മാനം തെളിഞ്ഞു; ആശങ്ക നീങ്ങി

Posted on: 23 Oct 2008


ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണത്തിനു മുമ്പുള്ള നിമിഷങ്ങളില്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. ജി.മാധവന്‍നായരും സംഘവും.

രണ്ടുമൂന്നു ദിവസമായി ശ്രീഹരിക്കോട്ടയില്‍ തകര്‍ത്തുപെയ്ത മഴയാണ് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തിയത്. ''ചൊവ്വാഴ്ച രാത്രി ഞങ്ങള്‍ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വിക്ഷേപണ വാഹനവും ഭൂതല നിയന്ത്രണ സംവിധാനവും തമ്മിലുള്ള ഏകോപനം പൂര്‍ത്തിയായിരുന്നില്ല. വിക്ഷേപണം മാറ്റിവെക്കേണ്ടിവരുമോയെന്നുപോലും ഭയന്നു''-ചന്ദ്രയാന്‍ ഒന്നിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ബാംഗ്ലൂരിലെ സാറ്റലൈറ്റ് സെന്റര്‍ മേധാവി ഡോ. ടി.കെ.അലക്‌സ് പറഞ്ഞു. ''പക്ഷേ, ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അന്തരീക്ഷം തെളിഞ്ഞു. 6.20 മുതല്‍ അരമണിക്കൂറോളം മഴ തീരെ പെയ്യാതെ മാറിനില്‍ക്കുകയും ചെയ്തു.''

6.22 നും 6.27 നുമിടയില്‍ അഞ്ചു സെക്കന്‍ഡ് മാത്രമാണ് വിക്ഷേപണത്തിനുണ്ടായിരുന്നതെന്നാണ് ശാസ്ത്രജ്ഞരെ സമര്‍ദത്തിലാക്കിയ മറ്റൊരു ഘടകം. പക്ഷേ, എല്ലാം പദ്ധതിയനുസരിച്ച് നീങ്ങിയതോടെ വിക്ഷേപണം കൃത്യസമയത്തുതന്നെ നടത്താന്‍ കഴിഞ്ഞു.

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് 52 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ 49 മണിക്കൂറാക്കി കുറച്ചിരുന്നു. പിന്നെയും പത്തു മണിക്കൂറോളം നഷ്ടപ്പെട്ടതായി ഡോ. ജി. മാധവന്‍നായര്‍ വെളിപ്പെടുത്തി. ''പക്ഷേ, അന്തിമമായി പി.എസ്.എല്‍.വി.യുടേത് ഉജ്ജ്വല പ്രകടനമായിരുന്നു.''


Tags:   chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial