ചാന്ദ്രപര്യവേക്ഷണങ്ങള്‍

Posted on: 21 Oct 2008


ബഹിരാകാശ നിരീക്ഷണത്തിനും ചന്ദ്രനെക്കുറിച്ച് പഠിക്കുന്നതിനും ആദ്യ കാല്‍വെപ്പ് നടത്തിയത് ഗലീലിയോ ആയിരുന്നു. 1609-ല്‍ അദ്ദേഹം ആദ്യമായി രൂപകല്പന ചെയ്ത ടെലസേ്കാപ്പിലൂടെ ചന്ദ്രനെ നിരീക്ഷിച്ചു. ചന്ദ്രനിലെ കുന്നുകളെയും ഗര്‍ത്തങ്ങളെയും കുറിച്ചായിരുന്നു ഗലീലിയോയുടെ പഠനം.
1645-ല്‍ ബല്‍ജിയംകാരനായ മിഖായേല്‍ ഫേ്‌ളാറന്റ് വാന്‍ ലാങ്‌റന്‍ ചന്ദ്രന്റെ മാപ്പ് ഉണ്ടാക്കി. പിന്നീട്, ജോഹാന്‍സ് ഹെവേലിയസ്, ജിയോവാനി ബാറ്റിസ്റ്റ റിക്കിയോളി, റോജര്‍ ജോസഫ് ബോസ്‌കോവിച്ച് തുടങ്ങി പല ശാസ്ത്രജ്ഞരും ചന്ദ്രനെക്കുറിച്ച് പഠനം നടത്തി.
കാലം പുരോഗമിച്ചതോടെ ചന്ദ്രനെ കീഴ്‌പ്പെടുത്താന്‍ സോവിയറ്റ് യൂണിയനും അമേരിക്കയും മത്സരിച്ചു. 1959 സപ്തംബര്‍ 14ന് സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനം ലൂണ-2 ചന്ദ്രനിലിറങ്ങി. ചന്ദ്രനിലിറങ്ങുന്ന ആദ്യ മനുഷ്യനിര്‍മിത ബഹിരാകാശ വാഹനമാണിത്. അതുവരെ ഭൂമിയില്‍നിന്നുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് നടന്നത്.
1966 ഫബ്രവരി മൂന്നിനു ചന്ദ്രനിലിറങ്ങിയ സോവിയറ്റ് യൂണിയന്റെ ലൂണ-9 ചന്ദ്രനില്‍ സഞ്ചരിച്ച് ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചു. ഇതേ വര്‍ഷം മാര്‍ച്ച് 31ന് ലൂണ-10 എന്ന ഉപഗ്രഹവും ചന്ദ്രനിലെത്തി. പിന്നീട് ലൂണ-16, 20, 24 എന്നീ വാഹനങ്ങളും ചന്ദ്രനിലിറങ്ങി.
1969 ജൂലായ് 20ന് ആദ്യമായി മനുഷ്യന്‍ ചന്ദ്രനിലിറങ്ങി. അമേരിക്കയുടെ അപ്പോളോ-11 എന്ന ബഹിരാകാശ വാഹനത്തില്‍ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാല്‍കുത്തി.
1970 നവംബര്‍ 17ന് സോവിയറ്റ് യൂണിയന്റെ ലൂനോ ഖോഡ്-1 എന്ന വാഹനം ചന്ദ്രനിലൂടെ സഞ്ചരിച്ചു. 1972 ഡിസംബറില്‍ അപ്പോളോ-17 എന്ന വാഹനത്തില്‍ യൂജീന്‍ സെര്‍നാന്‍ ചന്ദ്രനില്‍ ഇറങ്ങി നടന്നു. ചന്ദ്രനിലെത്തിയ അവസാന സഞ്ചാരി ഇദ്ദേഹമാണ്.
1960-കളിലും 70-കളിലുമായി 65 തവണ ചന്ദ്രനില്‍ വാഹനങ്ങള്‍ പോയിട്ടുണ്ട്.
ലൂണ-16, 20, 24 അപ്പോളോ-11, 17 എന്നീ വാഹനങ്ങളെല്ലാം ചന്ദ്രനില്‍നിന്നുള്ള പാറകള്‍ ഭൂമിയിലെത്തിച്ചിരുന്നു.
ചന്ദ്രനെ വലംവെച്ച മൂന്നാമത്തെ രാജ്യം ജപ്പാനാണ്. 1990-ല്‍ ജപ്പാന്റെ ഹിറ്റന്‍ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുവെങ്കിലും വിവര വിനിമയ സംവിധാനം തകരാറിലായതോടെ ദൗത്യം ഉപേക്ഷിച്ചു. 1994-ലും 98-ലും 'നാസ' ചന്ദ്രനിലേക്ക് വാഹനങ്ങള്‍ അയച്ചു. ക്ലിമെന്റയിന്‍, ലൂണാര്‍ പ്രോസ്​പക്ടര്‍ എന്നിവയായിരുന്നു ഇത്. 2003 സപ്തംബര്‍ 27ന് യൂറോപ്യന്‍ സ്‌പെയിസ് ഏജന്‍സി സ്മാര്‍ട്ട്-1 എന്ന വാഹനത്തെ ചന്ദ്രനിലെത്തിച്ചു. ചന്ദ്രന്റെ ത്രിമാന ചിത്രങ്ങളെടുക്കുകയായിരുന്നു ലക്ഷ്യം. 2007-ല്‍ ചൈന ചാങ് എന്ന വാഹനം ഭ്രമണപഥത്തിലെത്തിച്ചു. 2012-ല്‍ ഒരു ബഹിരാകാശ വാഹനത്തെ ചന്ദ്രനിലിറക്കാന്‍ ചൈന പദ്ധതിയിട്ടിട്ടുണ്ട്. 2017-ല്‍ ചന്ദ്രനിലെ പാറക്കഷ്ണങ്ങള്‍ ഭൂമിയില്‍ എത്തിക്കാനുള്ള ദൗത്യത്തിനും ലക്ഷ്യമിട്ടിട്ടുണ്ട്.
2020-നു മുമ്പ് ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ദൗത്യത്തിനായി ചൈന റഷ്യയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ ജപ്പാനും പദ്ധതിയുണ്ട്. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിക്കും ഈ ലക്ഷ്യമുണ്ട്. 2020-ല്‍ ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് 2004-ല്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ലോകരാജ്യങ്ങള്‍ വിപ്ലവം സൃഷ്ടിക്കുന്ന കാലമാണ് വരാന്‍പോകുന്നത്.
Tags:   chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial