ല. ചന്ദ്രയാന്‍ വിക്ഷേപണത്തിനുശേഷം മാധവന്‍നായര്‍ പറഞ്ഞു.
ബാംഗ്ലൂരിലെ സാറ്റലൈറ്റ് സെന്ററിലാണ് 'ചന്ദ്രയാന്‍-1' സാക്ഷാത്കരിക്കപ്പെട്ടത്. നിര്‍ണായകമായ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് പത്തനംതിട്ട സ്വദേശിയായ ഡോ. ടി.കെ. അലക്‌സാണ്. സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടറായ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനിയങ്ങോട്ട് ബാംഗ്ലൂരില്‍ നിന്ന് ചന്ദ്രയാന്റെ നിയന്ത്രണം ഏറ്റെടുക്കുക.
ചന്ദ്രയാനെ വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്ന 'പി.എസ്.എല്‍.വി. 11'നെക്കുറിച്ച് പറയുമ്പോള്‍ നാല് മലയാളി ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. തിരുവനന്തപുരം വി.എസ്.എസ്.സി.ഡയറക്ടറായ കെ. രാധാകൃഷ്ണന്‍, മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ എം.കെ.ജി. നായര്‍, പി.എസ്.എല്‍.വി. പ്രോജക്ട് ഡയറക്ടര്‍ ജോര്‍ജ് കോശി, വെഹിക്കിള്‍ ഡയറക്ടര്‍ സി. വേണുഗോപാല്‍ എന്നിവരാണിവര്‍. ''ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പുതിയൊരു യുഗത്തിന്റെ പിറവിയാണ്''- ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ആഹ്ലാദം പങ്കുവെച്ചുകൊണ്ട് രാധാകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ കുറേ ആഴ്ചകളായി രാപകല്‍ ഈ ദൗത്യത്തിനായി പണിയെടുത്തുകൊണ്ടിരുന്ന ജോര്‍ജ് കോശിയും വേണുഗോപാലും എം.കെ.ജി. നായരും ബുധനാഴ്ച ആവേശത്തിന്റെ ഉന്നതിയിലായിരുന്നു. ''എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഈ മുഹൂര്‍ത്തം പകര്‍ന്ന് തരുന്ന വികാരം അത്രയ്ക്ക് വലുതാണ്''-ജോര്‍ജ് കോശി പറഞ്ഞു.
ചന്ദ്രയാന്‍ വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയും ഗോപുരവും ഒരുക്കിയതും കഴിഞ്ഞ ദിവസങ്ങളില്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വംനല്‍കിയതും സതീഷ് ധവാന്‍ സ്‌പേസ്‌സെന്ററിന്റെ ഡയറക്ടര്‍ എം.സി. ദത്തനാണ്.''വര്‍ഷങ്ങള്‍ നീണ്ട ഒരു ദൗത്യമാണ് ബുധനാഴ്ച സഫലമായത്. ഇതിനുപിറകില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു''-ദത്തന്‍
പറഞ്ഞു.
Tags: chandrayan-1, ISRO, India, NASA, water on moon, space science
